അതിവിപുലമായ ജനപങ്കാളിത്തത്തോടെ കളമശ്ശേരി കാർഷികോത്സവം നാടിന്റെ ഉത്സവമായി മാറിയെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. കളമശ്ശേരിയിൽ നടന്ന വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു വർഷക്കാലമായി ആരംഭിച്ച 'കൃഷിക്കൊപ്പം കളമശ്ശേരി' പദ്ധതി മികച്ച പ്രവർത്തനങ്ങളോടെയാണ് മുന്നോട്ട് പോകുന്നത്. പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച കളമശ്ശേരി കാർഷികോത്സവം പ്രതീക്ഷിച്ചതിലും ഗംഭീരമായാണ് നടന്നത്. പ്രാദേശികമായി കൃഷി ചെയ്ത ഉത്പന്നങ്ങളുടെയും മൂല്യവർദ്ധിത ഉത്പന്നങ്ങളുടെയും 62 സ്റ്റാളുകളിൽ വൻ തിരക്കാണ് 8 ദിവസങ്ങളിലായി അനുഭവപ്പെട്ടത്.
പ്രദർശന വിപണനമേളയിലെ ഭക്ഷ്യശാല ഏറെ ജനശ്രദ്ധയാകർഷിച്ചു. പാലക്കാട് കുടുംബശ്രീ സംഘത്തിന്റെ കാട്ടുരുചികൾ അടങ്ങിയ വിഭവങ്ങളും കുടുംബശ്രീയുടെ സമീകൃത ആഹാര കലവറയിലേക്കും ജനങ്ങൾ ഒഴുകിയെത്തി. ഷെഫ് പിള്ളയുടെ കളാഞ്ചി നിർവാണയും രാമശ്ശേരി ഇഡലിയും മേളയിൽ ശ്രദ്ധേയമായി.
കാർഷികോത്സവത്തിൽ സംഘടിപ്പിച്ച 15 സെമിനാറുകളിൽ രണ്ടായിരത്തോളം പേർ പങ്കെടുത്തു. കുട്ടി കർഷകർ, ക്ഷീര കർഷകർ, മത്സ്യകർഷകർ, വനിതാ കർഷകർ, മില്ലറ്റ് കർഷകർ, ജൈവ കർഷകർ, യുവകർഷകർ തുടങ്ങി വിവിധ മേഖലകളിലെ കർഷകർ അനുഭവങ്ങൾ പങ്കുവച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഓരോ വാർഡുകൾ കേന്ദ്രീകരിച്ചും കൃഷിക്ക് പ്രാധാന്യം നൽകണം. നൂറിലധികം റസിഡൻസ് അസോസിയേഷനുകൾ സംഗമത്തിൽ പങ്കെടുത്തു. റസിഡൻസ് അസോസിയേഷനുകൾ വീടുകളെ കേന്ദ്രീകരിച്ചുള്ള കൃഷി വിപുലപ്പെടുത്തണം.
'തരിശു രഹിത കളമശ്ശേരി സുരക്ഷിതമായി' എന്ന ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. കർഷകർക്ക് ഉയർന്ന വില ലഭ്യമാക്കണം. ഫാം ടൂറിസം പ്രോത്സാഹിപ്പിക്കണം. 17 സഹകരണ ബാങ്കുകളും കക്ഷിരാഷ്ട്രീയത്തിന് അതീതമായാണ് കൃഷിക്കൊപ്പം കളമശ്ശേരിക്ക് വേണ്ടി പ്രവർത്തിക്കുന്നത്. നെല്ലുൽപാദനം പ്രോത്സാഹിപ്പിക്കണം. മത്സ്യകൃഷിയും മുട്ട കൃഷിയും പൂകൃഷിയും വരും വർഷങ്ങളിൽ ശക്തിപ്പെടുത്തും. ഏത് പ്രദേശത്തെ കൃഷിയും അതത് പ്രദേശത്തെ സഹകരണ ബാങ്കുകൾ പിന്തുണയ്ക്കും. 2024 ൽ ആലങ്ങാട് ശർക്കര വിപണിയിൽ എത്തിക്കും.
ഗുണമേന്മയുള്ള വിത്തുകളും തൈകളും കർഷകർക്ക് ലഭ്യമാക്കും. സംഭരണ സംവിധാനം ശരിയായ രീതിയിൽ നടപ്പിലാക്കും. മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കും. കൃഷിക്കൊപ്പം കളമശ്ശേരിയിലൂടെ സമഗ്രമായ വികസനമാണ് ലക്ഷ്യമിടുന്നത്. കാർഷികോത്സവം പദ്ധതി നടത്തിപ്പിന് ഊർജ്ജം പകർന്നു. എല്ലാമാസവും തുടർന്നും കർഷകരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കും. അതിവിപുലമായ ജനപങ്കാളിത്തത്തോടെ കളമശ്ശേരി മാതൃക മുന്നോട്ടു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
'കൃഷിക്കൊപ്പം കളമശ്ശേരി' പദ്ധതി കോഓഡിനേറ്റർ എം.പി വിജയൻ, കൺവീനർ വി.എം ശശി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Share your comments