കണ്ണൂര്‍ ജില്ലയിലെ ശ്രീകണ്ഠപുരം ചെമ്പന്‍തോട്ടിയില്‍ സി യു ജോര്‍ജിന് കൃഷി എന്നത് ഉപജീവനമാര്‍ഗം മാത്രമല്ല, മറിച്ച് നീണ്ട വര്‍ഷത്തെ അധ്യാപനജീവിതത്തിനിടയില്‍ പ്രഥമാധ്യാപകനായി വിരമിച്ച നാട്ടുക്കാരുടെ പ്രിയപ്പെട്ട ജോര്‍ജ് മാഷിന് മനസിന്റെ ഉന്മേഷം കൂടിയാണ് കൃഷി. മകളുടെ ഭര്‍ത്താവ് കാസര്‍കോട് ജില്ലയിലെ ബദിയടുക്കയില്‍ വാങ്ങിയ ഒമ്പത് ഏക്കര്‍ സ്ഥലത്തില്‍ കൃഷി ചെയ്ത തെങ്ങ്, കവുങ്ങ്, കുരുമുളക, ജാതി, വാഴ എന്നീ വിളകള്‍ക്കും നാല് പശുക്കള്‍ക്കുമൊപ്പം വിശ്രമജീവിതം ആനന്ദകരമാക്കുകയാണ് ജോര്‍ജ് മാഷ്. പശുക്കള്‍ക്ക് വേണ്ടി ആധുനികരീതിയിലുള്ള കാലിത്തൊഴുത്തുകളടക്കം എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്ന ജോര്‍ജ് മാഷ് കൃഷിയില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തേക്കാള്‍ മനസിന്റെ ആനന്ദത്തിനാണ് പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ കൃഷി നഷ്ടത്തിലാണെന്ന പരാതിയും ഇദ്ദേഹത്തിനില്ല. അഞ്ച് ജോലിക്കാരാണ് കൃഷിക്കായി ഇവിടെയുള്ളത് എന്ന് അഭിമാനത്തോടെ പറയുന്ന ഇദ്ദേഹം നാല് സ്ഥിരം ജോലിക്കാരുടെ കൂടെ അഞ്ചാമത്തെ ആളായി രാപകല്‍ കൃഷിക്കായി സമയം കണ്ടെത്തുന്നു. മാനസികോല്ലാസത്തിന് കൃഷിയില്‍ കവിഞ്ഞൊരു മാര്‍ഗമില്ലെന്നാണ് ഇദ്ദേഹത്തിന്റെ പക്ഷം. കൃഷി ചെയ്യുന്നതിനാവശ്യമായ വിളകള്‍ തയ്യാറാക്കുന്നതിന് സ്വന്തമായൊരു നഴ്‌സറിയും ജോര്‍ജ് മാഷ് തയ്യാറാക്കിയിട്ടുണ്ട്. 3000 കവുങ്ങുകളും 270 തെങ്ങുകളുമാണ് കൃഷിയിടത്തില്‍ ഉള്ളത്. മോഹിന്‍നഗര്‍ ഇന്റര്‍ മംഗള എന്നയിനം കവുങ്ങിന്‍ തൈകളാണ് കൃഷിക്കായി നഴ്‌സറിയില്‍ തയ്യാറാക്കുന്നത്. ആട്ടിന്‍കാഷ്ഠമാണ് പൂര്‍ണമായും ജൈവരീതി അവലംബിക്കുന്ന കൃഷിയില്‍ ഉപയോഗിക്കുന്നത്. കൂടാതെ ജൈവസ്ലറി തയ്യാറാക്കുന്നതിനായി ഒരു ടാങ്കും ജോര്‍ജ് മാഷ് നിര്‍മ്മിച്ചിട്ടുണ്ട്. ഈ സ്ലറി വര്‍ഷക്കാലത്ത് തെങ്ങിനും വേനല്‍ക്കാലത്ത് കവുങ്ങിനും ഉപയോഗിക്കുന്നു.
നാല് പശുക്കളില്‍ നിന്നായി 18 ലിറ്റര്‍ പാല്‍ ദിവസേന ലഭിക്കുന്നു. തൊട്ടടുത്ത വീടുകളിലും മില്‍മകളിലുമാണ് ഈ പാല്‍ ഇദ്ദേഹം വിതരണം ചെയ്യുന്നത്. വില കൊടുത്ത് വാങ്ങുന്ന കച്ചികള്‍ക്ക് പുറമേ 1 ഏക്കറില്‍ തീറ്റപ്പുല്‍കൃഷിയും നടത്തുന്നുണ്ട് ഈ അധ്യാപകന്‍. പശുക്കളുടെ തീറ്റയുടെ കാര്യത്തിലും അവയ്ക്ക് ആവശ്യമായ ആധുനിക സംവിധാനങ്ങള്‍ ഒരുക്കുന്നതിലും ഒരു വിട്ടുവീഴ്ചയും മാഷിനില്ല. ഇതിന് പുറമേ 2000 റബ്ബര്‍ മരങ്ങളും ഇദ്ദേഹത്തിനുണ്ട്. ലാഭനഷ്ടകണക്കുകള്‍ തട്ടിച്ചുനോക്കി നെടുവീര്‍പ്പിടുന്ന ശീലം ജോര്‍ജ് മാഷിനില്ല. കാരണം കൃഷി എന്നത് അദ്ദേഹത്തിനു അത്രയ്ക്കും പ്രിയപ്പെട്ടതായി കഴിഞ്ഞിരിക്കുന്നു
Share your comments