1. News

നിപ വൈറസ് കണ്ടെത്താൻ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐ.സി.എം.ആർ. അംഗീകാരം നൽകിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അംഗീകാരം നൽകുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് നടപടി.

Meera Sandeep
നിപ വൈറസ് കണ്ടെത്താൻ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി: മന്ത്രി വീണാ ജോർജ്
നിപ വൈറസ് കണ്ടെത്താൻ ട്രൂനാറ്റ് പരിശോധനയ്ക്ക് അനുമതി: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ വൈറസ് പരിശോധിക്കുന്നതിന് ട്രൂനാറ്റ് പരിശോധന നടത്താൻ ഐ.സി.എം.ആർ. അംഗീകാരം നൽകിയതതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലെവൽ ടു ബയോസേഫ്റ്റി സംവിധാനമുള്ള ആശുപത്രികൾക്കാണ് അംഗീകാരം നൽകുന്നത്. ഇതിനായി എസ്.ഒ.പി. തയ്യാറാക്കും. ഐ.സി.എം.ആറുമായി നടത്തിയ ആശയവിനിമയത്തെ തുടർന്നാണ് നടപടി. ഇതിലൂടെ കൂടുതൽ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും കാലതാമസമില്ലാതെ നിപ വൈറസ് ഉണ്ടോയെന്ന് കണ്ടെത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനുമാകും. ട്രൂനാറ്റ് പരിശോധനയിൽ നിപ വൈറസ് കണ്ടെത്തുന്ന സാമ്പിളുകൾ മാത്രം തിരുവനന്തപുരം തോന്നക്കൽ, കോഴിക്കോട് വൈറോളജി ലാബുകളിലേക്ക് അയച്ചാൽ മതിയാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

കഴിഞ്ഞ നാല് ദിവസങ്ങളിലായി പുതിയ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. കോഴിക്കോട് ചികിത്സയിലുള്ള ഒമ്പത് വയസുകാരന്റെ ആരോഗ്യനില കൂടുതൽ മെച്ചപ്പെട്ടു. ഓക്സിജൻ സപ്പോർട്ടും മാറ്റിയിട്ടുണ്ട്. ചികിത്സയിലുള്ള മറ്റ് മൂന്ന് പേരുടേയും ആരോഗ്യനിലയും തൃപ്തികരമാണ്. സംസ്ഥാനത്ത് ഇതുവരെ 323 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. അതിൽ 317 എണ്ണം നെഗറ്റീവാണ്. ഇതുവരെ ആറ് പോസിറ്റീവ് കേസുകളാണുള്ളത്. ആദ്യ ഇൻക്യുബേഷൻ പീരീഡ് പൂർത്തിയാക്കിയവരെ ഒഴിവാക്കിയ ശേഷം സമ്പർക്കപ്പട്ടികയിലുള്ള 980 പേരാണ് ഐസൊലേഷനിലുള്ളത്. 11 പേർ മെഡിക്കൽ കോളേജിലെ ഐസോലഷനിലുണ്ട്.

ആരോഗ്യ വകുപ്പിന്റെ ജില്ലാ സർവലൻസ് ടീം തുടക്കത്തിൽ തന്നെ നിപ വൈറസ് കണ്ടുപിടിക്കുന്നതിന് കൃത്യമായ ഇടപെടലുകൾ നടത്തി. തുടർന്ന് ടീം സ്വീകരിച്ച നടപടികളാണ് രോഗ വ്യാപനത്തെ ഫലപ്രദമായി തടയുന്നതിന് സഹായിച്ചത്. ഔട്ട് ബ്രേക്ക് സമയത്ത് തന്നെ ആദ്യ കേസ് കണ്ടുപിടിക്കാൻ സാധിച്ചത് ആദ്യമായിട്ടാണ്. രണ്ടാമത് മരണമടഞ്ഞയാളുടെ മൃതദേഹം വിട്ടുകൊടുക്കാതെ നിപ പരിശോധന നടത്തിയതാണ് രോഗം കണ്ടുപിടിക്കാനും വേഗത്തിൽ പ്രതിരോധമൊരുക്കാനും സാധിച്ചത്.

എന്ത് കൊണ്ട് കോഴിക്കോട് വീണ്ടും നിപ സ്ഥിരീകരിക്കുന്നത് എന്നതിനെ സംബന്ധിച്ച് മുഖ്യമന്ത്രി പറഞ്ഞ പ്രകാരം സംസ്ഥാനം സീറോ സർവലൻസ് പഠനം നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ഹൈ റിസ്‌ക് സമ്പർക്കപ്പട്ടികയിലുള്ള വ്യക്തികളുടെ ആന്റിബോഡി പരിശോധിച്ചാണ് പഠനം നടത്തുന്നത്. നിപ പ്രതിരോധത്തിന് ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനം പ്രവർത്തിച്ചു വരുന്നു.

81 സാമ്പിളുകളാണ് നിപ സംശയിച്ച് ഈ വർഷം മാത്രം പരിശോധിച്ചത്. നിപ പ്രോട്ടോകോളിന്റെ ഭാഗമായി പരിശീനം നടത്തുകയും ലാബ് സൗകര്യമൊരുക്കുകയും ചെയ്തു. ഈ വർഷം പുറത്തിറക്കിയ ആരോഗ്യ ജാഗ്രതാ കലണ്ടറിലും നിപ പ്രതിരോധമുണ്ട്. 21 ദിവസമാണ് ഇൻക്യുബേഷൻ പീരിഡ് എങ്കിലും വീണ്ടും 21 ദിവസം കൂടി പ്രവർത്തനം നടത്തും. അതിനാൽ 42 ദിവസം കൺട്രോൾ റൂം പ്രവർത്തിക്കുന്നതാണ്. മൃഗ സംരക്ഷണം, വനം വകുപ്പുകളുടെ സഹകരണത്തോടെ വൺ ഹെൽത്ത് ശക്തിപ്പെടുത്തുന്നതാണ്. പബ്ലിക് ഹെൽത്ത് ഡയറക്ടറേറ്റ് രൂപീകരിക്കാനുള്ള നടപടികൾ നേരത്തെ തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

English Summary: Trunat test allowed to detect Nipah virus: Minister Veena George

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds