കളമശ്ശേരി നിയോക മണ്ഡലത്തിനെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ശുചിത്വത്തിന് ഒപ്പം കളമശ്ശേരി ക്യാമ്പയിനിന്റെ ഭാഗമായുള്ള ത്രിദിന ജനകീയ ശുചീകരണ പരിപാടിക്ക് ജൂൺ മൂന്നിന് തുടക്കമാകുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ജൂൺ മൂന്നു മുതൽ അഞ്ചു വരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ഹരിത കർമ്മ സേന, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകൾ, പൗര സമൂഹ സംഘടനകൾ തുടങ്ങിയവരെ ഉൾക്കൊള്ളിച്ചു ജനകീയ പങ്കാളിത്തത്തോടെയാണ് മണ്ഡലത്തിൽ തീവ്ര ശുചീകരണ യജ്ഞം നടപ്പിലാക്കുന്നത്.
ശുചീകരണ യജ്ഞത്തിന്റെ ആദ്യ ദിവസമായ ജൂൺ മൂന്നിന് മണ്ഡലത്തിലെ വീടുകളിൽ നിന്നും ആക്രി സാധനങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും ശേഖരിക്കും. ഹരിത കർമ്മ സേന വഴി അതാത് തദ്ദേശ സ്ഥാപനങ്ങൾക്ക് ഇവ കൈമാറും. വാർഡ് തലത്തിൽ ജനപ്രതിനിധികൾ ശുചീകരണ പരിപാടികൾ എന്നിവ ഉദ്ഘാടനം ചെയ്യും.
മാലിന്യ സംസ്കരണ യജ്ഞത്തിന്റെ രണ്ടാം ദിവസം ജൂൺ നാലിന് രാവിലെ 9ന് കളമശ്ശേരിയിൽ ആരംഭിക്കുന്ന മാസ്സ് ക്ലീനിങ് ഡ്രൈവിൽ മന്ത്രി. പി. രാജീവ്, ഹൈബി ഈഡൻ എം.പി, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ജില്ലാ കളക്ടർ എൻ. എസ്. കെ ഉമേഷ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കാളികളാകും. അന്ന് പൊതുസ്ഥലങ്ങൾ ശുചീകരിച്ച് വഴിയോരങ്ങളിലെ മാലിന്യം നീക്കം ചെയ്ത് വൃത്തിയാക്കും. വിപുലമായ ജനകീയ പങ്കാളിത്തത്തോടെ എല്ലാ വാർഡ് തലത്തിലും ശുചീകരണ യജ്ഞം സംഘടിപ്പിക്കും. മണ്ഡലത്തിലെ പ്രധാന റോഡുകൾ സംഘങ്ങളായി ചേർന്ന് വൃത്തിയാക്കും. മണ്ഡലത്തിലെ ഹയർസെക്കൻഡറി, കോളേജ് തലങ്ങളിലായി വിദ്യാർത്ഥികൾ യജ്ഞത്തിൽ പങ്കാളികളാകും.
ജൂൺ അഞ്ചിന് പരിസ്ഥിതി ദിനത്തിൽ വൃത്തിയാക്കി വീണ്ടെടുത്ത പൊതുസ്ഥലങ്ങളിൽ ചെടികൾ വച്ച് പിടിപ്പിച്ച് പരിസരം ഭംഗിയാക്കും. തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ പിന്നീട് ഓപ്പൺ ജിം സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി വീടുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസുകൾ, പൊതു സ്ഥാപനങ്ങൾ തുടങ്ങിയ കേന്ദ്രങ്ങളിൽ ലഘുലേഖകൾ എന്നിവ വിതരണം ചെയ്യും. സ്കൂളുകളിൽ ലോവർ പ്രൈമറി വിഭാഗങ്ങളിൽ കുട്ടികളെ മാലിന്യ സംസ്കരണത്തെക്കുറിച്ച് ബോധവത്ക്കരിക്കുന്നതിന് ചിത്രകഥകൾ അടങ്ങിയ പുസ്തകങ്ങൾ വിതരണം ചെയ്യും. നിലവിൽ ശുചിത്വത്തിന് ഒപ്പം കളമശ്ശേരി ക്യാമ്പയിനിന്റെ ഭാഗമായി മികച്ച പ്രവർത്തനങ്ങളാണ് മണ്ഡലത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കരുമാലൂർ, ആലങ്ങാട് പഞ്ചായത്തുകളെ വലിച്ചെറിയൽ മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഏലൂർ നഗരസഭയിൽ മികച്ച വികേന്ദ്രീകൃതമായ മാലിന്യ സംസ്കരണ രീതിയാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് ഒഴിവാക്കാൻ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്യാമറകൾ സ്ഥാപിക്കും. ഇടപ്പള്ളി മുതൽ മുട്ടം വരെയുള്ള ദേശീയ പാതയോരത്തും സീ പോർട്ട് - എയർപോർട്ട് റോഡിലും, എൻ.എ.ഡി റോഡിലും മാലിന്യം തള്ളുന്നത് തടയാൻ ക്യാമറകൾ ഉൾപ്പെടെ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. പാർക്കിങ്ങിന്റെ മറവിൽ മാലിന്യം തള്ളാൻ അനുവദിക്കില്ലന്നും. എച്ച്. എം. ടി ജംഗ്ഷൻ - മെഡിക്കൽ കോളേജ് റോഡ് സൗന്ദര്യവൽക്കരിക്കാനും വൃത്തിയായി സൂക്ഷിക്കുന്നതിനും റോഡ് അരികിൽ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പ്രത്യേകം സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. എച്ച്. എം. ടി വികസനത്തിന് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ തള്ളുന്നത് ഫോട്ടോ എടുത്ത് പൊതുജന ശ്രദ്ധയിൽ എത്തിക്കുന്നതിന് ഡിജിറ്റൽ പ്ലാറ്റ്ഫോം തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: ആധാറും റേഷൻ കാർഡും ലിങ്ക് ചെയ്തോ? സമയപരിധി നീട്ടി
Share your comments