
1. പാൽ വില ലിറ്ററിന് രണ്ട് രൂപ വരെ വർദ്ധിപ്പിച്ച് മദർ ഡയറി, പുതുക്കിയ വില ഇന്നു മുതൽ പ്രാബല്യത്തിൽ വന്നു. ഫുൾ ക്രീം, ടോൺഡ്, ഡബിൾ-ടോൺഡ്, പശുവിൻ പാൽ തുടങ്ങി എല്ലാത്തരം പാലിനും ഈ വർദ്ധനവ് ബാധകമാണ്. വർദ്ധിച്ചുവരുന്ന ഉൽപാദനച്ചെലവ് ഭാഗികമായി നികത്തുന്നതിനായാണ് വില വർദ്ധനവ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സംഭരണച്ചെലവിൽ ലിറ്ററിന് 4 മുതൽ 5 രൂപ വരെ ഉയർന്ന വർദ്ധനവ് പരിഹരിക്കുന്നതിനാണ് വില ഉയർത്തിയതെന്ന് ഇന്ത്യൻ ഡയറി കമ്പനി അധികൃതർ പറഞ്ഞു. വേനൽക്കാലം നേരത്തെ ആരംഭിച്ചതും ഉഷ്ണതരംഗ സാഹചര്യങ്ങളുമാണ് വിലവർദ്ധനവിന് കാരണം. മദർ ഡയറി പ്രതിദിനം 35 ലക്ഷം ലിറ്റർ പാൽ വിൽക്കുന്ന ഡൽഹി - എൻ.സി.ആർ വിപണിയിൽ ഇന്നു മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വന്നിരിക്കുകയാണ്.
2. സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ദേശീയ ജന്തുരോഗനിയന്ത്രണപദ്ധതി പ്രകാരം ആറാംഘട്ട കുളമ്പുരോഗ വാക്സിനേഷന്‍ മേയ് രണ്ടു മുതല്‍ 23 വരെ നടക്കും 18 പ്രവൃത്തി ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഭവന സന്ദര്‍ശനം നടത്തി ഉരുക്കള്‍ക്ക് സൗജന്യമായി വാക്സിനേഷന്‍ നല്‍കും. നാല് മാസത്തില്‍ താഴെ പ്രായമുള്ള കിടാക്കളെയും അവസാന ത്രൈമാസ ഗര്‍ഭാവസ്ഥയിലുള്ളവരെയും രോഗം ബാധിച്ചവരെയും ഒഴികെ പശു, എരുമ എന്നിവയെയാണ് കുളമ്പുരോഗ വാക്സിനേഷന് വിധേയമാക്കുന്നത്. കേരള മൃഗരോഗ നിയന്ത്രണ നിയമ പ്രകാര പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കാതിരിക്കുന്നത് ശിക്ഷാര്‍ഹമാണ്. വൈറസ് രോഗം ആയതിനാല്‍ രോഗം വന്നാല്‍ ചികിത്സ ഇല്ലാത്തതിനാല്‍ പ്രതിരോധ കുത്തിവെയ്പ്പ് നിര്‍ബന്ധമായും എടുക്കേണ്ടതാണ്.
3. സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ശനിയാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നും അറിയിപ്പിൽ പറയുന്നു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതേസമയം പകൽ താപനില കൂടുന്നു. ശനിയാഴ്ചവരെ ഉയർന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാൽ എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നും നാളെയും പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലം, എറണാകുളം, തൃശൂർ, മലപ്പുറം, കാസർഗോഡ് എന്നിവിടങ്ങളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും വരെയും ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
Share your comments