1. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി (SMAM) വഴി കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും സബ്‌സിഡി നിരക്കില്‍ വാങ്ങാൻ ഓണ്‍ലൈന്‍ അപേക്ഷ ജനുവരി15 മുതല്‍ നൽകാം. കാര്‍ഷിക മേഖലയില്‍ ചെലവുകുറഞ്ഞ രീതിയില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് സബ്മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചറല്‍ മെക്കനൈസേഷന്‍ അഥവാ സ്‌മാം പദ്ധതി. കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിളവെടുപ്പാനന്തര വില സംസ്‌ക്കരണ, മൂല്യ വര്‍ദ്ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ നല്‍കുന്നതിനാണ് അപേക്ഷ ക്ഷണിച്ചത്. ഇതനുസരിച്ച് വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എസ്എച്ച്ജി കള്‍, എഫ്പിഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും, യന്ത്രവല്‍ക്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി ഫാം മെഷിനറി ബാങ്കുകള്‍ സ്ഥാപിക്കുന്നതിന് കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ടു ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും. 2024-2025 സാമ്പത്തിക വർഷത്തിലെ അപേക്ഷകള്‍ http://agrimachinery.nic.in/index എന്ന വെബ് സൈറ്റ് മുഖേന നാളെ മുതൽ നല്‍കാം. പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമായോ ആലപ്പുഴ, കോഴിക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായോ സ്ഥലത്തെ കൃഷിഭവനുമായോ ബന്ധപ്പെടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: ഇ-മെയില്‍: aeeaalpy@gmail.com ഫോണ്‍: 9383470694, 9544724960, 9495516968.
2. ക്ഷീര വികസനവകുപ്പിന്റെ തിരുവനന്തപുരം,വലിയതുറയിലുള്ള തീറ്റപ്പുൽ കൃഷി വികസന പരിശീലന കേന്ദ്രത്തിൽ ജനുവരി 16,17 തീയതികളില്‍ വിവിധ വിഷയങ്ങളിൽ പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ക്ഷീരകര്‍ഷകര്‍ 0471 2501706, 9388834424 എന്നീ ഫോൺ നമ്പറുകളിലേക്ക് വാട്സാപ്പ് ചെയ്യുകയോ പ്രവര്‍ത്തിദിവസങ്ങളില്‍ വിളിക്കുകയോ ചെയ്യുക.
3. സംസ്ഥാനത്ത് ജനുവരി 16 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ബംഗാൾ ഉൾക്കടലിലെ കോമറിൻ മേഖലയ്ക്ക് മുകളിൽ ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതിനാലാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകളില്ലെങ്കിലും നാളെ മൂന്ന് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു. കേരള തീരത്തും തമിഴ്നാട് തീരത്തും ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. അതേസമയം, പകൽ താപനില സാധാരണയെക്കാൾ രണ്ടു മുതൽ മൂന്ന് ഡിഗ്രി വരെ ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു.
Share your comments