തിരുവനന്തപുരം: പിടിച്ചുകെട്ടാനാകാതെ കുതിക്കുകയാണ് പച്ചക്കറി വില. ഇതിന് ബദലായി പച്ചക്കറി വണ്ടികൾ നിരത്തിൽ ഇറക്കിയിരിക്കുകയാണ് ഹോർട്ടികോർപ്പ്. വിലക്കുറവിൽ ഗുണമേന്മയുള്ള പച്ചക്കറികളുമായി ജില്ലകൾ തോറും കൃഷിവകുപ്പിന്റെ പച്ചക്കറി വണ്ടികൾ സഞ്ചരിക്കും. സഞ്ചരിക്കുന്ന പച്ചക്കറി ചന്തകളുടെ ഉദ്ഘാടനം കൃഷിവകുപ്പ്മന്ത്രി പി പ്രസാദ് നിർവഹിച്ചു.
കൂടുതൽ വാർത്തകൾ: വില കുതിക്കുന്നു; റേഷൻ കടകൾ വഴി തക്കാളി കിട്ടും, കിലോയ്ക്ക് 60 രൂപ!
ആദ്യഘട്ടത്തിൽ 24 സഞ്ചരിക്കുന്ന പച്ചക്കറി ചന്തകളാണ് സർവീസ് നടത്തുക. തിരുവനന്തപുരം ജില്ലയിൽ 8 മൊബൈൽ യൂണിറ്റുകളും, ബാക്കി 16 യൂണിറ്റുകൾ കാസർഗോഡ് ഒഴികയുള്ള ജില്ലകൾക്കും ലഭ്യമാകും. പൊതുവിപണിയിൽ നിന്നും 30 % വരെ വിലക്കുറവിലാണ് ഹോർട്ടിക്കോർപ്പ് പച്ചക്കറികൾ വിൽക്കുന്നത്. കൂടാതെ, 200 രൂപ വില വരുന്ന പച്ചക്കറി കിറ്റുകളും ലഭിക്കും. വെണ്ട, മുളക്, പടവലം, അമര, കത്തിരി, മത്തൻ, വെള്ളരി തക്കാളി, സവാള തുടങ്ങി 15 ഇനം പച്ചക്കറികളാണ് കിറ്റിൽ ഉള്ളത്. പച്ചക്കറി വണ്ടിയുടെ സേവനം പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ പരിധികളിലുണ്ടാകും.
കൃഷിവകുപ്പ് ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന പച്ചക്കറികൾ ആവശ്യക്കാരിലേക്ക് നേരിട്ട് എത്തിക്കുന്നു. ഇതിലൂടെ കർഷകർക്ക് മികച്ച വരുമാനവും പൊതുജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ ഗുണമേന്മയുള്ള പച്ചക്കറികൾ ലഭ്യമാക്കാനും പച്ചക്കറി വണ്ടികൾ വഴി സാധിക്കും.
Share your comments