1. News

നാടിൻറെ പൊതുവികസനത്തിന് സഹകരണ മേഖലയുടെ പങ്ക് വലുത്

നാടിൻറെ പൊതുവികസനത്തിന് സഹകരണ മേഖലയുടെ പങ്ക് വലുതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. സഹകരണമേഖലയിലെ ഉത്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ ആദ്യ കോ-ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് അടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Meera Sandeep
"നാടിൻറെ പൊതുവികസനത്തിന് സഹകരണ മേഖലയുടെ പങ്ക് വലുത് " മന്ത്രി വി.എന്‍.വാസവന്‍
"നാടിൻറെ പൊതുവികസനത്തിന് സഹകരണ മേഖലയുടെ പങ്ക് വലുത് " മന്ത്രി വി.എന്‍.വാസവന്‍

നാടിൻറെ പൊതുവികസനത്തിന് സഹകരണ മേഖലയുടെ പങ്ക് വലുതെന്ന് സഹകരണ വകുപ്പ് മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു. സഹകരണമേഖലയിലെ ഉത്പന്നങ്ങള്‍ ഏകീകൃത ബ്രാന്‍ഡിങ് ആന്‍ഡ് മാര്‍ക്കറ്റിങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പത്തനംതിട്ട ജില്ലയിലെ ആദ്യ കോ-ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് അടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആധുനിക സൗകര്യങ്ങളോടുകൂടിയ അടൂരിലെ കോ-ഓപ് മാര്‍ട്ട് ഹൈപ്പര്‍മാര്‍ക്കറ്റ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി പറഞ്ഞു. ഈ ഹൈപ്പര്‍മാര്‍ക്കറ്റ് കേരളത്തിലെതന്നെ ഏറ്റവും മികച്ച സംരംഭമാക്കി മാറ്റിയ പറക്കോട് സര്‍വീസ് സഹകരണ ബാങ്കിനെയും സഹകാരികളെയും പൊതുജനങ്ങളെയും അഭിനന്ദിക്കുന്നതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

സാധാരണക്കാരൻറെ പങ്കാളിത്തമുള്ള ധനകാര്യ സംരംഭമാണ് സഹകരണ മേഖലയിലുള്ളത്. കേരളത്തില്‍ കൃഷി വകുപ്പും സഹകരണ വകുപ്പും സംയോജിച്ച് പൊതുജന പങ്കാളിത്തത്തോടെ വിപുലമായ പദ്ധതികളാണ് ആസൂത്രണംചെയ്ത് ഫലവത്തായ രീതിയില്‍ നടപ്പാക്കിവരുന്നതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു. മൂല്യവര്‍ധിതവും വൈവിധ്യവും നിറഞ്ഞ ഉല്‍പ്പന്നങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന ഇടം കൂടിയാണ് കോഓപ് ഉള്‍പ്പെടെയുള്ള സഹകരണ സംരംഭങ്ങള്‍.

ജനങ്ങള്‍ പ്രതിസന്ധികളെ നേരിട്ടപ്പോഴൊക്കെ കൂടെ നിന്നു കരുത്ത് പകര്‍ന്ന ചരിത്രമാണ് സഹകരണ പ്രസ്ഥാനങ്ങള്‍ക്കുള്ളത്. കോവിഡ് കാലത്തും മഹാപ്രളയ കാലത്തും സഹകരണ മേഖല മാതൃകാപരമായ സേവനം ഉറപ്പാക്കി. കേരളാ ബാങ്ക് സാധാരണക്കാരെ ശക്തിപ്പെടുത്തുന്ന ന്യൂതനമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. കോവിഡ് കാലത്ത് നാടിൻറെ നന്മയ്ക്കായി കോവിഡ് പ്രതിരോധ സാമഗ്രികള്‍  മിതമായ നിരക്കില്‍ ലഭ്യമാക്കി.

സഹകരണ വകുപ്പിൻറെ കെയര്‍ ഹോം പദ്ധതിപ്രകാരം 2,600 വീടുകള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടതില്‍ നിലവില്‍ 2006 വീടുകള്‍ പൂര്‍ത്തീകരിച്ചു. കെയര്‍ ഹോം പദ്ധതി പ്രകാരം 40 ഫ്‌ളാറ്റുകള്‍ ഉടന്‍ സാധാരണക്കാര്‍ക്ക് സൗജന്യമായി തുറന്ന് കൊടുക്കാന്‍ പോകുകയാണ്. സഹകരണ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്താന്‍ സഹകരണ ബാങ്കുകള്‍ മറ്റ് സംരംഭങ്ങള്‍ എന്നിവയെ പോത്സാഹിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.

കൃഷി മന്ത്രി പി.പ്രസാദ് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആദ്യ വില്‍പ്പന നടത്തി. വെബ് സൈറ്റിന്റെ ഉദ്ഘാടനം സഹകരണസംഘം രജിസ്ട്രാര്‍ പി.ബി.നൂഹും മത്സ്യഫെഡ് ഫിഷ് സ്റ്റാളിന്റെ ഉദ്ഘാടനം മത്സ്യഫെഡ് ചെയര്‍മാന്‍ ടി.മനോഹരനും നിര്‍വഹിച്ചു.  

സഹകരണ സംരംഭങ്ങള്‍ നാടിൻറെ ജീവനാഡി - മന്ത്രി പി. പ്രസാദ്

സഹകരണ സംരംഭങ്ങള്‍ നാടിൻറെ ജീവനാഡിയാണെന്നും നവീനമായ ആശയങ്ങളുമായി സഹകരണ മേഖലയെ പ്രൊഫഷണല്‍ രീതിയിലേക്ക് ജനപങ്കാളിത്തത്തോടെ മാറ്റുകയാണെന്നും കൃഷിവകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു.  അടൂര്‍ കോ-ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ചടങ്ങില്‍ അധ്യക്ഷതവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സാധാരണക്കാരന് കൈതാങ്ങാകുന്ന നിലയില്‍ കുറഞ്ഞ വിലയില്‍ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ അവരിലേക്ക് എത്തിക്കുന്നതില്‍ കൃഷി വകുപ്പും സഹകരണവകുപ്പും സഹകരിച്ച് വിവിധ പദ്ധതികള്‍ സംസ്ഥാനത്താകെ  നടത്തിവരുകയാണ്. സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളില്‍ ഗുണമേന്‍മയും ഗുണനിലവാരവുള്ളതുമായ ഉല്‍പ്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്.  ഇത് ലഭ്യമാക്കുന്നതിന് കൃഷിക്കാരന്റെ പങ്ക് വലുതാണ്. കൃഷിക്കാരന് ആവശ്യമായ ധനസഹായം ഇതിലേക്കായി സഹകരണ മേഖല വഴി നല്‍കിവരുന്നതായും മന്ത്രി പറഞ്ഞു.

സഹകരണ മേഖലയ്ക്ക് പൊന്‍തൂവലാകും കോ ഓപ് മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റ്: ഡെപ്യൂട്ടി സ്പീക്കര്‍

അടൂര്‍ നിയോജക മണ്ഡലത്തില്‍ സഹകരണ മേഖലയ്ക്ക് പൊന്‍തൂവലാകും കോഓപ്മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ കോ-ഓപ്മാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ആദ്യ വില്‍പ്പന നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തില്‍ സഹകരണ സംരംഭങ്ങളുടെ വിജയത്തിനായി പ്രയത്‌നിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

English Summary: The role of the co-operative sector is great for the general development of the country

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds