രണ്ടു വര്‍ഷത്തിനകം ക്ഷീരോല്പാദനത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകുമെന്ന് മന്ത്രി അഡ്വ.കെ.രാജു പറഞ്ഞു. കര്‍ഷകരാണ് ക്ഷീരമേഖലയുടെ നട്ടെല്ലെന്നും അദ്ദേഹം പറഞ്ഞു. ക്ഷീരവികസന വകുപ്പിൻ്റെ കാഞ്ഞങ്ങാട് ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും പുല്ലൂര്‍ ക്ഷീരസംഘം കെട്ടിടോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
നാണ്യവിളകള്‍ക്ക് വിലയിടിവ് നേരിടുന്ന കര്‍ഷകര്‍ക്ക് ആശ്രയിക്കാവുന്ന മേഖലയാണു ക്ഷീരമേഖല. അധ്വാനത്തിനനുസരിച്ചുള്ള ലാഭം ക്ഷീരകര്‍ഷകന് കിട്ടുന്നില്ല. കാര്‍ഷികാനുബന്ധ മേഖലയില്‍ കേരളത്തിന് നഷ്ടപ്പെട്ട നന്മ തിരിച്ചു പിടിക്കണം. വിഷരഹിതമായ പച്ചക്കറിയും ഗുണമേന്മയുള്ള പാലും മാംസവും ഉല്പാദിപ്പിച്ച് കേരളത്തിന്റെ ആരോഗ്യമേഖല കൂടുതല്‍ മെച്ചപ്പെടുത്താനാകണം. പാലക്കാട് മീനാക്ഷിപുരം ചെക്ക് പോസ്റ്റില്‍ മാത്രമാണ് പാലിൻ്റെ ഗുണനിലവാര പരിശോധനയ്ക്ക് സൗകര്യമുള്ളത്. പുതുതായി മൂന്ന് ചെക്ക് പോസ്റ്റുകള്‍ കൂടി ആരംഭിക്കുമെന്ന് മന്ത്രി പറഞ്ഞു.
തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ ക്ഷീരമേഖലയ്ക്ക് നാലര കോടി രൂപ നീക്കിവെച്ചതില്‍ അഭിനന്ദിക്കുന്നു. മില്‍മയ്ക്ക് കഴിഞ്ഞ വര്‍ഷം 63 കോടി രൂപയാണ് ലാഭം. ഈ ലാഭത്തില്‍ നിന്ന് എത്ര രുപയാണ് കര്‍ഷകന് ലഭിക്കുന്നതെന്ന് മന്ത്രി ചോദിച്ചു. പാല്‍ വില കൂട്ടുന്നതിന്റെ നേട്ടം കര്‍ഷകനും ലഭിക്കണം. ഭക്ഷ്യോല്പാദന സ്വയംപര്യാപ്തതനേടിയില്ലെങ്കില്‍ ആരോഗ്യരംഗത്ത് വെല്ലുവിളി നേരിടാനാകില്ലെന്നും മന്ത്രി പറഞ്ഞു.
സഹകരണ സംഘം പരിസരത്ത് നടന്ന ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ചടങ്ങില്‍ ക്ഷീരകര്‍ഷകരെയും സംഘങ്ങളെയും ആദരിച്ചു.ക്ഷീരവികസനവകുപ്പ് കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാന്റി അബ്രഹാം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ്.നായര്‍, മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരുണാകരന്‍ കുന്നത്ത്, പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി.വി വേലായുധന്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ബിന്ദു, വി.നാരായണന്‍ മാസ്റ്റര്‍, കെ.കുഞ്ഞിക്കണ്ണന്‍,ടി.പി സുരേഷ്, എം. കുഞ്ഞമ്പാടി, കൃഷ്ണന്‍, ബാലകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. പുല്ലൂര്‍ ക്ഷീരസംഘം പ്രസിഡന്റ് ടി.വി കരിയന്‍ സ്വാഗതവും കാഞ്ഞങ്ങാട് ക്ഷീരവികസന ഓഫീസര്‍ ഒ.ബി ബിന്ദു നന്ദിയും പറഞ്ഞു.
കന്നുകാലി പ്രദര്‍ശനം കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് അംഗം നാരായണന്‍ ഉദ്ഘാടനം ചെയ്തു. പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് അംഗം സീത അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ ക്ഷീരസംഘം സെക്രട്ടറി പി.കുഞ്ഞിക്കേളു, പെരിയ ക്ഷീരസംഘം പ്രസിഡന്റ് എം.മോഹനന്‍, മടിക്കൈ ക്ഷീരസംഘം പ്രസിഡന്റ് കൃഷ്ണന്‍, വെറ്ററിനറി സര്‍ജന്‍ ഡോ.പി.സംഗീത, ചിത്താരി ക്ഷീരസംഘം സെക്രട്ടറി പ്രജീഷ്, കാഞ്ഞങ്ങാട് ഡയറിഫാം ഇന്‍സ്ട്രക്ടര്‍ കെ.സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
തുടര്‍ന്ന് ആദായകരമായ പാലുല്പാദനം എന്ന വിഷയത്തില്‍ ക്ഷീരവികസന സെമിനാര്‍ നടന്നു. പരപ്പ ബ്ലോക് ക്ഷീരവികസന ഓഫീസര്‍ രഘുനാഥന്‍ പിള്ള വിഷയം അവതരിപ്പിച്ചു. ക്ഷീരവികസന വകുപ്പ് കാസര്‍കോട് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാന്റി അബ്രഹാം മോഡറേറ്റര്‍ ആയിരുന്നു. ഡയറി ക്വിസ് നീലേശ്വരം ക്ഷീരവികസന ക്ഷീരവികസന ഓഫീസര്‍ പി.എച്ച് സിനാജൂദ്ദിന്‍ നയിച്ചു.
Share your comments