ആലപ്പുഴ: ലോകമേ തറവാട്- ബിനാലെ വേദിയില്‍ പൊന്നാനി മഷിയില്‍ വിസ്മയം തീര്‍ത്ത് പൊന്നാനി സ്വദേശിയായ കലാകാരന്‍ താജ് ബക്കര്‍.
രാസവസ്തുക്കള്‍ പാടെ ഉപയോഗിക്കാതെ കുന്നക്കായുടെ തൊലി കരിച്ച് ആ മരത്തിന്റെ തന്നെ കറ പശയായി ഉപയോഗിച്ചാണ് ഈ മഷി നിര്‍മിച്ചെടുക്കുന്നത്.
പുരാതന കാലത്ത് മുസ്ലിം മതഗ്രന്ഥങ്ങള്‍ രചിക്കാന്‍ ഉപയോഗിച്ചിരുന്നതാണീ മഷി. പൊന്നാന്നായില്‍ നിന്നാണീ മഷിയുടെ ഉത്പ്പാദനം. പൊന്നാനിയുടെ പശ്ചാത്തലത്തില്‍ വരച്ച ചിത്രങ്ങളാണ് ഇദ്ദേഹം ബിനാലെ വേദിയില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
യാതൊരു തരത്തിലുള്ള രാസവസ്തുക്കളും ഉപയോഗിക്കാതെ തികച്ചും പ്രകൃതി ദത്തമായ രീതിയില്‍ നിലവില്‍ പൊന്നാനിയിലുള്ള ഒരാള്‍ മാത്രമാണ് ഈ മഷിയുടെ ഉത്പ്പാദനം നടത്തുന്നത്. ഒരുമാസത്തോളമെടുക്കും ഈ മഷി ഉണ്ടാക്കിയെടുക്കാന്‍. മഴക്കാലമൊഴികെയുള്ള സമയത്താണിവ നിര്‍മിക്കുന്നത്.
പൊന്നാനിയിലെ തീര ദേശം, മത്സ്യതൊഴിലാളികള്‍, പുരാതന കാലത്ത് ചരക്ക് നീക്കത്തിനായി ഉപയോഗിച്ചിരുന്ന പ്രത്യേക തരം വള്ളങ്ങള്‍, അവിടുത്തെ രാഷ്ട്രീയം, ഇലകള്‍ പച്ച എന്ന പേരില്‍ കേരളത്തില്‍ കാണപ്പെടുന്ന വിവിധ മരങ്ങളുടെ ചിത്രങ്ങള്‍, ചക്ക, മാങ്ങ, തേങ്ങ, കോഴി, നായ, പൂച്ച തുടങ്ങി നിരവധി ചിത്രങ്ങളാണ് ഈ മഷികൊണ്ട് വരച്ച് ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.
രാജ്യാന്തര തരത്തില്‍ തന്നെ സോഷ്യല്‍ മീഡിയാ ചലഞ്ചായി മാറിയ 'ഇന്‍ക് ടോബര്‍' സിരീസിന്റെ ഭാഗമായാണ് താജ് ബക്കര്‍ ഈ ചിത്രങ്ങള്‍ വരച്ച് തുടങ്ങിയത്.
Share your comments