എറണാകുളം: മത്സ്യകൃഷിക്ക് വെള്ളം ലഭ്യമാകുന്നില്ലെന്ന പരാതിയുമായാണ് കർഷകനായ എസ്.പി നായർ അദാലത്തിലെത്തിയത്. 102 വയസാണ് അദ്ദേഹത്തിന്. പറവൂരിൽ നടന്ന പരാതി പരിഹാര അദാലത്ത് വേദിയിൽ മക്കൾക്കൊപ്പമാണ് വടക്കൻ പറവൂർ ഗോവിന്ദ വിലാസത്തിൽ എസ്.പി നായർ വന്നത്.
കൂടുതൽ വാർത്തകൾ: കർഷകന് 1.8 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി അദാലത്ത്
വടക്കൻ പറവൂരിലെ മുറിയാക്കൽ എന്ന പ്രദേശത്ത് 8 ഏക്കർ സ്ഥലത്താണ് ആധുനിക രീതിയിലുള്ള എസ്.പി ഫിഷറിസ് എന്ന സ്ഥാപനം പ്രവർത്തിക്കുന്നത്. വെള്ളം കൃത്യമായി ലഭ്യമല്ലാത്തതിനാലാണ് കൃഷി മുടങ്ങിയത്. ആധുനിക രീതിയിൽ മത്സ്യകൃഷി നടത്തുന്ന എസ്.പി നായരുടെ പരാതി വ്യവസായ മന്ത്രി പി രാജീവ് സ്വീകരിച്ചു.
വെള്ളം മുടങ്ങുന്നതിന് കാരണമായ ഷട്ടർ നിരീക്ഷിക്കുന്നതിന് സിസിടിവി സ്ഥാപിക്കണമെന്നും കൃഷിയ്ക്ക് വെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.
കർഷക കുടുംബത്തിന് 1.58 ലക്ഷം രൂപ നഷ്ടപരിഹാരം
പ്രകൃതി ക്ഷോഭം മൂലം കൃഷിനാശം സംഭവിച്ച കർഷക കുടുംബത്തിന് നഷ്ടപരിഹാരം അനുവദിക്കാൻ അദാലത്തിൽ തീരുമാനം. കരുതലും കൈത്താങ്ങും പറവൂർ താലൂക്ക് തല അദാലത്തിലാണ് 1,58,908 രൂപ നഷ്ടപരിഹാരം നൽകാൻ തീരുമാനമായത്. വർഷങ്ങളായി കൃഷി ചെയ്യുന്ന ആലങ്ങാട് കൊടുവഴങ്ങ തോപ്പിൽ വീട്ടിൽ സുനിൽ കുമാർ, ഭാര്യ എസ്റ്റല്ല സുനിൽ എന്നിവർക്കാണ് നഷ്ടപരിഹാരം ലഭ്യമാക്കാൻ ഉത്തരവായത്. അദാലത്തിൽ പരാതി പരിഗണിച്ച വ്യവസായ മന്ത്രി പി. രാജീവ് നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു.
നെല്ല്, പച്ചക്കറി, കപ്പ തുടങ്ങിയ കൃഷികളാണ് 2021, 2022 വർഷങ്ങളിലെ പ്രകൃതി ക്ഷോഭങ്ങളിൽ നശിച്ചത്. വായ്‌പ എടുത്താണ് ദമ്പതികൾ കൃഷി ചെയ്യുന്നത്. അലോട്ട്‌മെന്റ് വരുന്നതനുസരിച്ച് തുക ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറും.
Share your comments