ആലപ്പുഴ: 'തരിശുരഹിത പഞ്ചായത്ത്' പദ്ധതിക്ക് മുഹമ്മ ഗ്രാമപഞ്ചായത്തിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷിബു നിർവഹിച്ചു.
മുഹമ്മ പഞ്ചായത്ത് 15-ാം വാർഡ് സ്വദേശിയായ ദയാൽമജി എന്ന കർഷകനാണ് 50 സെന്റ് പാടശേഖരത്തിൽ കൃഷി ചെയ്യുന്നത്.പഞ്ചായത്തും കൃഷി വകുപ്പും സംയുക്തമായി നടപ്പാക്കുന്ന തരിശുരഹിത പഞ്ചായത്ത് പദ്ധതിയിൽ 37000 രൂപ കൂലി ചെലവ് സബ്സിഡിയാണ് കർഷകന് നൽകുന്നത്.
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി സബ്സിഡി തുക കർഷകന്റെ അക്കൗണ്ടിൽ നൽകും. വെണ്ട, മുളക്, വെള്ളരി, പയർ തുടങ്ങി വിവിധയിനം പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
കൃഷി വകുപ്പിന്റെ ജൈവഗൃഹം പദ്ധതി പ്രകാരം നേരത്തെ കൃഷി ചെയ്തു മികച്ച നേട്ടം കൊയ്തതിന് പിന്നാലെയാണ് ദയാൽമജി ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചിരിക്കുന്നത്.
ചടങ്ങിൽ കൃഷി ഓഫീസർ രാഖി അലക്സ്, കർഷക സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
Share your comments