
1. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് രണ്ടു ഗഡു ക്ഷേമ പെൻഷൻ കൂടി അനുവദിച്ചു. മേയ് മാസത്തെ പെൻഷനൊപ്പം ഒരു മാസത്തെ കുടിശ്ശിക കൂടി ലഭിക്കും. കുടിശികയിൽ ഒരു ഗഡുകൂടി ചേർത്ത് 3200 രൂപ വീതമാണ് ഗുണഭോക്താക്കൾക്ക് ഇത്തവണ ലഭിക്കുന്നത്. മേയ് 24-ാം തീയതി മുതൽ പെൻഷൻ തുക വിതരണം ചെയ്യും. 1650 കോടി രൂപ ഇതിനായി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ജൂൺ അഞ്ചിന് മുൻപ് പെൻഷൻ വിതരണം പൂർത്തിയാക്കാനാണ് നിർദേശം. 62 ലക്ഷത്തോളം ഗുണഭോക്താക്കള്‍ക്ക് 3,200 രൂപ വീതം ലഭിക്കും. കുടിശികയായ അഞ്ചു ഗഡുക്കളിൽ രണ്ടു ഗഡു കഴിഞ്ഞ സാമ്പത്തിക വർഷം തന്നെ വിതരണം ചെയ്‌തിരുന്നു. ഈ സാമ്പത്തിക വർഷം നൽകാൻ തീരുമാനിച്ചിട്ടുള്ള ബാക്കി മൂന്നു ഗഡുക്കളിൽ ഒരു ഗഡുവാണ് ഇപ്പോൾ അനുവദിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു. 26 ലക്ഷത്തിലേറെ പേർക്ക് ബാങ്ക് അക്കൗണ്ടിൽ തുക എത്തും. മറ്റുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിയും പെൻഷൻ തുക കൈമാറും. ഏപ്രിലിലെ പെൻഷൻ വിഷുവിന് മുന്നോടിയായി വിതരണം ചെയ്‌തിരുന്നു.
2. സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴില്‍ കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി റയിഞ്ചിന്റെ പരിധിയില്‍ നരിക്കുനി മടവൂര്‍ നഴ്‌സറിയില്‍ ഉത്പാദിപ്പിച്ച തേക്ക്, രക്തചന്ദനം, വേങ്ങ വൃക്ഷത്തൈകളുടെ വില്പന ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കും. താത്പര്യമുള്ളവര്‍ കോഴിക്കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ മാത്തോട്ടം വനശ്രീ കോംപ്ലെക്‌സിലുള്ള സാമൂഹ്യ വനവല്‍ക്കരണ ഓഫീസില്‍ മെയ് 27 നകം അപേക്ഷ സമർപ്പിക്കേണ്ടതാണ്. തൈ ഒന്നിന് 33 രൂപയാണ് വില. കൂടുതൽ വിവരങ്ങൾക്ക് 0495 2416900, 8547603819, 8547603816 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
3. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; മൂന്ന് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് പ്രവചനം. അറബിക്കടലിലെ ന്യൂനമർദ്ദ സാധ്യതയെത്തുടർന്ന് സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാടക - ഗോവ തീരത്തിന് മുകളിലായാണ് ന്യൂനമർദം രൂപപ്പെട്ടത്. തുടർന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമർദം അടുത്ത 36 മണിക്കൂറിനുള്ളിൽ തീവ്രന്യൂനമർദമായി ശക്തി പ്രാപിയ്ക്കാൻ സാധ്യതയെന്നും മുന്നറിയിപ്പിൽ പറയുന്നു. ഇന്ന് ശക്തമായ മഴയ്ക്കും നാളെയും മറ്റന്നാളും അതിശക്തമായ മഴയ്ക്കുമാണ് സാധ്യത. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകളും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ തീവ്ര മഴയ്ക്കുള്ള സാധ്യതയായ ഓറഞ്ച് അലർട്ടും ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയായ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്. നാളെ മുതൽ ഞായറാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
Share your comments