1. സപ്ലൈക്കോ സംഘടിപ്പിക്കുന്ന ക്രിസ്തുമസ്- ന്യൂ ഇയർ ഫെയർ നാളെ ആരംഭിക്കും, ക്രസ്തുമസ്-ന്യൂ ഇയർ ആഘോഷത്തിൻ്റെ ഭാഗമായാണ് സപ്ലൈക്കോ ഫെയർ സംഘടിപ്പിക്കുന്നത്. തിരുവന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സംസ്ഥാനതല ഉദ്ഘാടനം നടക്കുന്നത്, ഇത് കൂടാതെ തൃശ്ശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നീ ജില്ലകളിലും ചന്തകൾ ഉണ്ടാകും. മാത്രമല്ല ഹോർട്ടികോർപ്പിൻ്റേയും മിൽമയുടേയും സ്റ്റാളുകളും ഇതിനോടൊപ്പം ഉണ്ട്. സബ്സിഡി സാധനങ്ങൾക്ക് മാത്രമല്ല ഇതരസാധനങ്ങൾക്കും വിലക്കിഴിവ് ഉണ്ട്. ചന്തകൾക്കായി 19 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്. ഈ മാസം 23 മുതൽ കൺസ്യൂമർ ഫെഡിൻ്റെ ക്രിസ്തുമസ്-പുതുവത്സര ചന്തകൾ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രവർത്തിക്കും, 2 ചന്തകളും ഡിസംബർ 30നാണ് സമാപിക്കുക.
2. കൂനമ്മാവ് കെ.സി.എം. ഐടിസിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെറു ധാന്യകൃഷി തുടങ്ങി. 2023 അന്താരാഷ്ട്ര ചെറുധാന്യവർഷാചരണത്തിന്റെ ഭാഗമായി കോട്ടുവള്ളി കൃഷിഭവൻ നടപ്പിലാക്കുന്ന ചെറുധാന്യകൃഷി വ്യാപന പദ്ധതിയായ കോടുവള്ളി മില്ലറ്റ് വേൾഡ് പ്രോഗ്രാമിന്റെ ഭാഗമായി കെ.സി.എം ഐടിസി അംഗണത്തിലെ ഒരേക്കർ സ്ഥലത്ത് ചെറുധാന്യ കൃഷി തുടങ്ങിയത്. വിത്തുവിതയുടെ ഉദ്ഘാടനം കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. ബിജു പഴമ്പിള്ളി ഉദ്ഘാടനം ചെയ്തു. മണിച്ചോളം, തിന , കമ്പ്, റാഗി എന്നീ ചെറുധാന്യങ്ങളാണ് കൃഷിചെയ്യുന്നത്.
3. മത്സ്യവകുപ്പിന്റെ സോഫ്റ്റ്‌വെയറായ FIMS ഇനിയും രജിസ്റ്റർ ചെയ്യാത്ത ക്ഷേമനിധി അംഗത്വമുള്ള മത്സ്യത്തൊഴിലാളികളും അനുബന്ധത്തൊഴിലാളികളും, പെൻഷണർമാരും അതാത് മത്സ്യബോർഡ് ഫിഷറീസ് ഓഫീസുമായി ബന്ധപ്പെട്ട് ഡിസംബർ 31നകം തന്നെ FIMS ൽ അവരുടെ പേരു വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. ഇതിനായി മത്സ്യത്തൊഴിലാളി പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക്, ആശ്രിതരുടെ ആധാർ കാർഡ് എന്നിവയുടെ പകർപ്പുകൾ സഹിതം ചുമതലയുള്ള ഫിഷറീസ് ഓഫീസറുമായി ബന്ധപ്പെടണം. പെൻഷൻ കൈപ്പറ്റിയവർ പെൻഷൻ പാസ്ബുക്ക് ഹാജരാക്കണം. ക്ഷേമനിധി പാസ്ബുക്കിൽ 12 അക്ക FIMS ID നമ്പർ ലഭിച്ചവരും, മത്സ്യവകുപ്പ് മുഖേന നടപ്പിലാക്കുന്ന സമ്പാദ്യ സമാശ്വാസ പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നവരും വീണ്ടും FIMS ൽ രജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ല എന്നും മത്സ്യബോർഡ് കമ്മിഷണർ അറിയിച്ചു.
Share your comments