തിരുവാതിര ഞാറ്റുവേലയില്‍ വിരലൊടിച്ചു കുത്തിയാല്‍ പോലും മുളയ്ക്കുമെന്നാണ് പഴമൊഴി. തിരുവാതിരയില്‍ നൂറു മഴയും വെയിലുമെന്ന് ചൊല്ല്. തിരിമുറിയാത്ത മഴയും തീക്കട്ടപോലുള്ള വെയിലും മാറിമാറി വരുന്ന ഈ വേളയില്‍ മണ്ണിലും വെള്ളത്തിലും ജീവന്റെ തുടിപ്പുകള്‍ ഏറുമെന്നാണ് പറയുന്നത്. ഞാറ്റുവേലക്കാലത്ത് പെയ്യുന്ന മഴയില്‍ വളക്കൂര്‍ കൂടുതലുണ്ടെന്നാണ് കര്‍ഷകരുടെ വിശ്വാസം. അതുകൊണ്ട് ഈ ഞാറ്റുവേലയില്‍ നടുന്നവയെല്ലാം നന്നായി തഴച്ചു വളരുകയും ചെയ്യും. മകയിരം ഞാറ്റുവേലയില്‍ മതിമറന്നു പെയ്യുന്ന കാലാവസ്ഥ തിരുവാതിര ഞാറ്റുവേലയില്‍ തെല്ലൊന്നു ശമിക്കും. ഇടവിട്ടിടവിട്ട് ചിന്നംപിന്നം പെയ്യുന്ന മഴയും ഇടയ്ക്കു തെളിയുന്ന വെയിലുമാണ് ഈ സമയത്തെ കാലാവസ്ഥയുടെ സവിശേഷത. ഏത് നടുതലകളും വേരുപിടിച്ചു പടര്‍ന്നു കിട്ടാന്‍ അനുയോജ്യമായ സമയമാണിത്. കാലവര്‍ഷം കനത്തു കഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന ഈ ഇടവേള മഴയുടെ ഊറ്റമില്ലാത്തതു കൊണ്ടും വെയിലിന്റെ കാഠിന്യമില്ലാത്തതു കൊണ്ടും തുടര്‍ച്ചയായി മഴ കിട്ടുന്നതു കൊണ്ടും കാര്‍ഷിക ജോലികള്‍ക്ക് ഉത്തമമാണ്. ഞായറിന്റെ (സൂര്യന്റെ) വേളയാണ് (സമയം) ഞാറ്റുവേലയായി മാറിയത്. ഒരു വര്‍ഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളര്‍ച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനപ്പെടുത്തിയാണ് ഞാറ്റുവേലകള്‍ കുറിച്ചുട്ടുള്ളത്. ഭൂമിയില്‍ നിന്നും സൂര്യനെ നോക്കുമ്പോള്‍ സൂര്യന്‍ ഏതു നക്ഷത്രത്തിന്റെ അടുത്താണോ നില്‍ക്കുന്നത് അതാണ് ഞാറ്റുവേല എറിയപ്പെടുന്നത്. അതായത് സൂര്യന്റെ സ്ഥാനം തിരുവാതിര
നക്ഷത്രത്തിലാണെങ്കില്‍ അത് തിരുവാതിര ഞാറ്റുവേല. അങ്ങനെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകീര്യം, തിരുവാതിര തുടങ്ങി രേവതി വരെയുള്ള ഇരുപത്തിയേഴ് നക്ഷത്രങ്ങളുടെ പേരിലാണ് ഞാറ്റുവേലകള്‍ അറിയപ്പെടുന്നത്. മറ്റു ഞാറ്റുവേലകളുടെ ശരാശരി ദൈര്‍ഘ്യം പതിമൂന്നര ദിവസമാണെങ്കില്‍ തിരുവാതിരയുടേത് 15 ദിവസമാണ്. 27 ഞാറ്റുവേലകളില്‍ 10 എണ്ണം നല്ല മഴ ലഭിക്കുവയാണ്. ഞാറ്റുവേല രാത്രി പിറക്കണമൊണ് പഴമക്കാര്‍ പറയുന്നത്. 'രാത്രിയില്‍ വരും മഴയും രാത്രിയില്‍ വരും അതിഥിയും പോകില്ലെന്ന് അവര്‍ക്ക് പഴഞ്ചൊല്ലുമുണ്ടായിരുന്നു. പകല്‍ പിറക്കു ഞാറ്റുവേകളില്‍ പിച്ചപ്പാളയെടുക്കാമെന്നും അവര്‍ക്കറിയാമായിരുന്നു. മഴ തീരെ കുറവായിരിക്കുമെന്നര്‍ത്ഥം.
ഞാറ്റുവേലയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു പണ്ട് കൃഷിരീതികള്‍. മുറിച്ചു നടേണ്ട ചെടികള്‍ക്ക് ഏറ്റവും പറ്റിയ സമയമാണ് തിരുവാതിര ഞാറ്റുവേലക്കാലം. ഔഷധസസ്യങ്ങളും താളിച്ചെടികളും നടേണ്ടതും ഇക്കാലത്താണ്. എല്ലാ സസ്യങ്ങള്‍ക്കും പൊതുവേ ഗുണകരമായ ഈ ഞാറ്റുവേല കുരുമുളക് നട്ടുവളര്‍ത്താനാണ് ഏറ്റവും പറ്റിയത്. തിരുവാതിര ഞാറ്റുവേലയും കുരുമുളകുമായുള്ള അഭേദ്യമായ ബന്ധം വെളിപ്പെടുത്തുന്ന ഒരു കഥ ഇങ്ങനെയാണ്. പണ്ട് സാമൂതിരിയുടെ കാലത്ത് വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ പറങ്കികള്‍ കുരുമുളക് തൈകള്‍ പോര്‍ത്തുഗലിലേക്ക് കൊണ്ടുപോവാന്‍ സാമൂതിരിയോട് അനുവാദം ചോദിച്ചു. അതിന് അനുവാദം നല്‍കിയ സാമൂതിരി അവര്‍ ചോദിച്ചത്ര തൈകള്‍ നല്‍കുകയും ചെയ്തു. ഇത് കണ്ട് ഭയന്ന മാങ്ങാട്ടച്ചന്‍ പറങ്കികള്‍ കുരുമുളക് കൊണ്ടുപോയാലുണ്ടാകുന്ന ഭവിഷത്ത് അറിയിച്ചപ്പോള്‍ 'അവര്‍ നമ്മുടെ കുരുമുളക് തിരിയല്‍കളേ കൊണ്ട് പോകൂ നമ്മുടെ തിരുവാതിര ഞാറ്റുവേല കൊണ്ട് പോകില്ലല്ലോ' എന്നായിരുന്നത്രേ സാമൂതിരിയുടെ മറുപടി. ഓരോ ഞാറ്റുവേലയിലും എന്തു നടണം എങ്ങനെ പരിപാലിക്കണമെന്നൊക്കെ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഈ വര്‍ഷത്തെ തിരുവാതിര ഞാറ്റുവേല ജൂണ്‍ 22 മുതല്‍ ജൂലൈ ആറ് വരെയാണ്.
Share your comments