'ബേടി ബച്ചാവോ, ബേടി പഠാവോ' എന്ന കാമ്പയിനിന് കീഴിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ൽ തുടക്കം കുറിച്ച പദ്ധതി; പെൺകുട്ടികൾക്ക് സുരക്ഷിതമായ ഭാവി ഒരുക്കുകയാണ് സുകന്യ സമൃദ്ധി യോജനയിലൂടെ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കായി സുകന്യ സമൃദ്ധി യോജന അക്കൗണ്ട് തുറന്ന് പൈസ നിക്ഷേപം ആരംഭിക്കാം. പെൺകുട്ടിയുടെ ജനനം മുതൽ 10 വയസ് തികയുന്നതിന് മുൻപ് വരെ മാതാപിതാക്കൾക്കോ നിയമപരമായ രക്ഷിതാക്കൾക്കോ മകളുടെ പേരിൽ അക്കൗണ്ട് തുറക്കാവുന്ന രീതിയിലാണ് പദ്ധതി.
ഒരു കുട്ടിക്ക് ഒരു അക്കൗണ്ട് മാത്രം
എന്നാൽ, ഒരു കുട്ടിയുടെ പേരില്‍ ഒരു അക്കൗണ്ട് മാത്രമാണ് അനുവദിക്കുന്നത്. പരമാവധി രണ്ട് കുട്ടികളുടെ പേരില്‍ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാം. ഒന്നാമത്തെയോ രണ്ടാമത്തെയോ പ്രസവത്തിൽ ഇരട്ട പെൺകുട്ടികളും, മറ്റൊരു മകളുമുണ്ടെങ്കിൽ മൂന്നാമത്തെ അക്കൗണ്ട് തുറക്കാൻ അനുവദിക്കും.
പെൺകുഞ്ഞിന്‍റെ വിദ്യാഭ്യാസ, വിവാഹ ചെലവുകൾ നിറവേറ്റുന്നതിനായുള്ള നിക്ഷേപമായാണ് ഈ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നത്.
ഏറ്റവും ചുരുങ്ങിയത് 250 രൂപ മുതൽ സ്‌കീമിലേക്ക് നിക്ഷേപിക്കാം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ പരമാവധി 1,50,000 രൂപ വരെയാണ് നിക്ഷേപിക്കുവാനാവുന്നത്. സ്‌കീമിൽ അംഗമായത് മുതൽ 21 വർഷത്തേക്കായാണ് സുകന്യ സമൃദ്ധി യോജന.
പലിശ നിരക്ക്
സുകന്യ സമൃദ്ധി യോജന അക്കൗണ്ടിന്‍റെ പലിശ നിരക്ക് ഇന്ത്യൻ ധനമന്ത്രാലയം സമയാസമയങ്ങളിൽ അറിയിക്കുന്നുണ്ട്.
എസ്എസൈ്വ പദ്ധതിയിലെ നിക്ഷേപത്തിലെ മുതല്‍മുടക്ക്, നേടിയ പലിശ, മെച്വൂരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവ നികുതി മുക്തമാണ്. ആദായ നികുതി നിയമത്തിലെ വകുപ്പ് 80സി പ്രകാരവും നികുതി ഇളവുകൾ ലഭിക്കും. ഇതിന് പുറമെ, അക്കൗണ്ട് ആരംഭിച്ചിരിക്കുന്ന ബാങ്കില്‍ നിന്നോ പോസ്റ്റ് ഓഫീസില്‍ നിന്നോ അക്കൗണ്ട് മാറ്റം ചെയ്യാമെന്നതും ഇതിന്‍റെ വലിയ പ്രത്യേകതയാണ്.
3,000 രൂപയാണ് ഒരു മാസത്തെ നിക്ഷേപമെന്നിരിക്കട്ടെ. ഇത് ഒരു വർഷമാകുമ്പോൾ, 36,000 രൂപയാകുന്നു. 14 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാകുമ്പോള്‍ പദ്ധതിയിലൂടെ ലഭിക്കുന്ന തുക 9,11,574 രൂപയായിരിക്കും. ഇത് 21 വര്‍ഷത്തെ മെച്യൂരിറ്റി കാലയളവ് പൂര്‍ത്തിയാക്കിയാൽ 15,22,221 രൂപയായിരിക്കും കൈയിൽ ലഭിക്കുന്നത്.
പദ്ധതിയിൽ പങ്കാളിയാകാൻ ആഗ്രഹിക്കുന്നെങ്കിൽ....
എസ്എസ്‌വൈ പദ്ധതിയിൽ പങ്കുചേരുന്നതിന് ആവശ്യമായ രേഖകൾ: സുകന്യ സമൃദ്ധി യോജന ഫോം, പെൺകുഞ്ഞിന്‍റെ ജനന സർട്ടിഫിക്കറ്റ്, നിക്ഷേപകന്‍റെ അഥവാ രക്ഷിതാവിന്‍റെ പാസ്‌പോർട്ട്, പാൻ കാർഡ്, ഇലക്ഷൻ ഐഡി, മെട്രിക്കുലേഷൻ സർട്ടിഫിക്കറ്റ് എന്നീ തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലും, വൈദ്യുതി അല്ലെങ്കിൽ ടെലിഫോൺ ബിൽ, റേഷൻ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, ഇലക്ഷൻ കാർഡ് മുതലായ നിക്ഷേപകന്‍റെ മേൽവിലാസം തെളിയിക്കുന്നതിനായുള്ള രേഖ.
അടുത്തുള്ള ഏതെങ്കിലും വാണിജ്യ ബാങ്കിലോ, അംഗീകൃത പോസ്റ്റ് ഓഫിസ് ശാഖയിലോ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് ആരംഭിക്കാനാകും. അക്കൗണ്ട് തുറക്കുന്നതിനായി അപേക്ഷാ ഫോറത്തിനോപ്പം മേൽപ്പറഞ്ഞ രേഖകളും സമർപ്പിക്കണം.
18 വയസായാൽ പണം പിൻവലിക്കാം
18 വയസ് പൂര്‍ത്തിയായ ശേഷം അക്കൗണ്ട് തുറന്ന ബാങ്കിലോ പോസ്റ്റ് ഓഫിസിലോ ആവശ്യമായ രേഖകൾ സമര്‍പ്പിച്ച് പെണ്‍കുട്ടിയ്ക്ക് നേരിട്ട് അക്കൗണ്ട് കൈകാര്യം ചെയ്യാം. കൂടാതെ, 18 വയസ് തികഞ്ഞാൽ പെണ്‍കുട്ടിയ്ക്ക് പണം പിൻവലിക്കാം. പത്താം ക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയാലും പണം പിന്‍വലിക്കുവാന്‍ സാധിക്കുന്നതാണ്.
പിന്നീട് അക്കൗണ്ടിലുള്ള തുകയുടെ 50 ശതമാനം വിവാഹത്തിനോ ഉപരി പഠനത്തിനോ ആയി പിന്‍വലിക്കാം.
Share your comments