1. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ സൗജന്യ ചികിത്സക്ക് ആധാർ നിർബന്ധമാക്കി. സർക്കാർ- സ്വകാര്യ ആശുപത്രികളിലാണ് ആധാർ നിർബന്ധമാക്കിയത്. കാസ്പ് ഹെൽത്ത് കാർഡും ആധാറുമായി ബന്ധിപ്പിച്ചവർക്കേ ഇനി സൗജന്യമായി ചികിത്സ ലഭിക്കൂ. തട്ടിപ്പ് തടയുന്നതിന് വേണ്ടിയിട്ടാണ് ഇത് നടപ്പിലാക്കുന്നത്. എന്നാൽ അടിയന്തിര ചികിത്സയുമായി ബന്ധപ്പെട്ടവർക്ക് ഇളവ് ലഭിക്കും. അവരുടെ രോഗം ഭേതമായതിന് ശേഷം ആധാർ പരിശോദന നടത്തുന്നതായിരിക്കും.
2. അന്തർദേശീയ നാളികേര സമൂഹം എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ. ജെൽഫിനാ സി അലൗവുമായി നാളികേരവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൃഷിമന്ത്രി പി പ്രസാദ് ചർച്ച ചെയ്തു. 20 തെങ്ങ് ഉൽപാദന രാജ്യങ്ങളുടെ സർക്കാർ സംഘടനയാണ് അന്തർദേശീയ നാളികേര സമൂഹം. കേരളത്തിന്റെ നാളികേര വികസനത്തിന് പരിശീലനങ്ങൾ നൽകുവാനും കർഷകർക്കും സംരംഭകർക്കും വിവിധ തെങ്ങ് ഉൽപാദന രാജ്യങ്ങൾ സന്ദർശിക്കുവാനും ഉള്ള സഹായങ്ങളും സാങ്കേതിക വിദഗ്ധരുടെ സേവനങ്ങളും ചർച്ചയിൽ വാഗ്ദാനം ചെയ്തു. കാർഷിക വില നിർണയ ബോർഡ് കേരഗ്രാമങ്ങളെ കുറിച്ച് നടത്തിയ പഠന റിപ്പോർട്ട് ഡോ. ജെൽഫീന സി അലൗവിന് കൈമാറി.
3. സംസ്ഥാനത്ത് ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ജ്യൂസ് കടകൾ കേന്ദ്രീകരിച്ച് പ്രത്യേക പരിശോധനകൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജില്ലകളിൽ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണർമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഇതുകൂടാതെ സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സും പരിശോധനകൾ നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകൾ മുതൽ എല്ലാ കടകളും പരിശോധിക്കുന്നതാണ്. ഹോട്ടലുകളും റെസ്റ്റോറന്റുകളും കേന്ദ്രീകരിച്ചുള്ള മറ്റ് പരിശോധനകൾ തുടരും. ഭക്ഷ്യ സുരക്ഷാ ലാബുകളോടൊപ്പം മൊബൈൽ ലാബിന്റെ സേവനങ്ങളും ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
4. കോന്നിയിലെ ഭക്ഷ്യ പൊതുവിതരണ വകുപ്പിനു കീഴില്‍ Council for Food Research and Development ൻ്റെ നിയന്ത്രണത്തില്‍ മികച്ച നിലവാരത്തില്‍ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്നോളജിയിലും അനുബന്ധ വിഷയങ്ങളിലും ബിരുദ ബിരുദാനന്തര കോഴ്സുകളിലെ വിദ്യാർത്ഥികള്‍ക്കും, യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളായ വിദ്യാർത്ഥികള്‍ക്കും സപ്ലൈകോയില്‍ നിന്നും ഗോള്‍ഡ് മെഡലും, ഫലകവും സർട്ടിഫിക്കറ്റും ഭക്ഷ്യ പൊതു വിവതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ വിതരണം ചെയ്തു. ലോഗോ പ്രകാശനത്തിന്റയും ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
5. വനത്തിനുള്ളില്‍ താമസിക്കുന്നതും സ്വയം സന്നദ്ധരായി വരുന്നവരുമായ ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ റീബില്‍ഡ് കേരള ഡെവലപ്‌മെന്റ് സ്വയം, സന്നദ്ധ പുനരധിവാസ പദ്ധതി ഇനി മുതല്‍ 'നവകിരണം' എന്ന പേരില്‍ അറിയപ്പെടും. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ സോഷ്യല്‍ മീഡിയ പേജിന്റെ ലോഞ്ചിംഗ് വന വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നിര്‍വ്വഹിച്ചു. നവകിരണം പദ്ധതിയുടെ ഭാഗവത്തായ ഓരോ കുടുംബത്തിനും പുതിയ താമസ സ്ഥലത്ത് തൊഴില്‍ നേടുന്നതിനായി ഒറ്റത്തവണ ഉപജീവന സഹായ പരിശീലനവും മറ്റ് പദ്ധതികളും ആവഷ്കരിച്ചിട്ടുണ്ട്.
6. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കാർബൺ ന്യൂട്രൽ കേരളം ലക്ഷ്യമിട്ട് ആരംഭിച്ച 'നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ' കാമ്പയിന്റെ ഭാഗമായി കാർബൺ എമിഷൻ കണക്കാക്കുന്നതിനുള്ള സാങ്കേതിക പരിശീലനം ആരംഭിച്ചു. തിരുവനന്തപുരം കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിൽ രണ്ട് ദിവസങ്ങളിലായി നടക്കുന്ന ശിൽപശാല നവകേരളം കർമ്മപദ്ധതി കോർഡിനേറ്റർ ഡോ. ടി എൻ സീമ ഉദ്ഘാടനം ചെയ്തു.
7. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ സാങ്കേതിക തടസങ്ങള്‍ മൂലം നിഷേധിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങളും വേതനവും ഉറപ്പ് വരുത്തുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് തൊഴിലുറപ്പ് പദ്ധതി എറണാകുളം ജില്ലാ ഓംബുഡ്സ്മാന്‍ എം.ഡി വര്‍ഗീസ് ഉത്തരവിട്ടു. സാങ്കേതിക തടസം മൂലം വേതനവും തൊഴിലും ലഭിക്കാത്ത തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ട തൊഴില്‍ ദിനത്തിന്റെ വേതനവും ജോലി എടുത്ത ദിവസങ്ങളുടെ വേതനവും 14 ദിവസത്തിനകം നല്‍കണമെന്നും ഉത്തരവ്.
8. പൂസയിൽ വെച്ച് നടക്കുന്ന ത്രിദിന കൃഷി വിജ്ഞാൻ മേളയ്ക്ക് ഇന്ന് സമാപനം. "ശ്രീ അന്നയ്‌ക്കൊപ്പം പോഷകാഹാരം, ഭക്ഷണം, പരിസ്ഥിതി സംരക്ഷണം" എന്ന വിഷയം മുഖ്യ പ്രമേയമാക്കി വാർഷിക പരിപാടി സംഘടിപ്പിച്ചത് ഐസിഎആർ-ഇന്ത്യൻ അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ്. മേളയിൽ കൃഷി ജാഗരനും ഭാഗമായി.
9. പുതിയ മേഘാലയ സർക്കാർ കൃഷി, ടൂറിസം, ഇൻഫ്രാസ്ട്രക്ചർ, ആരോഗ്യം, യുവാക്കൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്ഥാനമൊഴിയുന്ന മുഖ്യമന്ത്രി കോൺറാഡ് കെ സാങ്മ. കൃഷി, വിനോദസഞ്ചാരം, മൊത്തത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.
10. സംസ്ഥാനത്ത് വേനൽച്ചൂട് ഉയരുന്ന സാഹചര്യത്തിൽ കണ്ണൂർ കാസഡഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നാണ് അറിയിപ്പ്.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തിന്റെ അടിസ്ഥാന വികസനം സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തി: പ്രധാനമന്ത്രി
Share your comments