നിരോധിത കീടനാശിനി ഉപയോഗിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതിന് നിയമനിര്‍മ്മാണം നടത്തുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. ഇത്തരം കീടനാശിനികളുടെ ഉപയോഗം ക്രിമിനല്‍ കുറ്റമായി കണ്ട് നടപടി സ്വീകരിക്കാനായി സർക്കാർ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. തിരുവല്ലയില്‍ കീടനാശിനി തളിക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ മരിച്ച സാഹചര്യത്തിലാണ് ഇങ്ങനെയൊരു തീരുമാനം. കർഷകത്തൊഴിലാളികളുടെ മരണത്തിനിടയാക്കിയ വിരാട് കീടനാശിനി വിൽക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തിരുവല്ലയില്‍ ഉപയോഗിച്ചത് സംസ്ഥാനത്ത് ഉപയോഗിക്കാന്‍ പാടില്ലാത്ത മാരക കീടനാശിനിയാണ്.
ഇത് കാര്‍ഷിക സര്‍വ്വകലാശാല നിര്‍ദ്ദേശിച്ചിട്ടുള്ള ലിസ്റ്റില്‍ ഉള്‍പ്പെട്ടതല്ല. ഇത് ഓഫീസറുടെ കുറിപ്പോടെ മാത്രമേ വാങ്ങാനും അനുവാദമുള്ളൂ. കീടനാശിനി വില്പന നടത്തുന്ന കടകളിൽ മിന്നൽ പരിശോധന നടത്താൻ അസിസ്റ്റന്റ് കൃഷി ഡയറക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.അപ്പര്‍ കുട്ടനാട് മേഖലയില്‍ കീടനാശിനി വില്പന ഉണ്ടാകില്ല. ലൈസന്‍മുള്ള കടകളിലും ഇനിമുതല്‍ വില്‍പ്പന ഉണ്ടാകില്ല .
കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ നിർദേശം ഇല്ലാതെ ഈ കീടനാശിനികൾ വിതരണം ചെയ്ത അഴിയടത്തുചിറയിലെ ഇലഞ്ഞിമൂട്ടിൽ ഏജൻസീസ് എന്ന സ്ഥാപനം അടച്ചുപൂട്ടി പരിശോധന നടത്താൻ നിർദ്ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു, അനധികൃതമായി കീടനാശിനി വിൽപ്പന നടത്തുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുമെന്നും അദ്ദേഹം പറഞ്ഞു കീടനാശിനി തളിക്കുന്നതിനായി ഡ്രോണുകൾ ഉപയോഗിക്കുന്നത് വ്യാപിപ്പിക്കുമെന്നും, കീടനാശിനി തളിക്കുന്ന തൊഴിലാളികൾക്കായി ബോധവത്ക്കരണ ക്‌ളാസ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.കീടനാശിനി വിമുക്ത കാർഷിക നയം ഘട്ടംഘട്ടമായി സർക്കാർ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
Share your comments