മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ വേതന വിതരണം ആധാർ അധിഷ്ഠിത സംവിധാനത്തിലേക്ക് (എബിപിഎസ്) മാറ്റി കേന്ദ്ര സർക്കാർ. ജനുവരി 1 മുതലാണ് എബിപിഎസ് നിർബന്ധമാക്കിയത്. വിതരണം എബിപിഎസ് വഴിയാക്കാൻ കേന്ദ്രസർക്കാർ സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരുന്ന അവസാന തീയതി ഡിസംബർ 31 വരെയായിരുന്നു. തീരുമാനം പ്രാബല്യത്തിൽ വന്നതോടെ തൊഴിലാളികളുടെ 12 അക്ക നമ്പർ ഉപയോഗിച്ചാണ് സംവിധാനത്തിലൂടെ വേതനം വിതരണം ചെയ്യുക.
കൂടുതൽ വാർത്തകൾ: ആധാർ കാർഡ് വഴി 24 മണിക്കൂറിനകം വായ്പ നേടാം
തൊഴിലാളികളുടെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകുന്ന സംവിധാനമാണ് എബിപിഎസ്. നിലവിൽ 25.89 കോടി ആളുകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ഇതിൽ 17.37 കോടി പേർ എബിപിഎസ് സംവിധാനത്തിലേക്ക് മാറിയിട്ടുണ്ട്. കേരളത്തിൽ 1,261 പേരാണ് എബിപിഎസ് സംവിധാനത്തിന് പുറത്തുള്ളത്. അതേസമയം, ആധാറുമായി ബന്ധപ്പെട്ട് പ്രതിസന്ധികൾ നിലനിൽക്കുന്ന പ്രദേശങ്ങളിൽ ഇളവ് നൽകുമെന്ന് കേന്ദ്രം അറിയിച്ചു.
ഗ്രാമവികസന മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവ് വിമർശനങ്ങളെ തുടർന്ന് 5 തവണയാണ് നീട്ടി വച്ചത്. 2023 ജനുവരിയിലാണ് എബിപിഎസ് സംവിധാനം നിർബന്ധമാക്കണമെന്ന് ഉത്തരവ് വന്നത്. പിന്നീട് ഫെബ്രുവരി 1 അവസാന തീയതിയായി പ്രഖ്യാപിച്ചിരുന്നെങ്കിലും തീയതി നീട്ടുകയായിരുന്നു.
Share your comments