എറണാകുളം: കൂനമ്മാവ് സെൻറ്. ജോസഫ് ബോയിസ് ഹോമിലെ തളിർ ഫാർമേഴ്സ് ഇൻററസ്റ്റിംഗ് ഗ്രൂപ്പിൻറെ നേതൃത്വത്തിൽ വൃക്ഷായുർവേദ വിധി പ്രകാരമുള്ള വളങ്ങളും വളക്കൂട്ടുകളും നിർമ്മിക്കുന്ന യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
യൂണിറ്റിൻറെ ഉദ്ഘാടനവും നിർമ്മാണ പരിശീലന പരിപാടിയും കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.എസ് ഷാജി നിർവ്വഹിച്ചു. ഹരിത കഷായം, ജീവാമൃതം, ഘന ജീവാമൃതം, ഫിഷ് അമിനോ ആസിഡ്, ഘന ജീവാമൃത ലഡു എന്നിവയാണ് യൂണിറ്റിൽ നിർമ്മിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ്, കോട്ടുവള്ളി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ (ബി.പി.കെ.പി) ഭാഗമായാണ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചത്.
ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം പഞ്ചായത്തിലെ 22 വാർഡുകളിലായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പരമ്പരാഗത കാർഷിക വിളകളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനും, ശുദ്ധമായ പച്ചക്കറികളുടെ ഉൽപ്പാദിപ്പിക്കുന്നതിനുമായി 36 പ്രദർശനത്തോട്ടങ്ങൾ ഒരുങ്ങുകയാണ്. പ്രദർശനത്തോട്ടങ്ങൾ ഒരുക്കുന്ന കർഷകർക്ക് സൗജന്യമായി വളക്കൂട്ടുകളും ജൈവ കീടനാശിനികളും നൽകുവാനായി കൂനമ്മാവ് തളിർ ഫാർമേഴ്സിൻ്റെ സ്റ്റിംഗ് ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ വളർച്ചാ ത്വരഗങ്ങൾ നിർമ്മിക്കുന്നുണ്ട്.
കൃഷി ഓഫീസർ കെ.സി റെയ്ഹാന പ്രകൃതി കൃഷി പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അനിജാ വിജു, കൂനമ്മാവ് സെൻ്റ്. ജോസഫ് ബോയ്സ് ഹോം ഡയറക്ടർ സംഗീത് ജോസഫ്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ സെബാസ്റ്റ്യൻ തോമസ്, ബിജു പഴമ്പിള്ളി, പഞ്ചായത്തംഗങ്ങളായ സതീഷ്, സുമയ്യ ടീച്ചർ, കാർഷിക വികസന സമിതി അംഗം രാജു ജോസഫ്, ക്രോപ് റിസോഴ്സ് പേഴ്സൺമാരായ സന്ധ്യ, സമീവി എന്നിവർ സന്നിഹിതരായി. കൃഷി അസിസ്റ്റൻ്റ് എസ്. കെ ഷിനു കർഷകർക്ക് പരിശീലനം നൽകി.
Share your comments