വ്യാപാരയുദ്ധ ആശങ്കയ്ക്ക് വിരാമമിട്ട് അമേരിക്കയിൽ നിന്ന് കൂടുതല്‍ സാധനങ്ങളും സേവനങ്ങളും ഇറക്കുമതിചെയ്യാന്‍ ചൈനയുടെ തീരുമാനം.അമേരിക്കയുടെ കാർഷിക ഉത്‌പന്നങ്ങളുടെ ഭൂരിഭാഗവും ചൈന വാങ്ങുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.യു.എസുമായുള്ള ഉന്നതതല ചര്‍ച്ചയ്ക്കുശേഷമാണ് പ്രഖ്യാപനം. വ്യാഴാഴ്ച വാഷിങ്ടണില്‍ ആരംഭിച്ച ചര്‍ച്ച ശനിയാഴ്ചയാണ് അവസാനിച്ചത്. അമേരിക്കയുമായി ഒരു വ്യാപാരയുദ്ധമുണ്ടാകില്ലെന്നും ഇരുരാജ്യവും പരസ്പരം ഇറക്കുമതിത്തീരുവ വര്‍ധിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കുമെന്നും ചൈനീസ് ഉപപ്രധാനമന്ത്രി ലിയു ഹി പറഞ്ഞു.
ഇരുരാജ്യവും തമ്മില്‍ നിലനില്‍ക്കുന്ന വ്യാപാര അന്തരം കുറയ്ക്കും. ചൈനയുമായുള്ള വ്യാപാരക്കമ്മി ഗണ്യമായി കുറയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ചര്‍ച്ചയ്ക്കുശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ യു.എസ്. പറഞ്ഞു നിലവില്‍ 33,500 കോടി ഡോളറാണ്(ഏകദേശം 23 ലക്ഷം കോടി രൂപ) ചൈനയുമായുള്ള യു.എസിന്റെ വാര്‍ഷിക വ്യാപാരക്കമ്മി.
യു.എസുമായുള്ള കാര്‍ഷിക, ഊര്‍ജ കയറ്റുമതിയില്‍ വര്‍ധന വരുത്താന്‍ ഇരുരാജ്യവും തീരുമാനിച്ചിട്ടുണ്ട്.അമേരിക്കയുടെ സാമ്പത്തിക-തൊഴില്‍ മേഖലകളിലെ വളര്‍ച്ചയ്ക്ക് ഇത് സഹായകമാകുമെന്നും പ്രസ്താവനയില്‍ പറയുന്നു.അതേസമയം, പ്രശ്‌നങ്ങള്‍ ഒറ്റദിവസംകൊണ്ട് പരിഹരിക്കാനാവില്ലെന്നും സമയമെടുക്കുമെന്നും ലിയു ഹി പറഞ്ഞതായി ചൈനീസ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുമായുള്ള വ്യാപാരക്കമ്മി അനിയന്ത്രിതമായി വര്‍ധിച്ചെന്നും തങ്ങളുടെ ബൗദ്ധികസ്വത്തുക്കള്‍ ചൈന കൈമാറ്റം ചെയ്യുന്നെന്നും ആരോപിച്ച് യു.എസ്. പ്രസിഡന്റ് .ഡൊണാള്‍ഡ് ട്രംപ് ചൈനയ്‌ക്കെതിരെ നിരന്തരം പ്രസ്താവനകളിറക്കിയിരുന്നു. ഇതിനുപിന്നാലെ ഉരുക്ക്-അലൂമിനിയം ഇറക്കുമതിത്തീരുവയും യു.എസ്. വര്‍ധിപ്പിച്ചു. ഇതിന് തിരിച്ചടിയായി യു.എസില്‍നിന്ന് ഇറക്കുമതിചെയ്യുന്ന 106 ഉത്പന്നങ്ങള്‍ക്ക് തീരുവ വര്‍ധിപ്പിക്കുന്നതായി ചൈനയും പ്രഖ്യാപിച്ചു.
Share your comments