1. News

കുന്നമ്പത്ത് നാരായണക്കുറുപ്പും ഇടവലക്കണ്ടി കൂട്ടരും !

ചോമ്പാലക്കടുത്ത് തട്ടോളിക്കര എന്ന ഉൾനാടൻ പ്രദേശം , നാട്ടുഭാഷയിൽ സംസാരിച്ചും ലളിതമായ ജീവിതനിലവാരത്തിലും ഒരുകൂട്ടം ആളുകൾ താമസിച്ചിരുന്ന ഒരു കൊച്ചു ഗ്രാമം. കാഴ്ചകളുടെ നിറ വസന്തം ,ഭൂമിയിലെ സ്വർഗ്ഗം എന്നൊന്നുമല്ല തട്ടോളിക്കരയെക്കുറിച്ച് പറയാൻപോകുന്നത് .

Arun T
dsx
-- ദിവാകരൻ ചോമ്പാല
ചോമ്പാലക്കടുത്ത് തട്ടോളിക്കര എന്ന ഉൾനാടൻ പ്രദേശം
ചോമ്പാലക്കടുത്ത് തട്ടോളിക്കര എന്ന ഉൾനാടൻ പ്രദേശം

ചോമ്പാലക്കടുത്ത് തട്ടോളിക്കര എന്ന ഉൾനാടൻ പ്രദേശം  ,

നാട്ടുഭാഷയിൽ സംസാരിച്ചും ലളിതമായ ജീവിതനിലവാരത്തിലും ഒരുകൂട്ടം ആളുകൾ താമസിച്ചിരുന്ന ഒരു  കൊച്ചു ഗ്രാമം.
കാഴ്ചകളുടെ നിറ വസന്തം ,ഭൂമിയിലെ സ്വർഗ്ഗം എന്നൊന്നുമല്ല തട്ടോളിക്കരയെക്കുറിച്ച് പറയാൻപോകുന്നത് .
സ്വന്തം കുഞ്ഞിനെ പൊൻകുഞ്ഞെന്നു പറഞ്ഞുകൊണ്ട്‌  തിളക്കം കൂട്ടാനുള്ള ശ്രമവുമല്ല.
ഏകദേശം എഴുപത് എഴുപത്തിയഞ്ച് വർഷങ്ങൾക്കു പുറകിലെ തട്ടോളിക്കരയുടെ അന്നത്തെ ഭൂപ്രകൃതിയും  സംസ്‌ക്കാരവും കാഴ്ച്ചകളും കേൾവിയും അതിലേറെ അനുഭവങ്ങളും അറിഞ്ഞും രുചിച്ചും അനുഭവിച്ചും കടന്നുപോയ ഒരു പഴയകാലഘട്ടത്തിൻറെ ഓർമ്മക്കാഴ്ചകൾക്ക് അശേഷം നിറം പകരാതെ  സ്വാഭാവിക തനിമയോടെ പുതിയ തമുറക്കാർക്കായി കൈമാറുന്നു എന്നുമാത്രം  .
അതും എൻറെ ഓർമ്മയുടെ ,അറിവിന്റെ ,അക്കാലത്ത് ലഭിച്ച സഞ്ചാര സ്വാതന്ത്ര്യത്തിൻറെ , കേട്ടറിവുകളുടെ പരിമിതമായ പിൻബലത്തിൽ .
ഇന്ന് കാണുന്ന താറിട്ട റോഡുകളോ ഇലക്ട്രിക്ക് പോസ്റ്റുകളോ ഒന്നുമില്ലാതിരുന്ന  ഒരുൾനാടൻ ഗ്രാമപ്രദേശം.
ഒരു പക്ഷെ ജനിച്ചു വളർന്ന് വേരോടിയ മണ്ണിടങ്ങളോടും പ്രകൃതിയോടുമുള്ള അകാലൻ പറ്റാത്ത ആത്മബന്ധവും ഗൃഹാതുരത്വവുമാവാം എൻറെ  ഈ തോന്നലിൻറെ പുറകിലെ പ്രേരണാശക്തി  .
തട്ടോളിക്കരയെ ഒരു വയലോരപ്രദേശം എന്നു പറയുന്നതാവും കൂടുതൽ ശരി .

കണ്ണെത്താദൂരം വയലുകൾ എന്നു പറഞ്ഞാൽ അതിശയോക്തിയാണെന്ന് കരുതരുത് .സത്യത്തിന്റെ ഭാഷ .
  തട്ടോളിക്കരക്ക് പടിഞ്ഞാറു വശം മുക്കാളിയിലേയ്ക്ക് പോകുന്ന ഇടങ്ങളിലെ  വയലുകളക്ക് വ്യത്യസ്ഥ പേരുകൾ  .  കുന്നമ്പത്ത് താഴെ ,ഇടവലക്കണ്ടിത്താഴെ ,മണലോടിത്താഴെ ,കോമത്തുതാഴെ  ,ആറ്റോടിത്താഴെ  ,പുത്തലത്ത് താഴെ ,മേപ്പറമ്പത്ത് താഴെ ,വെങ്ങാട്ട് അരികിൽ ,അങ്ങിനെ അതാതിടങ്ങളിലെ ചില വീട്ടുകാരുടെ പേരുകളിലുമായിരുന്നു  വയലുകള് അറിയപ്പെട്ടിരുന്നത് .
ഈ വയലുകൾക്കിടയിലൂടെ വളഞ്ഞുംപുളഞ്ഞും പോകുന്ന ചെറിയ ചെറിയ നടവരമ്പുകൾ .
വയലിൻറെ ഓരം ചേർന്ന് നെടുനീളത്തിൽ റയിലിന് അടുത്തവരെ പോകുന്ന സാമാന്യം ആഴവും വീതിയുമുള്ള ഒരു കൈത്തോട് .
വളഞ്ഞും തിരിഞ്ഞും നിലക്കാത്ത ജലപ്രവാഹവുമായി കുറിച്ചിക്കര  പുഴ ലക്ഷ്യമായി ശാന്തമായി പതഞ്ഞൊഴുകിയ ഈ കൈത്തോട് തട്ടോളിക്കരയുടെ ഹൃദയധമനിയായിരുന്നു !.
പടിഞ്ഞാറ് റയിലിനടുത്തുനിന്നും തുടങ്ങുന്ന ഈ തോടിന്  പലേടങ്ങളിലും കൂടിയ വീതി സുമാർ ആറും  ഏഴും അതിലധികവും അടി ഉണ്ടായിരുന്നുവെന്ന് പറഞ്ഞാൽ അക്കാലത്ത്  ജീവിച്ചവരിൽ ഇന്നുള്ളവർ  ആരും തന്നെ നിഷേധിക്കില്ലെന്നും  ഉറപ്പ് . 

കാലാന്തരത്തിൽ കരപ്രദേശം  തടിച്ചുവളരൂകയും   തോട് മെലിഞ്ഞുണങ്ങി എന്നതും  മറ്റൊരു സത്യം.
കുളവാഴയും ചമ്മിയും പായലും  ആമ്പൽ പൂക്കളും നിറഞ്ഞ ഈ തോട്ടിൽ ചെറിയ പരൽ മീനുകൾ മുതൽ ഒന്നും രണ്ടും റാത്തൽ വരെ തൂക്കം കാണുന്ന കൈച്ചിൽ എന്ന് ഇവിടുത്തുകാർ പറയുന്ന ബ്രാൽ മീനുകൾ, മുഴു തുടങ്ങിയമീനുകൾ സുലഭമായി കിട്ടുമായിരുന്നു .
 ചില നേരങ്ങളിൽ ഒറ്റൽ എന്ന ഉപകരണം കൊണ്ട് ഈ തോട്ടിൽ നിന്നും മീൻ പിടിക്കുന്നതും കാണാം.  നീർക്കോലിപ്പാമ്പുകൾ വളഞ്ഞുപുളഞ്ഞോടുന്നതും ഇടക്ക് തവളകളുടെ പ്രാണവേദനയോടെയുള്ള കരച്ചിൽ  വേറെയും .
വെങ്ങാട്ട് താഴ ഭാഗങ്ങളിൽ തോട്ടുവക്കിൽ കയ്യിൽ ചൂണ്ടപ്പറവുമായി എപ്പോഴും കാണാറുള്ള അമ്പു അച്ഛൻ എന്ന  പ്രായമുള്ള ഒരാളുണ്ടായിരുന്നു.
ആനപ്പനയുടെ നീളമുള്ള ഓലത്തണ്ടിൽ പനം കണ്ണികൾ കൂട്ടിക്കെട്ടിയുണ്ടാക്കിയ  ചൂണ്ടപ്പറം എന്ന ഒരുപകരണത്തിൻറെ അറ്റത്ത്  കെട്ടിയ ചൂണ്ടചരടിന്റെ അറ്റത്തുള്ള   ചൂണ്ടയിൽ ചെറിയ കൊഞ്ചൻകുഞ്ഞുങ്ങളെ അല്ലെങ്കിൽ തുള്ളൻ എന്ന ജീവിയെ അമ്പു അച്ഛൻ ഇരയായിക്കോർത്ത് വെള്ളത്തിലിട്ട് മീൻപിടിക്കുന്നത് കൗതുകത്തോടെ , ഇമചിമ്മാതെ  നോക്കിനിന്നിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു  .
 ഇന്നത്തെപ്പോലുള്ള നങ്കീസ് എന്ന മീൻപിടിക്കുന്ന നൂല്  അത്രത്തോളം പ്രചാരത്തിലില്ലാതിരുന്ന പഴയ കാലം . 

അക്കാലത്ത് ഇതുപോലൊരു ചൂണ്ടപ്പറം സ്വന്തമായുണ്ടാക്കാനുള്ള  കൊതിയായി പിന്നെ .
ആഗ്രഹമറിഞ്ഞ അച്ഛൻ എതിർക്കുന്നതിന് പകരം ചിലകാര്യങ്ങൾ പറഞ്ഞുതന്നത് ഇന്നും ഓർമ്മയിലുണ്ട്   .

 വെള്ളത്തിനുള്ളിലൂടെ വിശന്ന് വിശന്ന്  ഭക്ഷണമൊന്നും കിട്ടാതെ ഒരു മീൻ നീന്തിപ്പോകുന്നു .അപ്പോഴതാ മുന്നിൽ പിടക്കുന്ന ചെറു പരൽ മീൻ അല്ലെങ്കിൽ ചെമ്മീകുഞ്ഞുങ്ങൾ കണ്ണിൽപ്പെടുന്നു . വിശപ്പിന്  ആഹാരംകിട്ടിയ സന്തോഷത്തോടെ ആ മീൻ ഇരയെ കൊത്തി വിഴുങ്ങുന്നു.
ആ നേരത്താണ് തോട്ടുവരമ്പിൽ നിൽക്കുന്ന ചൂണ്ടപ്പറക്കാരൻ  ഒറ്റ വലി വലിക്കുന്നത് .ഇരവിഴുങ്ങാനോങ്ങിയ മീനിന്റ്റെ  തൊണ്ടയിൽ ചൂണ്ടക്കൊളുത്ത്  ചെന്ന് തറിക്കുന്നു.അതോടെ ആ മീനിന്റെ മരണപ്പിടയാവും പിന്നെ . 

വിശക്കുന്ന ജീവിയെ ഭക്ഷണംകാട്ടി കൊതിപ്പിച്ച്  ചങ്കിൽ കുരുക്കിട്ട് കൊല്ലുന്നത്  ഹീനനകർമ്മമാണ് ,പാപമാണ്  എന്നൊക്കെയായിരുന്നു അച്ഛൻ അന്ന് പറഞ്ഞുതന്നത് .ശരിക്കും ഉള്ളിൽ തട്ടിയ കഥ .അഥവാ വിവരണം .
 മൽസ്യ മാംസം അശേഷം കഴിക്കാത്ത അച്ഛൻ ഒരുറുമ്പിനെപ്പോലും കൊല്ലുന്നത് ഇഷ്ടമല്ലാത്ത പ്രകൃതം .

ചൂണ്ടയിട്ട് മീൻ പിടിക്കാനുള്ള പൂതി തൽക്കാലം അവിടെ തീരുന്നു .
മീത്തലെ മുക്കാളിക്കടുത്തുള്ള കുമാരൻ ,അനന്തൂട്ടി കൂട്ടത്തിൽ 'തോട്ടത്തിൽ തേപ്പിയേട്ടൻ   എന്ന് നാട്ടുകാർ വിളിച്ചിരുന്ന 'തിയോഫിൽ എന്ന കൃസ്‌താനി കയ്യിൽ നീളമുള്ള എയർ ഗണ്ണുമായി രാത്രികാലങ്ങളിൽ ഈ തോട്ടുവക്കിലെത്തും .
അഞ്ചു ബാറ്ററിയിടുന്ന എവറെഡി ടോർച്ചിൻറെ  വെളിച്ചത്തിൽ കണ്ണ് മഞ്ഞളിച്ചുനിൽക്കുന്ന ബ്രാലുകളെ വെടിവെച്ചിടാൻ എളുപ്പം  .

അക്കാലങ്ങളിൽ തോക്കു കൈവശമുളള  പ്രദേശത്തുകാരൻ തേപ്പി ഏട്ടൻ മാത്രം .
ഭ്രാന്തൻ നായമുതൽ ഉപദ്രവകാരികളായ ഏത്   മൃഗത്തിനെയും വെടിവെയ്ക്കാനും കൊല്ലാനും  ധീരനായ ഇദ്ദേഹത്തിന്റെ സഹായം നാട്ടുകാർക്ക് അക്കാലങ്ങളിൽ ഏറെ വലുതായിരുന്നു .കടന്നൽകൂട് കരിക്കുന്നതിലും ഏറെ മിടുക്കനും ധീരനും അതിലേറെ ഉപകാരിയുമായിരുന്നു ഈ നല്ല  മനുഷ്യൻ .
ഒളവിൽ ദാമു ,കൃഷ്‌ണൻ ,രാഘവൻ  കുമാരൻ അനന്തൂട്ടി തുടങ്ങിയ ഒരുകൂട്ടം ചെറുപ്പക്കാരും ഇദ്ദേഹത്തിന്റെ സഹകാരികളിൽ ചിലർ .
ഇക്കൂട്ടർ കനകമലയിലും മൂരൂ കോട്ടയിലും മറ്റും നായാട്ടിനുപോയ വീരകഥകൾ പറയുമ്പോൾ  അത്ഭുതത്തോടെ കേട്ടിരുന്ന ഒരു കാലമുണ്ടായിരുന്നു .
പള്ളികളുടെ മച്ചിൻപുറങ്ങളിലും മറ്റുംകയറി പ്രാവ് പിടുത്തം ഇവരുടെ ഇടക്കുള്ള ചില ചില്ലറ വിനോദം . 

മുള്ളൻ പന്നികൾ ,ഉടുമ്പ് ,കള്ളൂണി ,മുയൽ അങ്ങിനെ പലതും ഈ നായാട്ട് വിരുതന്മാരുടെ വലയിലാവും .
ചുറ്റുപാടിലുമുള്ള വീട്ടുകാരിൽ പലരും അതാതിടങ്ങളിലായി കരിങ്കല്ലും വലിയ ചെങ്കല്ലുകളുമിട്ട് ഈ തോട്ടിലെ തെളിവെള്ളത്തിൽ തുണിയലക്കുന്നതും മുങ്ങിക്കുളിക്കുന്നതും നീന്തിക്കുളിക്കുന്നതും അന്നത്തെ പതിവുകാഴ്ച്ചകൾ  .
കൂടുതൽ വീതിയുണ്ടായിരുന്ന കോമത്ത് താഴ തോട്ടിലായിരുന്നു  അലക്കുകാരുടെ കൂടിയ  തിരക്ക്. 

പിൽക്കാലത്താണ്  ഇവിടെ വെള്ളത്തിന് തടയിടാൻ ചീപ്പ് കെട്ടിയത്.
തൊട്ടടുത്ത നടവരമ്പിലൂടെ നടന്നുപോകുന്ന ആളുകൾ അടുത്തെത്തുമ്പോൾ അഴുക്കു വെള്ളം തെറിക്കാതിരിക്കാൻ തുണിയടിക്കൽ നിർത്തുന്നതും അക്കാലത്തെ ഒരു പതിവ്  .
ഈ തോട്ടിലെ തെളിനീരിൽ  പെറ്റിക്കോട്ടിട്ട് കുളിക്കുന്ന മുതിർന്ന പെൺകുട്ടികളെ ഒളിഞ്ഞുനോക്കാനോ കമന്റടിക്കാനോ  മൊബൈൽ ഫോട്ടോ എടുക്കാനോ മുതിരാൻ ആരുമില്ലാതിരുന്ന പഴയ കാലം .
തോട്ടുവക്കിൽ  ചിലേടങ്ങളിൽ മുറ്റിത്തഴച്ച്  വളന്നുയർന്ന പൂക്കൈതക്കാടുകൾ .
ഇതിൻറെ മറവിലായിരിക്കും മുതിർന്ന പെണ്ണുങ്ങളുടെ കുളിയും നനയും .മുണ്ടുമാറലും .
ഇടയ്ക്ക് കല്ലാമലയിലെ പായ നെയ്ത്തുകാരൻ കുങ്കർ എന്നുപേരുള്ള  മെലിഞ്ഞുണങ്ങിയ സാധു  മനുഷ്യൻ ഈ കൈതക്കാടുകളിലെ ഇലകളത്രയും മൊട്ടയടിച്ചപോലെയാക്കി അടുക്കിക്കൂട്ടി തലച്ചുമടായി പായനെയ്യാൻ കൊണ്ടുപോകും .
കുങ്കർ എന്ന ഈ കുറിയ മനുഷ്യൻ നെയ്തെടുത്ത നേർത്ത കൈതോലപ്പായയിൽ മുട്ടിട്ടിഴഞ്ഞാണ് ഞാൻ വളർന്നു വലുതായതെന്ന് അമ്മ പറഞ്ഞുതന്നതും ഞാനോർക്കുന്നു .
പായകൊണ്ടത്തന്നാൽ പകരം നെല്ലുകൊടുത്താൽ മതി. 

ചക്കയോ തേങ്ങയോ എന്തെങ്കിലും കൂടിയായാൽ അദ്ധേഹത്തിന് സന്തോഷമിരട്ടിക്കും . 

നെല്ല് സ്വീകരിക്കാൻ കൈത ഓലകൊണ്ട് നെയ്തെടുത്ത കുരിച്ചൽ എന്നൊരു സഞ്ചി അയാൾ സദാ കരുതിയിരിക്കും.

നെല്ലും കുരുമുളകും വെയിലത്തിട്ടണക്കാൻ കുങ്കർ പ്രത്യേകം പായ ഉണ്ടാക്കിക്കൊണ്ടത്തരുമായിരുന്നു .
വീട്ട് മുറ്റത്തിനരികിൽ  ഭവ്യതയോടെ ഒതുങ്ങിനിൽക്കുന്ന കുങ്കർ എന്ന കറുത്ത മനുഷ്യനെ  ഒരു മഴക്കാലത്ത് കോലായിലെ ബെഞ്ചിലിരിക്കാൻ എൻറെ അച്ഛൻ നിർബ്ബന്ധിച്ചതും ഇരിപ്പുറക്കാത്ത നിലയിൽ കുങ്കർ ബഞ്ചിലമർന്നിരുന്നതും എൻറെ ഒരോർമ്മകാഴ്ച .
ജാതീയമായ വേർതിരിവുകൾ അത്രവലുതായിരുന്നു ആ കാലത്ത് .
തോടിന്റെ വശങ്ങളിലെ വീടുകളിലേയ്ക്ക് പോകാൻ തോടിന് വിലങ്ങനെ നല്ല മൂപ്പുള്ള തെങ്ങിൻ തടി വെട്ടി രണ്ടെണ്ണം വീതം അടുപ്പിച്ചിട്ടിരിക്കും  .

കൊച്ചുകുട്ടികളടക്കം സുഗമമായി ഈ പാലം കടന്നാവും  തോട്ടുവരമ്പിലെത്തുക  .
ഒട്ടുമുക്കാൽ വീടുകളും ഓലമേഞ്ഞത് . ഉണങ്ങിയ ഓലകൾ കുതിരാനിടുന്നതും ,തെങ്ങിൻ കവുക്കോൽ മാവിൻ പലകകൾ മറ്റു പടു മരങ്ങൾ തുടങ്ങിയവ ഈർച്ചപ്പണി കഴിഞ്ഞാൽ ഈ തോട്ടിലെ വെള്ളത്തിലായിരിക്കും കറയിളകി ഈടുറപ്പുകിട്ടാൻ മുക്കിയിടുക .
കൂട്ടത്തിൽ ഒരു പലകയോ  കഴുക്കോലോ പോലും രാത്രികാലങ്ങളിൽ തോട്ടിൽ നിന്നും ആരും മോഷ്ടിച്ചതായ ചരിത്രവുമില്ല .

അതായിരുന്നു തട്ടോളിക്കരയുടെ  അക്കാലത്തെ ചില നാട്ടുമര്യാദകൾ  . മരങ്ങൾ ഈർന്ന് പലകകൾ ആക്കുന്നത് അതാത് വീട്ടുപറമ്പുകളിൽ കെട്ടിയുയർത്തിയ പ്രത്യേക പ്ലാറ്റ് ഫോമുകളിൽ.

തെങ്ങിൻ തടികൾ കൊണ്ടൊക്കെയാവും  ഇത് നിർമ്മിക്കുക .ഈർച്ചപ്പണിക്കുള്ള മരം ഇതിൽ മെത്തയിട്ടും കയർ കെട്ടിയും കരുത്തരായ തൊഴിലാളികൾ മുകളിലെത്തിക്കും .

തടയിന്മേൽ കയറ്റുക എന്നാണിതിന് പറയുക . ഒരാൾ മുകളിലും താഴെ ഒരാളും. കയ്യിൽ നീളത്തിലുള്ള കൈവാൾ .

 ഈരായികൾ എന്നാണിവരെ വിളിക്കുക .ജോലിയുടെ തരത്തിനൊത്തായിരുന്നു പലരുടെയും അക്കാലത്തെ വിളിപ്പേർ . 

തട്ടാൻ ,കൊല്ലൻ,  ആശാരി, മൂശാരി,പെരിതേരി ,കാവുതിയൻ  ,മണ്ണാൻ തുടങ്ങി എത്രയോ വിളിപ്പേരുകൾ .

തട്ടോളിക്കരനിനിന്നും മുക്കാളിയിലെത്താൻ ഏകമാർഗ്ഗം  ഈ തോടിനോട് ചേർന്നുള്ള വടക്കേ വയലിലെ  തോട്ടുവരമ്പു തന്നെ .

പിന്നെ  ഒന്നുള്ളത് കൊളരാട്  തെരുവിലൂടെയുള്ള ഇടവഴികൾ  .
പരമാവവധി രണ്ടു രണ്ടര അടിവീതിയുള്ള വരമ്പിലൂടെ ഒരു കുടയിൽ രണ്ടുപേർ എന്നനിലയിൽ വഴി നടന്നു പോകാൻ അതിലേറെ കഷ്ട്ടം .
 മീത്തലെ കുന്നമ്പത്ത് നാരായണക്കുറുപ്പ് ,കോമത്ത് ഗോവിന്ദൻ നായർ ,ഇടവലക്കണ്ടി കുഞ്ഞിരാമൻ  വൈദ്യർ ,മേപ്പറമ്പത്ത് കുമാരൻ തടങ്ങിയ ചിലരൊക്കെയായിരുന്നു ഇടവലക്കണ്ടി ഭാഗത്തെ അഥവാ വടക്കേ വയലിലെ അന്നത്തെ പ്രധാന നെൽ കൃഷിക്കാർ .
 മറുവശത്ത് തൈക്കണ്ടി കേളപ്പൻ ,പറങ്കിമാവുള്ള പറമ്പത്ത് മൊയ്‌തു ഹാജി , മീത്തലെ തിരുവോത്ത് തുടങ്ങിയ ഒരുകൂട്ടം ഭേദപ്പെട്ടവർ  വേറെയും .

ഇടവലക്കണ്ടി തറവാട്
ഇടവലക്കണ്ടി തറവാട്

എൻറെ അച്ഛന്റെ അച്ഛൻറെ അച്ഛന്റെ തറവാട് കൂടിയായിരുന്നു ഇടവലക്കണ്ടിവീട് .
ഇടവലക്കണ്ടി കേളപ്പൻ എന്നപേരിലായിരുന്നു പ്രമാണങ്ങളിലെല്ലാം അച്ഛന്റെ അച്ഛനെ അറിയപ്പെട്ടിരുന്നത് .
കൂടക്കന്റവിടെ കുഞ്ഞിരാമൻ മാസ്റ്ററുടെ തറവാടും ഇതുതന്നെ .
ആ വീട്ടിൽ നന്നേ കുട്ടിയായ കാലങ്ങളിൽ എന്റെ അച്ഛന്റെ കൈപിടിച്ചു പോയ ഓർമ്മ എനിക്കുണ്ട്.
ഒരിക്കൽ കണ്ട കാഴ്ച്ച ഒരു വലിയ പനമ്പ് കൂട്ടയുടെ വശങ്ങളിൽ കൂവച്ചെടിയുടെ ഇലകൾ കുത്തനെ നിരത്തിവെച്ച് അതിലേയ്ക്ക് കുതിർത്ത നെൽവിത്തുകൾ ഒരു മുറത്തിൽകൊണ്ടുവന്നു നിറക്കുന്നു .
മാണിക്കം എന്ന ഒരു ബന്ധു ആയിരുന്നു അത് ചെയ്‌തത്‌ .
ശേഷം മുകളിൽ നനഞ്ഞ ഗോതമ്പ് ചാക്കുകൊണ്ട് പൊതിയുന്നു .ഞാറുനടാനുള്ള നെൽ വിത്ത് മുളപ്പിക്കന്ന വിധം അച്ഛൻ കാണിച്ചു തന്നു .
മുളപൊട്ടിയ ഈ നെൽ വിത്തുകൾ വയലിൽ ഒരിടത്ത് വാരി വിതയ്ക്കും .കാക്കയും കിളികളും കൊണ്ടുപോകാതിരിക്കാൻ കുട്ടികൾ കാവലിരിക്കും .
--'ഏളേനെതെളിക്കൽ' എന്നാണിതിന്റെ നാട്ടുഭാഷ .
ഒരു ജോലിയും ചെയ്യാതെ മടിയന്മാരായി ഇരിക്കുന്നവരോട് -'' പണി ഒന്നൂല്ലെങ്കിൽ ഏളേനെതെളിക്കാൻ പൊയ്ക്കൂടേ ചെക്കാ ''?-എന്നാവും അന്നത്തെ പരിഹാസം.

ഏകദേശം ഇരുപത്തിയഞ്ച് ദിവസങ്ങളോളം ആകുമ്പോഴേയ്ക്കും നെൽച്ചെടികൾ പറിച്ചുനടേണ്ട പ്രായത്തിലെത്തിയിരിക്കും .
ഞാറുനടാനുള്ള പാകത്തിൽ വയലൊരുക്കാൻ കുന്നുമ്മക്കരയിൽ നിന്നും ഗോപാലൻ എന്നൊരാൾ മൂരിയുമായി എത്തും .
അതിരാവിലെ .
ഇടവലക്കണ്ടിപീടികയിൽ നിന്നും ചായ കുടികഴിഞ്ഞാവും ഉഴുവാനെത്തിയ ആൾ പണിതുടങ്ങുക .
ആ കാലങ്ങളിൽ ഇടവലക്കണ്ടി പീടികയിൽ ചായക്കച്ചവടവും പലചരക്കു കടയും നടത്തിയത് ഇടവലക്കണ്ടി കുഞ്ഞിരാമൻ വൈദ്യരുടെ ജ്യേഷ്ഠൻ ചോയി എന്നയാൾ .
തോട്ടിൽ ഇറങ്ങിക്കയറിവേണം ഈ പീടികയിലെത്താൻ .ഇതിന് മാറ്റമുണ്ടായത് കൊടക്കാട്ട് ചാത്തു മേസ്‌തിരി ,കൊടക്കാട്ട് കുഞ്ഞിരാമൻ തുടങ്ങിയവർ മുന്നിട്ടിറങ്ങി ചെറിയൊരു പാലം നിർമ്മിച്ചതോടെ .
നാട്ടുകാരോട് പിരിവെടുത്ത്കൊണ്ട് മഞ്ഞത്തുകണ്ടി കുഞ്ഞിരാമൻറെ നിയന്ത്രണത്തിൽ ചെറിയൊരു പാലം ആദ്യമായിവിടെ ഉണ്ടാക്കിയത് ഇവരൊക്കെയാണ് ,

കൊടക്കാട്ട്  പീടിക
കൊടക്കാട്ട് പീടിക

തൊട്ടടുത്തുതന്നെയാണ് കൊടക്കാട്ട്  പീടിക . അക്കാലത്തെ ചെറുപ്പക്കാരുടെ ഒരു താവളം കൂടിയായിരുന്നു ഇവിടെ .നാട്ടുകൂട്ടായ്മയുടെ ഒരിടത്താവളം .

ഒരു മുറിയിൽ പപ്പടക്കാരൻ പപ്പടമുണ്ടാക്കും .തൊട്ടടുത്തമുറിയിൽ ചുരുട്ട് നിർമ്മാണം നടക്കും  .അതിനടുത്ത മുറിയിൽ ചായക്കച്ചവടം .
പത്മാസനത്തിലെന്നപോലെ കാലുകൾ  മടക്കിവെച്ച് നട്ടെല്ലുനിവർത്തി ചുരുട്ട് തിരക്കുന്ന ഗോപാലേട്ടന് ജോലിക്കിടയിലും വഴിയാത്രക്കാരിൽ പലരോടും ഒരു കുശലം പറച്ചിലുണ്ട് .ഗോപാലേട്ടൻ ഇല്ലാതായിട്ട് ഏറെയായി.

ഒഴിഞ്ഞ പീടികക്കോലായിൽ ചിലർ തുള്ളി  കളിക്കും .മറ്റുചിലർ ചീട്ടു കളിക്കാർ .ഇതിൽപ്പെടാതെ വെടി പറച്ചിലും നേരമ്പോക്കുമായി മറ്റുചിലർ.

പിൽക്കാലത്ത് വൈദ്യർകണ്ടി കുഞ്ഞിരാമൻ ,കഴുത്തിയാട്ട് ബാലൻ പിന്നീട് മേപ്പറമ്പത്ത് സുധാകരൻ ഇവരൊക്കെയായിരുന്നു ഇടവലക്കണ്ടി പീടികയിലെ ഓരോ കാലത്തെയും കച്ചവടക്കാർ.
.ഇടവലക്കണ്ടി  കുഞ്ഞിരാമൻ വൈദ്യർ ആയുർവ്വേദം പഠിച്ചത് ചെക്കൂട്ടി വൈദ്യർ ,ചേക്കാലിക്കണ്ടി കുഞ്ഞിക്കണ്ണൻ വൈദ്യർ  തുടങ്ങിയവരിൽ നിന്ന്  .ചികിസ സ്വന്തം വീട്ടിൽ നിന്ന് .

വയലിൽ ഞാറുനടുന്നത്  ഒരുത്സവംപോലെ. ഇടവലക്കണ്ടിക്കാരുടെ വയലിൽ ഞാറുനടാൻ പത്തിരുപത് പെണ്ണുങ്ങളെങ്കിലും കാണും .കുന്നമ്പത്തുകാരുടെ വയലിലും കാണും അതിലേറെപ്പേർ .
പനയോലകൊണ്ട് നിർമ്മിച്ച തോണിയുടെ ആകൃതിയുള്ള പിരിയോല പുറത്തുവെച്ചാവും  മഴക്കാലങ്ങളിൽ പെണ്ണുങ്ങൾ കുനിഞ്ഞുനിന്ന് ഞാറുനടുക. 

ആണുങ്ങൾ തലക്കുട ചൂടിയും . .
മുറുക്കിച്ചുവപ്പിച്ചുതുപ്പിയും നാട്ടിപ്പാട്ടിന്റെ ഈണവുമായി ഉച്ചവെയിൽ ചൂടറിയാതെ ഞാറുനാടൻ ഒരുകൂട്ടം ചെറുപ്പക്കാരികൾ  .

തച്ചോളി മേപ്പയിലെ കുഞ്ഞിഒതേനന്റെ പ്രണയവും  വീരസ്യവും നിറഞ്ഞ കഥകൾ 
 ഓർമ്മ ചെപ്പിൽ നിന്നും പരതിയെടുത്ത്  മുൻപാട്ട്  പാടിക്കൊടുക്കാൻ കേളോത്ത് പാറുവമ്മയെപ്പോലുള്ള ചിലർ .

ചെളിയിൽ ഞാറുനടന്ന പെണ്ണുങ്ങൾക്ക് നിർദ്ദേശം കൊടുക്കാൻ മേലാളനെന്നനിലയിൽ മീത്തലെ കുന്നമ്പത്ത് നാരായണക്കുറുപ്പ് കുടയും ചൂടി ജുബ്ബയ്ക്കു മുകളിൽ മുണ്ടും മാടിക്കെട്ടി വയൽ വരമ്പിലുണ്ടാവും.
ഒരു ഭാഗത്ത് വയലിൽ ഇടവലക്കണ്ടി കുഞ്ഞിരാമൻവൈദ്യരും മേപ്പറമ്പത്ത്  കുമാരേട്ടനെപ്പോലുള്ളവർ വേറെയും .

ഞാറു നടുന്ന പെണ്ണുങ്ങൾക്ക് വൈകുന്നേരം വരെ ചെളിയിൽ പുതഞ്ഞ കാലുമായി മരവിച്ചുനിന്ന് ഞാറുനാട്ടാൽ കിട്ടിയിരുന്നത് കൂലിയായി അക്കാലത്ത് ആറണ .
അവകാശങ്ങളെന്തെന്നറിയാനും അവകാശങ്ങൾ ചോദിച്ചുവാങ്ങാനുമുള്ള പാങ്ങും പഠിപ്പും വകതിരിവും അക്കാലത്ത്  നന്നേകുറവ് .

കമ്യുണിസം ഇവിടെ പിച്ചവെക്കുന്നകാലം .  സോഷ്യലിസ്റ് പാർട്ടിക്ക് ഇവിടങ്ങളിൽ വേരോട്ടം കൂടിയ കാലം  .
സദാചിരിച്ചുകൊണ്ട് വഴിയാത്രക്കാരോടെല്ലാം കുശലം പറയുന്നതോടൊപ്പം ഓരോരുത്തരുടെ വീട്ടുകാര്യങ്ങൾവരെ അന്വേഷിക്കുന്നതും നാരായണക്കുറുറുപ്പിന്റെ വേറിട്ടപ്രകൃതം .സദാ സന്തോഷം തുളുമ്പുന്ന മുഖം .
അക്കാലങ്ങളിൽ തെങ്ങിൽ നിന്ന് വീണാലും മരത്തിൽനിന്നു വീണാലും ,മറ്റേത്  വിധേനയുള്ള ഒടിവ്,ചതവ്, ഉളുക്ക് തുടങ്ങിയ അസുഖമുള്ളവരെയെല്ലാം ആദ്യം ചുമന്നു കൊണ്ടുപോവുക  മീത്തലെ കുന്നമ്പത്ത് നാരായണക്കുറുപ്പിന്റെ വീട്ടിലേയ്ക്ക്തന്നെ  .

കളരി അഭ്യാസിയും പ്രമുഖ മർമ്മചികിത്സകനുമായ  കുന്നമ്പത്ത് നാരായണക്കുറുപ്പിനൊപ്പം കൂട്ടിപ്പറയേണ്ട മറ്റൊരു പേരാണ് കുന്നുമ്മക്കരക്കടുത്തുള്ള കലന്തൻ ഹാജി.
അസ്ഥി ഒടിഞ്ഞവരുടെ അക്കാലത്തെ അഭയകേന്ദ്രമായിരുന്നു ഈ രണ്ടിടങ്ങളും .

സവർണ്ണ മേധാവിത്വം നിലനിൽക്കുന്നകാലം.
നായർ ,നമ്പ്യാർ .കുറുപ്പന്മാർ  മാപ്പിളമാർ ഏറെമുന്നിൽ .തൊട്ടുകൂടായ്മയും തീണ്ടലും പൂർണ്ണമായും വിട്ടുപോകാത്തഒരു കാലം .
നായർ തറവാടുകളിലെ മുറ്റങ്ങളിൽ ഒരതിരുവരെ മാത്രമേ  താഴ്ന്ന ജാതിക്കാർക്ക് സ്വതന്ത്രമായി ഇടപെടാനാവൂ .
-'ന്നാ ഞാനിംഗ് പോട്ടോളി'' -എന്ന് പറഞ്ഞുകൊണ്ട് നായര് തരവാടുകളുടെ മുറ്റത്ത് തൊഴുത്  നിന്ന ഒരു   പഴയകാലം.

തീണ്ടലും തൊടലിനും കോമത്ത് ഗോവിന്ദൻ നായരുടെ ഭേധപ്പെട്ട  വീട്ടിലും  അൽപ്പസ്വൽപ്പം  അയവുണ്ടായിരുന്നുവെന്നതും വ്യക്തം.ആ വീടിന്റെ കോലായിയിൽ അക്കാലത്ത് കയറിയിരുന്നത് ഓർമ്മിക്കുന്നു, കോമത്ത് ഗോവിന്ദൻ നായർ എന്ന ആൾ പടു പഴഞ്ചനല്ല. പുരോഗമന ചിന്താഗതിക്കാരനായിരുന്നു എന്നു വേണം പറയാൻ .

ഈ കാലഘട്ടങ്ങളിലും അക്കാലത്തെ സോഷ്യലിസ്റ്റുകാരൻ കൂടിയായിരുന്ന മീത്തലെ കുന്നമ്പത്ത് നാരായണക്കുറുപ്പ് എത്രയോ വലിയ മനസ്സുള്ള മനുഷ്യനായിരുന്നു .

ഉച്ചനീചത്വങ്ങൾ അശേഷം തൊട്ടുതീണ്ടാത്ത ആദർശവാനായ മനുഷ്യസ്നേഹിയായ, പുരോഗമനവാദിയായ രാക്ഷ്ട്രീയക്കാരൻ ,നാട്ടുകാരൻ .

ആ സമയങ്ങളിൽ ഞങ്ങളുടെ ചുറ്റുപാടിൽ അദ്ദേഹത്തോളം വ്യക്തിപ്രഭാവവും ജനസമ്മതനുമായ മറ്റൊരു വ്യക്തിത്വത്തിൻറെ പേരെടുത്തുപറയാനുമില്ല .പകരം വെക്കാനുമില്ല .
കുന്നമ്പത്ത് നാരായണ കൂറുപ്പിൻറെ നാലുകെട്ട് വീടിൻറെ അകത്തളങ്ങളിൽവരെ തീയ്യസമുദായത്തിൽപ്പെട്ടവർക്കെല്ലാം പ്രവേശിക്കാൻ ഒരു വിലക്കുമുണ്ടായിരുന്നില്ല  .
പഴയ കാലങ്ങളിൽ കുന്നമ്പത്തെ  മുറ്റത്ത്  നടക്കാറുള്ള കഥകളി കാണാൻ ചുറ്റുവട്ടങ്ങളിലെ തീയ്യർക്കൊപ്പം കൊളരാട് തെരുവിലെ ശാലിയസമുദായത്തിൽപ്പെട്ടവരും ഉണ്ടായിരുന്നതായാണറിവ് .
സ്വന്തം വയലിൽ പണിയെടുത്തിരുന്ന  കിഴക്കയിൽ കണ്ണൻ എന്നൊരാൾ തോളിൽ കൈക്കോട്ടും കയ്യിൽ പടന്നയുമായി  നാരായണക്കുറുപ്പിനൊപ്പം  ഒരേ കുടക്കീഴിൽ  നടന്നുപോയ ഒരുമഴക്കാലമുണ്ടായിരുന്നു എന്റെ കുട്ടിക്കാല ഓർമ്മയിൽ .

കൃത്യമായിപ്പറഞ്ഞാൽ 70 വർഷങ്ങൾക്ക് മുൻപ്.

 അത്ഭുതമായിരുന്നു ആ കാലയളവിൽ  ഇത്തരം കാഴ്ച്ചകൾ .സമഭാവനയുടെ തനിയാവർത്തനം ! ഏന്ന് വിശേഷിപ്പിക്കാം  !
ആയുർവ്വേദചികിത്സകൻ എന്ന നിലയിൽ എന്റെ അച്ഛൻ പലപ്പോഴും കുന്നമ്പത്തെ വീട്ടിൽ പോകുമായിരുന്നു .കൂട്ടത്തിൽഎപ്പഴോ  കുട്ടിയായ ഞാനും.  ഉമ്മറത്തെ ചാരുബെഞ്ചിൽ ഇരുന്നതും ചായയും കദളിപ്പഴവും തന്നുവിട്ടതും ഞാൻ മറന്നിട്ടില്ല .
മുക്കാളി റെയിവേസ്റ്റേഷനടുത്തുള്ള മഹാത്മാ വായനശാലക്കായി എത്രയോ വർഷങ്ങൾക്ക് മുമ്പ് സ്ഥലമനുവദിച്ചു നൽകിയതും സാമൂഹ്യ സ്നേഹിയായ കുന്നമ്പത്ത് നാരായണ കൂറുപ്പ് തന്നെ .
തട്ടോളിക്കര എന്നഗ്രാമത്തിൻറെ വളർച്ചയുടെ, മാറ്റങ്ങളുടെ ആധാരശിലകളായിത്തീർന്ന വ്യക്തിത്വങ്ങളിൽ എതിരഭിപ്രായമില്ലാതെ ,അർത്ഥശങ്കക്കിടയില്ലാതെ ഏതുസദസ്സിലും ഉറക്കെപ്പറയാനാവുന്ന ഒരു പേരാണ് കുന്നമ്പത്ത് നാരായണ കൂറുപ്പെന്നകാര്യത്തിൽ അശേഷം സംശയമെനിക്കില്ല .
ഏറെക്കാലം  കുന്നുമ്മക്കര  സർവ്വീസ് കോ ഓപ്പറേറ്റിവ് ബാങ്കിൻറെ  പ്രസിഡണ്ട് കൂടിയായിരുന്ന ഈ വിശിഷ്ട വ്യക്തിത്വത്തിൻറെ മകനാണ് മുൻ എം എൽ എയും തട്ടോളിക്കരക്കാരനുമായ എം കെ പ്രേംനാഥ്‌ എന്ന ജനകീയ നേതാവ്  .നാരായണക്കുറുപ്പിൻറെ ഓർമ്മയ്ക്കായി തട്ടോളിക്കരയിലെ തോട്ടുവക്കിൽ നാട്ടുകൂട്ടായ്‌മയിൽ പണിതുയർത്തിയ  സ്‌മാരകമന്ദിരം  തലയെടുപ്പോടെ നിൽക്കുന്നു .

1948ൽ വടക്കേ മലബാറിലെ ഒഞ്ചിയത്ത് നടന്ന കമ്യുണിസ്റ് വിപ്ലവ ചരിത്രത്തെ ചോര കൊണ്ട് ചുവപ്പിച്ച രക്തസാക്ഷികളിൽ പെട്ട അളവക്കൻ കൃഷ്ണൻ അവസാനമായി പങ്കെടുത്ത വിവാഹം അഥവാ വിവാഹ തലേ ദിവസം മീത്തലെ കുന്നമ്പത്ത്  നാരായണക്കുറുപ്പിൻറെ അനുജൻ ശങ്കരക്കുറുപ്പിന്റെത്  .

1948 ഏപ്രിൽ 29 നാണ് അളവക്കൻ കൃഷ്ണൻ തട്ടോളിക്കരയിലെ കുന്നമ്പത്ത് വീട്ടിലെത്തുന്നത് .
കൂട്ടത്തിൽ പിൽക്കാലത്ത് രാമൻ നായരുടെ പത്നിയായ ശ്രീമതി. ലക്ഷ്‌മിയും .രണ്ടുപേരും തുണി നെയ്ത്തുമായി ബന്ധപ്പെട്ട ജോലിക്കാർ . 

വിവാഹിതനാകാൻ പോകുന്ന ശങ്കരക്കുറുപ്പിന് ഉപഹാരമായി നൽകാൻ കയ്യിലെ പൊതിയിൽ ഒരു കമ്പിളി പുതപ്പുമായിട്ടായിരുന്നു അളവക്കൻ കൃഷ്ണൻ  തട്ടോളിക്കരയിലെ കല്യാണവീട്ടിലെത്തിയത് .
''ഒഞ്ചിയത്തെന്തൊക്കെയോ സംഭവം നടക്കുന്നുണ്ട് ,ഞാനൊന്ന് പോയിനോക്കട്ടെ '' -എന്നുപപറഞ്ഞുകൊണ്ട്  നാരായണക്കുറുപ്പിൻറെ വീട്ടിൽനിന്നാണ് നേരെ അദ്ദേഹം ഒഞ്ചിയത്തേയ്ക്ക് വിട്ടത് .

തെക്കേവയലിലൂടെ നടന്നുവേണം ഒഞ്ചിയത്തെത്താൻ .
അടുത്ത നാളിൽ ഒഞ്ചിയത്ത് നടന്ന വെടിവെപ്പിൽ രക്തസാക്ഷികളായവരിൽ ഒന്ന് അളവക്കൻ കൃഷ്‌ണനായിരുന്നു .
പട്ടിയാട്ട്  ഗേറ്റിനടുത്തുള്ള അളവക്കൻ കൃഷ്‌ണൻ വായനശാല അദ്ദേഹത്തിൻറെ ഓർമ്മക്കായി നാട്ടുകാർ പിൽക്കാലത്ത് സ്ഥാപിച്ചതാണ് .

കുന്നമ്പത്ത്നാരായണ കുറുപ്പിന് അക്കാലത്ത് കെ .എൻ .കെ .എന്നപേരിൽ പലേടങ്ങളിലായി നെയത് ശാലകളുണ്ടായിരുന്നു .
സാമുവൽ ആറോൺ കമ്പനിയിൽ നിന്നുമായിരുന്നു  ഇവിടുത്തേക്കുള്ള നെയ്ത്തിന് 

ആവശ്യമായ പാവെടുക്കുക .

ഈ കമ്പനി വടക്കേ മുക്കാളിക്കടത്തു സി ആർ പി ക്യാമ്പിനടുത്ത്  .

രാമൻ നായർ എന്നൊരാളായിരുന്നു നാരായണക്കുറുപ്പിന്റെ അന്നത്തെ മാനേജർ . 

എന്റെ അച്ഛന്റെ അനുജനായ മീത്തലെ ഒളവിൽ കണാരൻ റൈറ്റർ , മേപ്പാടി രാമോട്ടി റൈറ്റർ തുടങ്ങിയവരൊക്കെയായിരുന്നു മറ്റു ഓഫീസ്  ജീവനക്കാർ .ഇവരാരുമിന്നില്ല.
നാരായണക്കുറുപ്പിന്റെ നിയന്ത്രണത്തിൽ കുന്നമ്പത്ത് മാത്രമല്ല തിരൂകൊയിലോത്ത് വീടിനടുത്ത് പനയുള്ള പറമ്പത്ത് കണ്ണൻ എന്ന ആളുടെ ചായക്കട ഉണ്ടായിരുന്ന പറമ്പിലും നെയ്ത്തുശാല പണ്ടുണ്ടായിരുന്നത്രെ.

ലോകനാർ കാവ് ക്ഷേത്രത്തിലേയ്ക്ക് പണ്ടുകാലത്ത് നടന്ന ക്ഷേത്രപ്രവേശന വിളംബര ജാഥക്ക്  വടക്കുഭാഗം സ്ഥലങ്ങളിൽ നിന്നുള്ള സാരഥി കുന്നമ്പത്ത് നാരായണക്കുറുപ്പ് ആയിരുന്നു.
ജാതിമതഭേദമില്ലാതെ  എല്ലാവർക്കും  ക്ഷേത്രപ്രവേശനം എന്ന ലക്ഷ്യവുമായിട്ടായിരുന്നു അടിയുറച്ച സോഷ്യലിസ്റ്റുകാരനായ നാരായണ യണക്കുറുപ്പിന്റെ നേതൃത്വത്തിൽ ലോകനാർകാവിലേയ്ക്ക് ക്ഷേത്രപ്രവേശനവിളംബര ജാഥപുറപ്പെട്ടത് .

ശ്രീകോവിലിനകത്തുവരെ ജനങ്ങൾ  ആവേശം മൂത്ത് തള്ളിക്കയറിയെന്നും അറിയുന്നു .അമിതാഹ്ളാദത്തിൽ ചിലരെല്ലാം  ക്ഷേത്രക്കുളത്തിലെ വെള്ളത്തിൽ എടുത്തുചാടുകവരെ ഉണ്ടായിരുന്നത്രേ.
ഓരോ നീക്കവും പാർട്ടിക്കുവേണ്ടി .പ്രസ്ഥാനത്തിന്റെ യശസ്സിനുവേണ്ടി .പൊതുപ്രവർത്തനത്തിന്റെ ഭാഗമായി ആവിക്കര ഭാഗത്തുള്ള ഒരു വലിയപറമ്പടക്കം നാരായണക്കുറുപ്പിന് കൈമാറ്റം ചെയ്യേണ്ടതായും വന്നുവന്നതും പരമാർത്ഥം  . 

പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി  തൻറെ  സ്വത്തുക്കൾപോലും നഷ്ട്ടപ്പെടുന്നതിൽ അശേഷം കുണ്ഠിതപ്പെടാതിരുന്ന വേറിട്ട മനസ്സുള്ള രാക്ഷ്ട്രീയക്കാരനായിവേണം ഇദ്ധേഹത്തെ കാണാൻ .
നാരായണക്കുറുപ്പ് പലനേരങ്ങളിലായി പറഞ്ഞതായ  കാര്യങ്ങൾ മകൻ സി. ടി .സി .ബാബു അച്ഛന്റെ ഓർമ്മകൾ അയവിറക്കിക്കൊണ്ട് നിറഞ്ഞമനസ്സോടെ പങ്കുവെക്കുകയുണ്ടായി .
ചിറയിൽപീടികക്കടുത്തായി  പ്രശസ്‌തമായ കൈത്തറി നിർമ്മാണശാല ഇന്ന് നിലവിലുണ്ട് .

കേരള വീവേഴ്‌സ് ഇൻഡസ്ട്രിയൽ കോ ഓപ് സൊസൈറ്റി.
കെ എൻ കെ നെയ്ത്തു ശാലയുടെ പ്രവർത്തനം നിലച്ചതോടെ അവിടുത്തെ നിലവിലുള്ള തൊഴിലാളികളുടെ നിലനിൽപ്പിനും തുടർ തൊഴിലുറപ്പിനുമായി എത്രയോ വർഷങ്ങൾക്ക് മുൻപ് രൂപീകൃതമായതാണ് ഈ തൊഴിൽ സ്ഥാപനം .
ഒന്നര ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തൊഴിലാശാലയും ആധുനീകരിച്ച വിൽപ്പനകേന്ദ്രവും നൂറോളം തൊഴിലാളികളുമുള്ള ഈ സ്ഥാപനത്തിലെ ആദ്യകാലത്തെ ഒട്ടുമുക്കാൽ തൊഴിലാളികളും കെ എൻ കെ നെയ്ത്തുശാലയിലെ ജോലിക്കാരായിരുന്നുവെന്നറിയുന്നു .
രാഷ്ട്രീയ പ്രവർത്തനത്തിലൂടെ തനിക്കെന്ത് നേടാനാകും എന്ന് ചിന്തിക്കുന്നവർ ഏറെയുള്ള നാട്ടിൽ സമൂഹത്തിന്റെ നന്മക്കായി തനിക്കെന്ത് നൽകാൻ കഴിയും എന്ന് മാത്രം ചിന്തിച്ചിരുന്ന നാരായണക്കുറുപ്പ് എന്നൊരു നാട്ടുമ്പുറത്തുകാരൻ തട്ടോളിക്കരയിലുണ്ടായിരുന്നുവെന്ന് പുതിയ തലമുറ അറിയാതെ പോകരുത് .
ഇദ്ദേഹത്തെ വഴിനടത്തിയതാവട്ടെ സോഷ്യലിസ്റ് പാർട്ടിയുടെ അക്കാലത്തെ സമുന്നതനായ നേതാവും ജനസമ്മതനുമായ കെ .കുഞ്ഞിരാമക്കുറുപ്പ് എന്ന അതികായൻ .

കൊയ്ത്തുകാലമായാൽ വയൽ വരമ്പിലൂടെ കറ്റക്കെട്ടുകളുമായി നിരനിരയായി നടന്നുവരുന്ന 'ഗ്രാമശ്രീ' കളായ പെണ്ണുങ്ങൾക്ക് വഴിനടക്കാൻ എതിർഭാഗത്തുനിന്നും വഴിനടന്നുവരുന്നവർ ശ്രദ്ധാപൂർവ്വം മാറിനിന്നില്ലെങ്കിൽ അക്കാലങ്ങളിൽ തോട്ടിൽ വീഴുമെന്നുറപ്പ് .
കൊയ്ത്തുകാലത്ത് ഇടവലക്കണ്ടി തറവാട്ടിൽ പോയതോർമ്മയുണ്ട് .ചാണകം മെഴുകി മിനുക്കിയ വിശാലമായ മുറ്റം .
ആളേക്കാൾ ഉയരത്തിൽ അട്ടിയിട്ട കറ്റക്കെട്ടുകൾ വിലങ്ങനെയിട്ട ഉരലിൽ തല്ലിയും ചവുട്ടിമെതിക്കാനും കോലുകൊണ്ടടിക്കാനും കാറ്റത്തിടാനുമായി പത്തിരുപത്തഞ്ചോളം പെണ്ണുങ്ങൾ .
കാറ്റു വീശാൻ കാറ്റോല എന്ന ഉപരണം .ഒരുത്സവത്തിൻറെ പ്രതീതി .
പുല്ലേരിവെയ്ക്കാൻ ആണുങ്ങൾ .കൂലിഎന്നപേരിലള്ള പ്രതിഫലം പതം എന്നപേരിൽ .
100 ഇടങ്ങഴി നെല്ലിന് 10 ഇടങ്ങഴി നെല്ലാണ് കൂലിയിനത്തിൽ ആക്കാലങ്ങളിൽ പതമായി ലഭിക്കുക .
കൊയ്ത്ത് കഴിഞ്ഞാൽ പുത്തരി എന്നൊരേർപ്പാടുണ്ടായിരുന്നു .പുതിയനെല്ലരികൊണ്ടുള്ള സദ്യ .അന്ന് സദ്യയ്ക്ക് പായസവും മറ്റും കാണും .
ഇതുപോലുള്ള നാട്ടു കൂട്ടായ്മയിൽ നടക്കുന്ന ഒരേർപ്പാടാണ് അക്കാലത്തെ പുരകെട്ട് .വേനൽക്കാലങ്ങളിൽ ത്തന്നെ ഒരുകൂട്ടം പെണ്ണുങ്ങൾ ഓലമെടയാനെത്തും. ഇടവലക്കണ്ടിത്താഴത്തെ തോട്ടിലെ വെള്ളത്തിൽ കുതിരാനിട്ട ഓലകളാവും മെടയാനായി വലിച്ചുകൊണ്ടുപോവുക.സാമാന്യം വലിയൊരു വീട് മേയാൻ അഞ്ഞൂറിലേറെ മടൽ ഓലവേണ്ടിവരുമത്രെ .
കോമത്ത് കണ്ണൻ ,കേളോത്ത് കണ്ണൻ , പറമ്പത്ത് കേളപ്പൻ ,കണാരൻ, കൂറ്റേരി കുഞ്ഞാണ്ണൻ, ചന്ത്രോത്ത് കേളപ്പൻ .തൈക്കണ്ടി ഗോപാലൻ തുടങ്ങിയ ഒരുകൂട്ടം പുരകെട്ട് വിദഗ്ദ്ധന്മാർ ചുറ്റു വട്ടത്തുണ്ടായിരുന്നു .
രണ്ടു വർഷത്തലൊരിക്കലാണ് ഇടവലക്കണ്ടി വീട് ഓലവെച്ചു മേയുക .ഓലക്കുമുകളിൽ വൈക്കോൽ മേഞ്ഞും സുരക്ഷിതമാക്കുന്നതുകൊണ്ടാണിത്ര വൈകുന്നത് .
തെങ്ങിൽക്കയറി തേങ്ങയിടുന്നതും ഓലകൊത്തിയിടുന്നതും കവുത്തിയാട്ട് അച്ചു എട്ടനേ പ്പോലുള്ള ചിലർ .
തോളിൽ മുളങ്കമ്പുള്ള ഏണിയുമായിട്ടായിരിക്കും ഇക്കൂട്ടരെത്തുക . നാഗരികതയുടെ പകിട്ടും പൊങ്ങച്ചവുമില്ലാത്ത വേറിട്ട ചില നാട്ടുമര്യാദകളും ജിവിതരീതിയുമായിരുന്നു ശുദ്ധമനസ്സുള്ള ഇവരുടേത് .
കഠിനമായി അദ്ധ്വാനിച്ച് വിയർപ്പൊഴുക്കി അത്യാവശ്യം ചില തന്നിഷ്ടങ്ങളുമായി ആരോടും തർക്കത്തിനില്ലാതെ ആരെയും ദ്രോഹിക്കാതെ സൗമ്യമായി ജീവിച്ചുകൊണ്ട് മക്കളുടെ ഉയർച്ചക്കും വളർച്ചക്കും കുടുംബത്തിനും വേണ്ടി ഉരുകിക്കത്തിയമെഴുകുതിരികളായി എന്നന്നേക്കുമായി അണഞ്ഞുതീർന്നവരാണ് ഇവരിലേറെറെപ്പേരും .
പുര കെട്ടിന് 'ചക്കയും പുഴുങ്ങി കഞ്ഞി 'എന്ന ചൊല്ലുണ്ടെങ്കിലും ഉച്ചയ്ക്ക് ചോറുതന്നെയാണ് പലരും നൽകുക .
പുര കെട്ടു കഴിഞ്ഞ ദിവസം പായസം വെച്ച് പുരയ്ക്ക് ചുറ്റും തളിക്കുന്ന ഒരേർപ്പാടുണ്ടായിരുന്നു .ഉറുമ്പിനൂട്ടുക എന്ന പേരിലാണ് ഈചടങ്ങു നടന്നിരുന്നത് .ഇതുപോലെ കലിയനെ വിളിക്കുക , ഉച്ചാൽ വരക്കുക എന്നപേരിലും മറ്റും ചില ഏർപ്പാടുകൾ വേറെയുമുണ്ട് .
കനത്ത മഴക്കാലമായാൽ തോടും പാടവും താഴ്ന്ന സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങും .ഒരുസമുദ്രത്തിൻറെ രൂപമായിരിക്കും പിന്നെ പ്രദേശത്തിന് .
കുന്നമ്പത്ത് ശങ്കരക്കുറുപ്പിന്റെ വീടിന്റെ പരിസരമെല്ലാം വെള്ളം കയറി മുങ്ങിയിരിക്കും,കുറുങ്ങോട്ട് ഭാഗം വരെ .
നല്ലതമാശക്കാരനും സൗമ്യനുമായിരുന്നു ചെക്കിംഗ് ഇൻസ്പെക്ടറായിരുന്ന ശങ്കരക്കുറുപ്പ്. കുട്ടിവൈശ്യറെ എന്നായിരുന്നു അദ്ദേഹം തമാശയായി എന്നെ വിളിച്ചിരുന്നത് .
കൂട്ടത്തിൽ മലവെള്ളപ്പാച്ചിൽ കൂടിയായാൽ കനത്തവെള്ളപ്പൊക്കമായി .
പീടികക്കുനിയിൽ ചന്തൻ എന്ന ആളുടെ വീടിൻറെ അകത്തുവരെ മുട്ടിന് മുകളിൽ വെള്ളം കയറിയ ഒരുകാലമുണ്ടായിരുന്നു എന്നുപറഞ്ഞാൽ ഇന്നുള്ളവർക്കൂഹിക്കാനാവും വെള്ളപ്പൊക്കത്തിന്റെ വ്യാപ്‌തിയെത്രയെന്ന് . വാഴത്തടകൾ കൂട്ടിക്കെട്ടിയ തിരപ്പനുകളിലായിരിക്കും ചിലർ തുഴഞ്ഞെത്തുക .'
ചെമ്പുവട്ടളങ്ങളിൽ കയറിയിരുന്നു തുഴഞ്ഞെത്തുന്നവരെയും ഞാൻ കണ്ടിട്ടുണ്ട് .കൊതുമ്പ് തോണിക്കാർ വേറെയും .
പെരുത്തമഴയും കാറ്റും വെള്ളപ്പൊക്കവും .ചിമ്മിനി വിളക്കുകൾ മാത്രമുള്ള കാലം .ഇരുട്ടിൽ ഓലച്ചൂട്ടുകളിൽ തീയാളിച്ചുകൊണ്ടുള്ള വഴിനടത്തം .
ആ സമയത്താണ് രാത്രി തിരൂകോയിലോത്ത് കൃഷ്‌ണൻമാസ്റ്ററുടെ അയൽക്കാരിയായ ഒരു സ്ത്രീക്ക് കടുത്ത പ്രസവവേദനയുണ്ടാവുന്നത് .
ഇവരെ പുറംലോകത്തെത്തിക്കാൻ ഒരുവഴിയുമില്ല. വയലുമുഴുവൻ സമുദ്രമായിത്തീർന്ന നില ,തോണി മാത്രം ശരണം .തോണി കിട്ടണമെങ്കിൽ കുറിച്ചിക്കര വരെ പോകണം.ഇത്രയും ദൂരം പാതിരാത്രിക്ക് ആര് നീന്തിപ്പോകും ?
അക്കാലങ്ങളിൽ ഒട്ടുമുക്കാൽ പ്രസവവും വീടുകളിൽത്തന്നെ.വടകരയിൽ രത്നകുമാരി എന്ന ഒരു ലേഡിഡോക്ട്ർ .
ഗത്യന്തരമില്ലാതെ പെരുമഴയത്ത് പ്രസവവേദനയനുഭവിക്കുന്ന സ്ത്രീയെ അൽപ്പം കൂടെ സുരക്ഷിതമായനിലയിൽ തിരുകൊയിലോത്ത് കൃഷ്ണൻ മാസ്റ്ററുടെ വീട്ടിലേയ്ക്ക് മാറ്റി .അദ്ദേഹത്തിൻറെ ഭാര്യ അമ്മാളുടീച്ചർ തുടങ്ങിയ സ്ത്രീകളുടെ പരിചരണത്തിൽ പ്രസവം നടന്നത്രെ .
കുഞ്ഞിയമ്മയുടെ മുഖ്യ ഇടപെടൽ വേറെയും. പരമ്പരാഗത സൂതികർമ്മ അറിവുകളുടെ പിൻബലമുള്ള കുഞ്ഞിയമ്മ എന്ന വയറ്റാട്ടിയായിരുന്നു അക്കാലങ്ങളിൽ ഇവിടുത്തെ പ്രമുഖ വയറ്റാട്ടി .
അവരുടെ മേൽനോട്ടത്തിലായിരുന്നുവത്രെ എന്റെ 'അമ്മ എന്നെ പ്രസവിച്ചതെന്നും കേട്ടിട്ടുണ്ട് .
'' ഞാൻ തൊട്ട മോനല്ലേ'' -എന്ന് പറഞ്ഞായിരുന്നു അവരെന്നെ പിൽക്കാലങ്ങളിൽ താലോലിക്കാറുള്ളത് .
മുതിർന്നു വലുതായ സമയങ്ങളിലും ഒരവകാശംപോലെ കുഞ്ഞിയമ്മയ്ക്ക് ആവശ്യപ്പെട്ടതെല്ലാം കൊടുക്കുന്നതിലും എനിക്ക് സന്തോഷമായിരുന്നു .
എൻറെ അമ്മയ്ക്കും വല്യമ്മക്കുമെല്ലാം വലിയ സ്നേഹമായിരുന്നു അവരെ .ചാത്തോത്തുമീത്തൽ എന്ന വീടിനടുത്തായിരുന്നു കുഞ്ഞിയമ്മയുടെ വീട് ,
ചാത്തോത്ത് മീത്തൽ കുട്ടിയച്ഛൻ അക്കാലത്തെ ഒരിടത്തരം കരപ്രമാണിയും ഭൂസ്വത്തിന്റെ ഉടമയുമായിരുന്നു.
സ്വന്തമായി മൂരികളും ധാരാളം കൃഷിയുമുള്ള ആൾ .മലോൽ ക്ഷേത്രവുമായും മറ്റും ബന്ധമുള്ള കുട്ടിയച്ഛനെ കണ്ട ഓർമ്മ എനിക്കുണ്ട് .
കുടുമകെട്ടി കടുക്കനിട്ട ഒരു മുഖം . തട്ടോളിക്കര സ്‌കൂളിലെ കണാരൻ മാസ്റ്ററുടെ അച്ഛനായിരുന്നു ഇദ്ധേഹം .
ഏറെക്കാലം കുന്നുമ്മക്കരയിൽ റേഷൻഷോപ്പ് നടത്തിയ സി എം ഗോപാലൻ എന്ന ആളും ഇദ്ദേഹത്തിന്റെ മക്കളിൽ ഒരാൾ .
ഇപ്പോഴത്തെ പ്രമുഖ സാമൂഹ്യപ്രവർത്തകനും പൊതുകാര്യപ്രസക്തനുമായ ശ്രീ .എ കെ ബാലന്റെ മുത്തശ്ശിയായിരുന്നു അക്കാലത്ത് നാടിന് വിലപ്പെട്ട കുഞ്ഞിയമ്മ .കാലമേറെയായി അവരില്ലാതായിട്ട് .
കൊയ്ത്തു കഴിഞ്ഞ വയലുകളിൽ വിഷുവിന് മുൻപേ വെള്ളരികൃഷി .അയൽക്കൂട്ടങ്ങളുടെ കൂട്ടായ്മയിൽ അൽപ്പസ്വൽപ്പം മത്സര ബുദ്ധിയോടെ .
രാത്രികാലങ്ങളിൽ കുറുക്കനെ തുരത്താൻ വയലുകളിൽ പന്തൽ കെട്ടിയാണ് കാവലിരിപ്പ് .
വെള്ളരിപ്പന്തലിൽ നേരമ്പോക്കിന് ചില കലാപരിപാടികൾ .
പിൽക്കാലത്ത് വെള്ളരിനാടകം എന്നപ്രയോഗം ഭാഷയിൽ വന്നതുമങ്ങിനെ .
വിളവെടുപ്പും ഉത്സവപ്രതീതിയിൽ .വിളവെടുത്ത വെള്ളരി ഓലക്കണ്ണിചുറ്റി ഉത്തരങ്ങളിലോ കവുക്കോലുകളിലോ നിരനിരയായി കെട്ടിത്തുക്കി സൂക്ഷിക്കുമായിരുന്നു .
കീടനാശിനി പ്രയോഗമോ രാസവളമോ ഇല്ലാതെ വിളയിച്ചെടുത്ത വെള്ളരികൾ ദീർഘകാലം കേടുവരാതെ നിന്നിരുന്നതും അക്കാലത്തെ കാഴ്ച്ച .
ഓണക്കാലമായാൽ പൂക്കളമൊരുക്കാൻ ഈ വയലിലെത്തി കാക്കപ്പൂവും വരിനെല്ലും ശേഖരിക്കാൻ പലഭാഗങ്ങളിൽ നിന്നുമെത്തുന്ന കുട്ടികൾ കാഴ്ച്ചയിൽ മറ്റൊരു വയൽപ്പൂക്കൾ.
മലോൽ അമ്പലത്തിലെ മേലേരിയിൽ നിന്നും മുകളിലോട്ട് പറന്നുയരുന്ന അഗ്നി ബിന്ദുക്കൾ പോലെ ചിലകാലങ്ങളിൽ വയലുമുഴുവൻ എണ്ണമില്ലാത്ത മിന്നാമിനുങ്ങുകൾ മിന്നിത്തെളിയും .
കുളക്കോഴികളുടെ കുറുകലിന് പുറമെ മണ്ണട്ടകളുടെയും ചീവീടുകളുടെയും കരച്ചിൽ വേറെയും .
രാസവളപ്രയോഗങ്ങളും കീടനാശിനികളും ചീവീടുകളുടെ കരച്ചിലിന് അറുതിവരുത്തിയെന്നു വേണം കരുതാൻ !
ഇന്ന് വയൽപ്പരപ്പിലൂടെ നടക്കുമ്പോൾ സ്‌മശാനമൂകതായാണ് തോന്നുക! ചോമ്പാലയിലെ ഇന്നത്തെ പ്രമുഖ എഴുത്തുകാരനും കഥാകൃത്തമായ കോമത്ത് നാണുവിന്റെ വീടിന്റെ പടിഞ്ഞാറെ മുറിയിലെ ജനലഴികൾക്കിടയിലൂടെ മുക്കാളി ഭാഗത്തേയ്ക്ക് നോക്കിയാൽ തീവണ്ടിപോകുന്നത് കാണുമായിരുന്നു.
കോമത്ത് നാണുവിന്റെ പറമ്പിലെ കപ്പായി മാവിന്റെ കൊമ്പിൽ കയറി കടല് കണ്ട കഥ നാണു ഈ അടുത്തദിവസം കൂടി അയവിറക്കുകയുണ്ടായി.
ഇതൊക്കെ സത്യമാണെന്ന് വിശ്വസിക്കുമോ ഇന്നത്തെ പുതിയതലമുറക്കാർ ? .
ആ കാലങ്ങളിൽ ഇന്ന് കാണുന്ന കെട്ടിടങ്ങളോ വീടുകളോ വൻ മരങ്ങളോ ഒന്നുമില്ല മറവുണ്ടാക്കാൻ .
പരന്നുകിടക്കുന്ന വയലും കുനിപ്പറമ്പുകളും മാത്രം. തോട്ടുവരമ്പിലൂടെ നേടന്നുപോകുമ്പോൾ പടിഞ്ഞാറിനിന്നും വീശിയെത്തുന്ന തണുത്തു നനുത്ത കാറ്റിൽ തോളിലിട്ട രണ്ടാം മുണ്ട് വരെ പാറിപ്പോകുമായിരുന്നു. അതായിരുന്നു അന്നത്തെ വടക്കേ വയലിന്റെ മഹത്വം.
ഈ അടുത്ത ദിവസം ഈ ഭാങ്ങളിലൂടെ നടന്നുപോകുമ്പോൾ ചില കണ്ട വേറിട്ട കാഴ്ചകൾ പറയാതെ വയ്യ .

എം .പി .ദയാനന്ദൻ
എം .പി .ദയാനന്ദൻ

ഇടവലക്കണ്ടിതാഴെ തോടിന്റെ പരിസരങ്ങളിൽ റോഡരികിൽ മനോഹരമായ പൂന്തോട്ടം സംരക്ഷിയ്ക്കപ്പെടുന്നു .

പലതരം തോട്ടവാഴകൾ ,കോസ്മോസ്,കുലകുലയായി പനിനീർപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന റോസാച്ചെടികൾ ,ചെണ്ടുമല്ലി ,ജമന്തിപ്പൂക്കൾ ,വിവിധയിനം ചെമ്പരത്തിച്ചെടികൾ  ,ക്രോട്ടൺസ് അങ്ങിനെ നീളുന്നു റോഡരികിൽ നട്ടുവളർത്തുന്ന അലങ്കാരച്ചെടികളുടെ നീണ്ട നിര .ചെറുതെങ്കിലും മനോഹരമായ ഉദ്യാനഭംഗി. പല റോഡരികിലും മാലിന്യങ്ങളും  ഒഴിഞ്ഞ ബ്രാണ്ടിക്കുപ്പികളും  അറവുശാലകളിൽനിന്നുള്ള മാംസാവശിഷ്ടങ്ങളും കണ്ടും കാണാതെയും  കൊണ്ടുപോയി തള്ളുന്നവരുള്ള കാലങ്ങളിൽ പൊതു റോഡുകളെയും പൊതു ഇടങ്ങളെയും തൻറെ വീട്ടുമുറ്റം പോലെ കരുതി പരിസരങ്ങളെ  സ്നേഹിക്കുന്ന, പ്രകൃതിയെ പ്രണയിക്കുന്ന വേറിട്ട മനസ്സുള്ള ഒരു മനുഷ്യൻ ഇവിടെയുണ്ട് .

ഇടവലക്കണ്ടി താരകം എന്ന വീട്ടിലെ എം പി ദയാനന്ദൻ .വേനൽക്കാലങ്ങളിൽ തോട്ടിൽ വെള്ളം വറ്റിയാൽ  നൂറു മീറ്ററിലധികം ദൂരെയുള്ള സ്വന്തം വീട്ടിൽനിന്നും ബക്കറ്റിൽ പലതവണകളായി വെള്ളം തൂക്കിക്കൊണ്ടുവന്നാണ് ദയാനന്ദൻ എന്ന പ്രകൃതി സ്നേഹി ഇവ നനച്ചുവളർത്തുന്നത്. സഹായിക്കാൻ ഭാര്യ ഉഷ ടീച്ചറും മക്കളും  .

സ്വന്തം വീടും പരിസരവുംപോലെ താൻ  ജീവിക്കുന്ന ചുറ്റുപാടിനേയും കരുതുന്ന ഇത്തരക്കാരെ വിസ്‌മയത്തോടെ ,കൃതജ്ഞതയോടെ മാത്രമേ ആർക്കും നോക്കിക്കാണാനാവൂ  .---(തട്ടോളിക്കരയുടെ നാട്ടുപുരാണം തുടരും)

With Pranams,

Divakaran Chombala.

Mob: 9895745432

English Summary: thattolikara , a small village kunambath narayana kurup

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds