സംസ്ഥാനത്തെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് മേയില്‍ കിലോക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്കാന് സര്‍ക്കാര്‍ തീരുമാനം. നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റേഷന്‍ വിഹിതം കുറവായ സാഹചര്യത്തിലാണ് 22 രൂപക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച അരി 50 ലക്ഷത്തോളം കുടുംബങ്ങള്‍ക്ക് അധികമായി നല്കാന് തീരുമാനിച്ചത്. ഇതിന് പുറമെ മുന്മാസങ്ങളെപ്പോലെ നീല കാര്‍ഡുകാര്‍ക്ക് ആളൊന്നിന് രണ്ട് കിലോ അരി നാല് രൂപ നിരക്കിലും വെള്ള കാര്‍ഡിന് രണ്ട് കിലോ അരി 10.90 രൂപ നിരക്കിലും ലഭിക്കും.
മഞ്ഞ കാര്‍ഡുകാര്‍ക്ക് നേരത്തെപ്പോലെ 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കും.ഇതിന് പുറമെ ലോക്ഡൗണ്‍ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്കുന്ന അഞ്ച് കിലോ അരിയും (ആളൊന്നിന്) കാര്‍ഡിന് ഒരു കിലോ കടല/ ചെറുപയറും ലഭിക്കും. പിങ്ക് കാര്‍ഡുകാര്‍ക്കും ആളൊന്നിന് നാലുകിലോ അരിയും ഒരു കിലോ ഗോതമ്പിന്പുറമെ കേന്ദ്രം നല്കുന്ന അഞ്ച് കിലോ അരിയും കടല അല്ലെങ്കില്‍ പയറും ലഭിക്കും. കടല തെക്കന്‍കേരളത്തിലും പയര്‍ വടക്കന്‍കേരളത്തിലും വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.
തെക്കന്കേരളത്തില് ബുധനാഴ്ച മുതല്‍ വിതരണം ആരംഭിക്കും. വടക്കന്‍കേരളത്തില്‍ ഏഴിനുശേഷമാകും ചെറുപയര്‍ വിതരണം. ഈമാസം എട്ടോടെ 25.05 ലക്ഷം വരുന്ന നീല കാര്‍ഡുകാര്‍ക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ സൗജന്യ പലവ്യഞ്ജനക്കിറ്റ് വിതരണം ആരംഭിക്കും. അതിനാല്‍ റേഷന്‍കടകളിലെ സ്ഥലസൗകര്യം കണക്കിലെടുത്ത് മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ക്കുള്ള കേന്ദ്രസര്‍ക്കാറിന്റെ അഞ്ച് കിലോ അരി മേയ് 20ന് ശേഷം വിതരണം ചെയ്യാനാണ് നിലവിലെ തീരുമാനം. കഴിഞ്ഞമാസത്തെ സൗജന്യ റേഷന്‍ വില്പന റെക്കോഡ് കടന്നതിന്റെ പശ്ചാത്തലത്തില്‍ മേയിലെ വിതരണം കാര്‍ഡുടമയുടെ വിരല്‍ ഇ-പോസ് മെഷീനില്‍ പതിപ്പിക്കണമെന്നാണ് കേന്ദ്ര നിര്‍ദേശം. മാര്‍ച്ചിനെ അപേക്ഷിച്ച് 10 ലക്ഷം കുടുംബങ്ങളാണ് ലോക്ഡൗണ്‍ കാലത്ത് സൗജന്യ റേഷന്‍ കൈപ്പറ്റിയത്.
Share your comments