1. മുൻഗണനാവിഭാഗത്തിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ബയോമെട്രിക് മസ്റ്ററിംഗ് നവംബർ 5 വരെ നീട്ടി. സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചപ്പോൾ 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്റ്ററിംഗ് പൂര്‍ത്തീകരിക്കാനുള്ള സാഹചര്യത്തിലാണ് തീയതി വീണ്ടും നീട്ടിയത്. മുൻഗണനാ വിഭാഗത്തിലുള്ള മുഴുവൻ ആളുകൾക്കും മസ്റ്ററിംഗ് നടത്താനുള്ള സൗകര്യം ഒരുക്കുമെന്നും മഞ്ഞ, പിങ്ക് വിഭാഗത്തിൽപ്പെട്ട 83.67 ശതമാനം ആളുകളും മസ്റ്ററിംഗ് പൂർത്തിയാക്കിയെന്നും മന്ത്രി ജി.ആർ അനിൽ അറിയിച്ചു. വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്റ്ററിംഗ് പൂര്‍ത്തിയാക്കുന്നതിന് മതിയായ സമയം നല്‍കും. മസ്റ്ററിംഗ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കിടപ്പ് രോഗികളെ പതിവ് നടപടി പ്രകാരം അവരുടെ വീടുകളില്‍ നേരിട്ടെത്തി, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ, നിലവില്‍ മസ്റ്ററിംഗ് നടത്തും. വിവിധ കാരണങ്ങളാല്‍ ഇ-പോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്റ്ററിംഗ് ഐറിസ് സ്കാനര്‍ ഉപോഗിച്ച് പൂര്‍ത്തീകരിക്കുമെന്നും ഇതിനായി വിവിധ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ആവശ്യമായ ക്യാമ്പുകള്‍ നവംബര്‍ 5 ന് ശേഷം സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒക്ടോബർ 8ന് അവസാനിക്കുന്ന തരത്തിൽ നിശ്ചയിച്ചിരുന്ന ആദ്യഘട്ട മസ്റ്ററിംഗ് നടപടികൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ ഒക്ടോബര്‍ 25 വരെ നീട്ടിയിരുന്നു, 6 ശതമാനം പേർ അവശേഷിച്ചതോടെയാണ് നവംബർ 5 വരെ വീണ്ടും നീട്ടി നൽകിയത്.
2. പാലക്കാട് ജില്ലയിലെ ആലത്തൂര്‍ വാനൂരിലുളള സര്‍ക്കാര്‍ ക്ഷീരപരിശീലനകേന്ദ്രത്തില്‍ നവംബർ 4 മുതല്‍ 8 വരെ പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ക്ഷീരകര്‍ഷകര്‍, സംരംഭർ എന്നിവർക്കായി 'ശാസ്ത്രീയ പശുപരിപാലനം' എന്ന വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ആധാര്‍ അല്ലെങ്കിൽ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ് എന്നീ രേഖകള്‍ സഹിതം കര്‍ഷകര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാവുന്നതാണ്. പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യമുള്ളവര്‍ നവംബർ 2 ന് വൈകുന്നേരം 4 മണിക്ക് മുമ്പ് 04922 226040, 9446521303 എന്നീ ഫോൺ നമ്പറുകളിൽ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യുക.
3. സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് ശമനം. നിലവിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. അടുത്ത മൂന്ന് ദിവസം സാധാരണ നിലയിലുള്ള മഴയ്ക്ക് മാത്രമാണ് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. അതേ സമയം ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ തുടരുമെന്നും റിപ്പോർട്ടുണ്ട്. നവംബർ 1 വെള്ളിയാഴ്ച രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
Share your comments