1. വിഷുവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയ കർഷകർക്ക് തിരിച്ചടിയായി കടുത്ത വേനൽ. വേനൽ തുടങ്ങുന്നതിന് മുമ്പ് തന്നെ പാടശേഖരങ്ങൾക്ക് സമീപത്തെ കുളങ്ങളും തോടുകളും വറ്റിയതോടെ പച്ചക്കറി കൃഷികളും, വാഴകളും കരിഞ്ഞുണങ്ങി തുടങ്ങി. ഇതോടെ കർഷകർക്ക് നഷ്ടം ലക്ഷങ്ങളാണ്. തൃശ്ശൂർ മലപ്പുറം ജില്ലാ അതിർത്തിയിലെ പാടങ്ങളിൽ ഏകദേശം 500 ഏക്കറിലധികം നെൽകൃഷിയാണ് നശിച്ച് പോയത്. മാത്രമല്ല പലയിടങ്ങളിലായി ഹെക്ടർ കണക്കിന് വാഴകൃഷിയാണ് നശിച്ച് പോയത്. റംസാൻ വിഷു ലക്ഷ്യമിട്ട് കൃഷി ചെയ്ത കൈതച്ചക്ക, ഓണവിപണി ലക്ഷ്യമിട്ട് കൃഷി ചെയ്ത ഏത്തവാഴ, ഞാലിപ്പൂവൻ എന്നിങ്ങനെയുള്ള വാഴകളും കടുത്ത വേനലിൽ നിലംപൊത്തി.
2. യുവകർഷകൻ രാഹുൽ രവീന്ദ്രൻ്റെ കൃഷിയിടത്തിൽ കണി വെള്ളരി വിളവെടുത്തു. കാസർഗോഡ് ജില്ലയിലെ, നീലേശ്വരത്തെ, കാലിച്ചാനടുക്കം എന്ന സ്ഥലത്ത് ഒൻമ്പതര ഏക്കർ സ്ഥലത്ത് വിവിധങ്ങളായ പച്ചക്കറി വിളകൾ കൃഷിചെയ്യുന്നു. വിഷുവിന് മലയാളികൾക്ക് കണിയൊരുക്കുവാനായി 50 സെൻ്റ് സ്ഥലത്ത് കണിവെള്ളരി കൃഷിയിറക്കി. ഈവർഷം നൂറുമേനി വിളവാണ് ലഭിച്ചത്. ഒരു കിലോ കണിവെള്ളരിക്ക് 35 രൂപാ നിരക്കിൽ 1500 കിലോ കണിവെള്ളരി വിളവെടുത്ത് വിപണനം ചെയ്തു. ഈ വർഷം കണിവെള്ളരിക്ക് നല്ല ഡിമാൻ്റാണ് എന്നാണ് യുവ കർഷകനായ രാഹൂൽ രവീന്ദ്രൻ പറയുന്നത്. സ്വർണ്ണ നിറമുള്ള കണിവെള്ളരിക്കാണ് വിപണിയിൽ ആവശ്യക്കാർ ഏറെയുള്ളത്.
3. ഗൾഫ് മലയാളികളുടെ വിഷു ആഘോഷത്തിന് കൊച്ചി അന്താരാഷ്ട വിമാനത്താവളം വഴി നാല് ദിവസങ്ങളിലായി 1500 ടൺ പച്ചക്കറി കയറ്റി അയക്കും. വിഷുക്കണി കാണാനുള്ള വിഭവങ്ങളാണ് ഇതിൽ കൂടുതലായും അടങ്ങിയിരിക്കുന്നത്. കണിക്കൊന്ന, ചക്ക, മാങ്ങ, അച്ചിങ്ങ, കുമ്പളങ്ക, തക്കാളി, വെണ്ടക്ക, മത്തങ്ങ, കോവക്ക, തുടങ്ങിയവയാണ് കയറ്റി വിടുന്നത്. കഴിഞ്ഞ വർഷം വിഷു സീസണിൽ 1300 ടൺ പച്ചക്കറിയാണ് കൊച്ചിയിൽ നിന്നും കയറ്റുമതി ചെയ്തത്.
4. യുഎഇയിൽ അടുത്തയാഴ്ച കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിങ്കൾ മുതൽ ബുധൻ വരെയാണ് മഴയ്ക്ക് സാധ്യത. മഴയ്ക്ക് പുറമേ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. കടലിൽ ഇറങ്ങുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്.
Share your comments