സപ്ലൈകോയുടെ രണ്ടാം ഘട്ട നെല്ല് സംഭരണത്തിൽ 1512 ടൺ നെല്ല് സംഭരിച്ചു . നാലര കോടിയുടെ രൂപയുടെ മൂല്യമാണ് ഇത് വഴി സപ്ലൈകോയ്ക്ക് നേടാനായത്. കഴിഞ്ഞ വർഷം ഒരു ലക്ഷം ടൺ നെല്ലാണ് നെല്ല് സംഭരണം പൂർത്തിയായപ്പോൾ കർഷകരിൽ നിന്ന് സംഭരിച്ചത്. ഈ വർഷവും അത്ര തന്നെ നെല്ലാണ് സപ്ലൈകോ പ്രതീക്ഷിക്കുന്നത്. 59 മില്ലുകളാണ് നെല്ലെടുപ്പിനായി സപ്ലൈകോയുമായി കരാറിലേർപ്പെട്ടിരിക്കുന്നത്. നെല്ല് സംഭരണം ലക്ഷ്യമാക്കി നടത്തുന്ന രണ്ടാംഘട്ട രജിസ്‌ട്രേഷനിൽ ഇതിനകം പങ്കാളികളായത് 24391 കർഷകർ.
2020 ജൂണിലാണ് നെല്ല് സംഭരണം പൂർത്തിയാക്കുക. നെല്ലു സൂക്ഷിക്കാനുള്ള ഗോഡൗണുകളുടെ പട്ടികയും തയാറായിട്ടുണ്ട്. കർഷകർക്ക് സ്വകാര്യ മില്ലുകൾ നൽകുന്നതിനേക്കാൾ അധിക തുകയാണ് സംഭരണ വിലയായി സപ്ലൈകോ നൽകുന്നത്. പുറത്ത് 18/19 രൂപ സംഭരണ വിലയായി നൽകുമ്പോൾ സപ്ലൈകോ നൽകുന്നത് കിലോഗ്രാമിന് 26.95 രൂപയാണ്.www.supplycopaddy.in എന്ന സൈറ്റ് വഴിയാണ്കർഷകർ നേരിട്ട് രജിസ്റ്റർ ചെയ്യേണ്ടത്.
അതേസമയം രണ്ടാംഘട്ട ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യാനുള്ള അവസരം അവസാന നിമിഷം വരെ കർഷകർ വൈകിപ്പിക്കരുതെന്ന് സപ്ലൈകോ അറിയിച്ചു. വയലിൽ കൃഷി ഇറക്കിയ എല്ലാവർക്കും ഇപ്പോൾ രജിസ്റ്റർ ചെയ്യാം.എത്രയും വേഗം രജിസ്റ്റർ നടപടികൾ പൂർത്തിയായാൽ മാത്രമാണ് അധികൃതർക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാനാവൂ. വയൽ പരിശോധിച്ച് ശുപാർശ ചെയ്യേണ്ട കൃഷി ഉദ്യോഗസ്ഥർ അപേക്ഷകൾ പാഡി ഓഫീസിലേക്ക് അയക്കും. അവിടെ നിന്ന് കൊയ്ത്ത് തീയതിക്കകം പൂർത്തിയാക്കേണ്ട മറ്റു പ്രവർത്തനങ്ങൾക്കും അവരവരുടെ ജോലികൾ സമയബന്ധിതമായി തീർക്കാനും, കൊയ്ത്തിനു അഞ്ച് ദിവസം മുൻപു തന്നെ, നെല്ല് ഏറ്റെടുക്കേണ്ട മില്ല് അനുവദിച്ച്, കർഷകരെ അറിയിക്കാനും നേരത്തെ ചെയ്യാനും സാധിക്കും. കൊയ്ത്തു കഴിഞ്ഞ്, നെല്ല് പാടത്ത് സൂക്ഷിക്കേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനും ഇത് സഹായിക്കും.
രജിസ്ട്രേഷന് വേണ്ടത് ഇവ
കർഷകന്റെ പേര്
മേൽവിലാസം
കൃഷിസ്ഥലത്തിന്റെ വിസ്തീർണം
സർവേ നമ്പർ
മൊബൈൽ നമ്പർ
ആധാർ നമ്പർ
ബാങ്ക് അക്കൗണ്ട് നമ്പർ
ബാങ്കിന്റെ ശാഖയുടെ പേര്
ഐ.എഫ്.എസ്.സി കോഡ്
ശ്രദ്ധിക്കേണ്ടത് ഇവ
എൻ.ആർ.എ, എൻ.ആർ.ഒ, സീറോബാലൻസ് അക്കൗണ്ടുകൾ, ലോൺ അക്കൗണ്ടുകൾ, ഇടപാടുകൾ ഇല്ലാത്ത അക്കൗണ്ടുകൾ എന്നിവ രജിസ്‌ട്രേഷന് ഉപയോഗിക്കരുത്.
ഉമ, ജ്യോതി, മട്ട, വെള്ള നെൽവിത്തുകൾക്ക് പ്രത്യേകം രജിസ്‌ട്രേഷൻ
താത്കാലിക കൃഷിയാണെങ്കിൽ ഭൂവടമയുടെ പേരും വിലാസവും ഉൾപ്പെടുത്തി നിശ്ചിതമാത്യകയിലുള്ള സത്യവാങ്മൂലം 200 രൂപയുടെ മുദ്രപത്രത്തിൽ രേഖപ്പെടുത്തി സമർപ്പിക്കണം. സത്യവാങ്മൂലത്തിന്റെ മാത്യക വെബ്‌സൈറ്റിൽ ലഭ്യം
രജിസ്‌ട്രേഷൻ പൂർത്തിയാകുമ്പോൾ ലഭിക്കുന്ന പ്രിന്റൗട്ട്, അനുബന്ധരേഖകൾ സഹിതം അതത് കൃഷിഭവനിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം സമർപ്പിക്കണം.
വിത്ത് വിതച്ച് 60 ദിവസത്തിനകം രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കണം.
നെല്ല് സംഭരിക്കുന്ന തീയതി, സംഭരണകേന്ദ്രം എന്നിവ കർഷകരെ നേരിട്ട് അറിയിക്കും.
സപ്ലൈകോയ്ക്ക് നെല്ല് നൽകുന്ന കർഷകൻ പി.ആർ.എസ് ലഭിച്ചാലുടൻ രജിസ്റ്റർ ചെയ്ത ബാങ്കിൽ ഏൽപ്പിച്ച് ലോൺ നടപടികൾ പൂർത്തിയാക്കി തുക കൈപ്പറ്റണം..
Share your comments