തെള്ളിയൂരിനിനി രണ്ടാഴ്ചത്തേക്ക് ഉണക്കസ്രാവിന്റെ മണം
ഇനി പതിനഞ്ചു ദിവസത്തേക്ക് തെള്ളിയൂരിന് ആഘോഷത്തിന്റെ ദിനങ്ങൾ. മേളയോടനുബന്ധിച്ച് സാഹിത്യ, സാംസ്കാരിക,പരിസ്ഥിതി, കർഷക,സമ്മേളനങ്ങൾ നടക്കും. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ വ്യാപാരികൾക്കും സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട് എന്നതും ഈ വർഷത്തെ മേളയുടെ പ്രത്യേകതയാണ്.
വഴി നീളെ നിരന്നു കിടക്കുന്ന ഉണക്കസ്രാവിന്റെ സ്റ്റാളുകൾ. ഒപ്പം നാഴി,പറ,ചങ്ങഴി, ആട്ടുകല്ല്, അരകല്ല്, ഗഞ്ചിറ, മൺപാത്രങ്ങൾ,മുറം,കുട്ട,വട്ടി തുടങ്ങി പാരമ്പര്യത്തിന്റെ ഓർമ്മകൾ പേറുന്ന പഴയകാല വീട്ടുപകരണങ്ങൾ. വസ്ത്രങ്ങൾക്കും കാർഷിക ഉത്പന്നങ്ങൾക്കും കരകൌശല വസ്തുക്കൾക്കും മറ്റുമായി വേറെയുമുണ്ട് സ്റ്റാളുകൾ. നൂറ്റാണ്ടുകൾ പഴക്കമുള്ള തെള്ളിയൂർ വൃശ്ചികവാണിഭത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്.
വൃശ്ചികമാസത്തിന്റെ തുടക്കത്തിലാണ് എല്ലാ വർഷവും ഇത് ആരംഭിക്കുന്നത്. പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ പെടുന്ന ഹരിതമനോഹരമായ ഒരു ചെറുഗ്രാമമാണ് തെള്ളിയൂർ. പച്ചപ്പും വെള്ളച്ചാട്ടങ്ങളും കൊണ്ട് സുന്ദരമായ ഈ സ്ഥലത്ത് ഏറെ പ്രശസ്തമായ ഒരു കാളീക്ഷേത്രമുണ്ട്, തെള്ളിയൂർക്കാവ് എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഇവിടത്തെ ദേവിയെ പ്രസാദിപ്പിക്കാനായി മധ്യകേരളത്തിൽ നിന്നും മത്സ്യബന്ധനം ഉപജീവനമാക്കിയ ആളുകൾ ഉണക്കിയെടുത്ത സ്രാവിൻ കഷ്ണങ്ങളുമായി ജാതിമത ഭേദമന്യേ ഇവിടെയെത്തുന്നു. സാധാരണയായി ക്ഷേത്രങ്ങളിൽ മത്സ്യം കയറ്റുന്ന പതിവില്ല എന്നതും ഈ ആഘോഷത്തെ വേറിട്ടു നിർത്തുന്നു.
തലമുറകളായി ഈ ആഘോഷത്തിനു ചുക്കാൻ പിടിക്കുന്നത് പരവനോലിൽ ഭഗവതി പറമ്പിൽ കുടുംബമാണ്. ബാർട്ടർ സമ്പ്രദായം നിലനിന്നിരുന്ന കാലത്ത് സാധനങ്ങൾ കൈമാറ്റം ചെയ്യാനായി രൂപപ്പെടുത്തിയ ഒരു മേളകളിലൊന്നായിരുന്നു ഇത്. പിന്നീട് കാലക്രമേണ മാറി മാറി വന്ന്, ഇന്ന് ഇലക്ട്രോണിക് ഉത്പന്നങ്ങൾ വരെ മേളയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി.
ഈ വർഷത്തെ കാർഷിക മേളക്ക് ഞായറാഴ്ച തിരി തെളിഞ്ഞു. ഇനി പതിനഞ്ചു ദിവസത്തേക്ക് തെള്ളിയൂരിന് ആഘോഷത്തിന്റെ ദിനങ്ങൾ. മേളയോടനുബന്ധിച്ച് സാഹിത്യ, സാംസ്കാരിക,പരിസ്ഥിതി, കർഷക,സമ്മേളനങ്ങൾ നടക്കും. മേളയിൽ പങ്കെടുക്കുന്ന മുഴുവൻ വ്യാപാരികൾക്കും സൗജന്യ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട് എന്നതും ഈ വർഷത്തെ മേളയുടെ പ്രത്യേകതയാണ്.
English Summary: Thelliyoor Vrischika Vaanibham starts in Pathanamthitta
Share your comments