സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ‘സ്വധാർ ഗൃഹ്’
സമൂഹത്തിൽ സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് സ്വധാർ ഗൃഹ്. പ്രതിസന്ധികളും ചൂഷണവും നേരിടുന്ന സ്ത്രീകൾക്കും പെൺകുട്ടികൾക്കും താമസസൗകര്യം, പുനരധിവാസം, വൈദ്യസഹായം, നിയമസഹായം മുതലായവ നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ വനിതാശിശു വികസന വകുപ്പ് നടപ്പാക്കുന്ന പദ്ധതിയാണിത്.
ബന്ധപ്പെട്ട വാർത്തകൾ: വിദ്യാർഥിനികൾക്ക് ‘ഷീ പാഡ്’; സ്ത്രീ സുരക്ഷയ്ക്കായി ‘കനൽ’
മാനസികമായി പ്രയാസം നേരിടുന്ന സ്ത്രീകൾക്ക് വൈകാരിക പിന്തുണ നൽകി പുതിയ ജീവിതം നൽകുകയാണ് ഈ പദ്ധതി. എൻജിഒകൾ മുഖേന നടപ്പാക്കുന്ന പദ്ധതിയുടെ നടത്തിപ്പിനാവശ്യമായ തുകയുടെ 60 ശതമാനം കേന്ദ്രസർക്കാരും 40 ശതമാനം സംസ്ഥാന സർക്കാരും നൽകുന്നു. സംസ്ഥാനത്തെ 4 ജില്ലകളിൽ നിന്നുള്ള 7 എൻജിഒകൾ മുഖേനയാണ് സ്വധാർ ഗൃഹ് നടപ്പാക്കുന്നത്. കേരള സോഷ്യൽ വെൽഫയർ ബോർഡിന്റെ നേതൃത്വത്തിലാണ് എൻജിഒ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്.
ഗാർഹിക പീഡനം നേരിടുന്നവർക്ക് പരമാവധി ഒരു വർഷം വരെ താമസ സൗകര്യം ഒരുക്കുന്നു. മറ്റ് വിഭാഗത്തിൽ ഉള്ളവർക്ക് പരമാവധി 3 വർഷം വരെ താമസ സൗകര്യം ലഭിക്കും. 55 വയസിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്ക് പരമാവധി 5 വർഷം വരെ താമസ സൗകര്യം ലഭിക്കുന്നു. ശേഷം അവരെ വൃദ്ധസദനങ്ങളിലേക്ക് മാറ്റി പാർപ്പിക്കും. 18 വയസ് വരെയുള്ള പെൺമക്കളെയും 8 വയസ് വരെയുള്ള ആൺകുട്ടികളെയും ഗുണഭോക്താക്കൾക്കൊപ്പം താമസിക്കാൻ അനുവദിക്കും.
എന്തൊക്കെ സേവനങ്ങൾ?
- താൽക്കാലിക താമസസൗകര്യം, ഭക്ഷണം, വൈദ്യസഹായം എന്നിവ നൽകുന്നു.
- തൊഴിൽ പരിശീലനങ്ങൾ നൽകി പുനരധിവസിപ്പിക്കുകയും, കൗൺസിലിംഗ് നൽകുകയും, നിയമസഹായം നൽകുകയും ചെയ്യുന്നു.
ഗുണഭോക്താക്കൾ ആരൊക്കെ?
- ഉപേക്ഷിക്കപ്പെട്ടവരോ, സാമൂഹികമായും സാമ്പത്തികമായും പിന്തുണയില്ലാത്തവരോ ആയവർ
- പ്രകൃതിദുരന്തങ്ങൾ മൂലം വീട് നഷ്ടപ്പെട്ടവർ
- ജയിൽമോചിതരായ സ്ത്രീകൾ
ഭിന്നശേഷിക്കാരായ അമ്മമാർക്ക് മാതൃജ്യോതി
ഭിന്നശേഷിക്കാരായ അമ്മമാർക്ക് കുഞ്ഞിന് രണ്ട് വയസ് തികയുന്നത് വരെ പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന പദ്ധതിയാണ് മാതൃജ്യോതി. ഉപജീവന മാർഗങ്ങളില്ലാതെ കഴിയുന്ന അമ്മമാർക്ക് പൂർണ സമയവും കുഞ്ഞിനോടൊപ്പം ചെലവഴിക്കാൻ സഹായിക്കുന്നതിനാണ് ഈ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളത്.
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്ന അമ്മമാർക്ക് ഇതിലൂടെ കുഞ്ഞിന് മികച്ച പരിചരണം നൽകാൻ സാധിക്കും. 2021-22ൽ മാതൃജ്യോതി പദ്ധതി പ്രകാരം 79 പേർക്കാണ് ധനസഹായം ലഭിച്ചത്.
പദ്ധതിയുടെ വിശദ വിവരങ്ങൾ
- വാർഷികവരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ളവർക്കാണ് ആനുകൂല്യം ലഭിക്കുക.
- വരുമാന സർട്ടിഫിക്കറ്റ്, ഭിന്നശേഷി തെളിയിക്കുന്ന രേഖകൾ സഹിതം ജില്ലാ സാമൂഹികനീതി ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്.
- പരമാവധി രണ്ടു തവണ മാത്രമാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക.
- അപേക്ഷകയുടെ സ്ഥിരമായി താമസിക്കുന്ന ജില്ലയിലാണ് അപേക്ഷ നൽകേണ്ടത്.
- ദമ്പതികളിൽ രണ്ടുപേരും വൈകല്യം ബാധിച്ചവരാണെങ്കിൽ മുൻഗണന ലഭിക്കും. രണ്ടുപേരുടെയും മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഭർത്താവിന്റെ ഭിന്നശേഷി 40 ശതമാനത്തിൽ കൂടുതലായിരിക്കണം.
Share your comments