 
            1. അനധികൃതമായി മുന്‍ഗണനാ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താനും റേഷന്‍ കാര്‍ഡുകളിലെ തെറ്റ് തിരുത്താന്‍ കാര്‍ഡ് ഉടമകള്‍ക്ക് അവസരമൊരുക്കുന്ന തെളിമ പദ്ധതി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ശ്രീ. ജി ആർ അനിൽ ഉദ്‌ഘാടനം ചെയ്തു. നവംബർ 15 ന് ആരംഭിച്ച് ഡിസംബര്‍ 15 വരെ നീണ്ടു നില്‍ക്കുന്നതാണ് പദ്ധതി. റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും പുതിയതായി ആധാര്‍ നമ്പര്‍ ചേര്‍ക്കാനും ഇത് അവസരമൊരുക്കുന്നു. കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് റേഷന്‍ കാര്‍ഡ് മാനേജ്‌മെന്റ് സിസ്റ്റം (ആര്‍സിഎംഎസ്) നടപ്പാക്കിയപ്പോഴുണ്ടായ തെറ്റു തിരുത്താനും വിവരങ്ങള്‍ പുതുക്കാനും ഇതിലൂടെ സാധ്യമാകും. ഓരോ റേഷന്‍ കടകളിലും ഇതിനായി പ്രത്യേക ഡ്രോപ് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്, പൊതുജനങ്ങൾക്ക് പരാതികളും അപേക്ഷകളും ഇതിൽ സമർപ്പിക്കാവുന്നതാണ്. മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ്, പിങ്ക് റേഷന്‍ കാര്‍ഡ് അംഗങ്ങളുടെ കാര്‍ഡിലെ തെറ്റുകള്‍ കാരണം മസ്റ്ററിങ്ങ് സാധ്യമാകാത്തവർക്കും ഈ അവസരം വിനിയോഗിക്കാവുന്നതാണ്. തിരുവനന്തപുരം
മണക്കാട് റേഷൻ ഡിപ്പോയിൽ വച്ച് സംഘടിപ്പിച്ച ചടങ്ങിൽ തിരുവനന്തപുരം നഗരസഭാ ഡെപ്യൂട്ടി മേയർ ശ്രീ. പി. കെ. രാജു അധ്യക്ഷത വഹിച്ചു. പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് ഡിസ്‌ക്രിപ്‌ഷൻ ബോക്സിൽ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
2. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമുഴി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ വച്ച് നവംബര്‍ 20 ന് 'പോഷകത്തോട്ടം' എന്ന വിഷയത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2966041 എന്ന ഫോണ്‍ നമ്പറിലോ [email protected] എന്ന ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. അതേസമയം കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല. തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.
 
                 
                     
                     
                             
                     
                         
                                             
                                             
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                         
                        
Share your comments