ഉത്തർ പ്രദേശ് സർക്കാർ കോവിഡ് ലോക്ക്ഡൗൺ മൂലം പ്രതിസന്ധിയിലായ കർഷകരെ സഹായിക്കാനായി 46 ഇനം പച്ചക്കറി, പഴം വിളകളുടെ മാർക്കറ്റ് നികുതി ഒഴിവാക്കി. കർഷകർക്ക് അവരുടെ കൃഷിസ്ഥലത്തിനടുത്തോ സംസ്ഥാനത്ത് എവിടെ വേണമെങ്കിലുമോ വിൽപന നടത്താനുള്ള അനുമതിയും സർക്കാർ നൽകി. ഇതിനായി 1964-ലെ കാർഷിക ഉത്പാദന മാർക്കറ്റ് നിയമത്തിൽ സംസ്ഥാന സർക്കാർ ഭേദഗതി വരുത്തി. ഇതിന് പുറമേ സംസ്ഥാനത്തെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ പ്രധാനപ്പെട്ട തൊഴിൽ നിയമങ്ങൾ മൂന്ന് വർഷത്തേക്ക് റദ്ദാക്കാനുള്ള ഓർഡിനൻസിനും സർക്കാർ അനുമതി നൽകി. തൊഴിൽ നിയമങ്ങളുമായി ബന്ധപ്പെട്ട 38 നിയമങ്ങളിൽ 35 എണ്ണവും ഇക്കാലളവിൽ റദ്ദാക്കപ്പെടും. കോവിഡ് പ്രതിസന്ധിയിൽപ്പെട്ട വ്യവസായങ്ങളെ പുനരുജ്ജീവിപ്പിക്കാനാണ് ഈ നടപടിയിലൂടെ ലക്ഷ്യമിടുന്നതെന്ന് യുപി സർക്കാർ വക്താവ് വ്യക്തമാക്കുന്നു.
മാമ്പഴം, തണ്ണിമത്തൻ, കാബേജ്, വാഴപ്പഴം തുടങ്ങിയ വിളകളെയാണ് മാർക്കറ്റ് നികുതിയിൽനിന്ന് ഒഴിവാക്കിയത്. പുതിയ ഇളവുകളുടെ ആനുകൂല്യത്തിൽ കർഷകർക്ക് നേരത്തെ അനുവദിച്ചിരിക്കുന്ന മാർക്കറ്റുകൾക്ക് പുറമേ സംസ്ഥാനത്ത് എവിടെയും വ്യാപാരം നടത്താം. നേരത്തെയുള്ള മാർക്കറ്റ് നികുതി ഇല്ലാതെ, ചെറിയ ഉപയോക്തൃ നിരക്ക് നൽകി മുമ്പ് വിൽപന നടത്തിയിരുന്ന മാർക്കറ്റുകളിലും വ്യാപാരം നടത്താം. 46 വിളകൾക്ക് നികുതി ഇളവ് നൽകിയതിലൂടെ ഏകദേശം 124.58 കോടി രൂപയുടെ വരുമാനം സർക്കാന ഖജനാവിൽ കുറയുമെന്നാണ് യുപി സർക്കാർ കണക്കാക്കുന്നത്.
Share your comments