1. News

വയൽക്കഥ - കൃഷിയുടെ നാട്ടറിവുകൾ പുസ്തകം പ്രകാശനം ചെയ്തു

ജനങ്ങളുടെ സാംസ്കാരിക അടിത്തറ, പാരമ്പര്യം, അനുഭവജ്ഞാനം എന്നിവയെല്ലാം തുടർച്ചയായി അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സംവത്സരങ്ങളായി ജനങ്ങളെ താങ്ങി നിർത്തിയിരുന്ന കാർഷിക സമ്പത്ത് പൂർണമായും കൊള്ളയടിക്കപ്പെടുവാനും, യുവാക്കളെ തൊഴിൽ രഹിതരാക്കാനും ഇടയാക്കിയിരിക്കുകയാണ്.

Arun T

ജനങ്ങളുടെ സാംസ്കാരിക അടിത്തറ, പാരമ്പര്യം, അനുഭവജ്ഞാനം എന്നിവയെല്ലാം തുടർച്ചയായി അക്രമിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സംവത്സരങ്ങളായി ജനങ്ങളെ താങ്ങി നിർത്തിയിരുന്ന കാർഷിക സമ്പത്ത്‌ പൂർണമായും കൊള്ളയടിക്കപ്പെടുവാനും, യുവാക്കളെ തൊഴിൽ രഹിതരാക്കാനും ഇടയാക്കിയിരിക്കുകയാണ്.

സാമ്രാജ്യത്വ ശക്തികളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനുള്ള കമ്പോളമാക്കി ഭാരതത്തെപോലുള്ള രാജ്യങ്ങളെ മാറ്റിയിരിക്കുന്നു.

ഇവിടെ പരമ്പരാഗതമായി കൃഷി ചെയ്തു വരുന്ന ഉൽപ്പന്നങ്ങൾ ഇറക്കുമതി ചെയ്യുകയും കൃഷിഭൂമിയുടെ ഉടമസ്ഥാവകാശം ബഹുരാഷ്ട്ര കുത്തകകൾ കയ്യടക്കുകയും ചെയ്തിരിക്കുകയാണ്. വികലമായ ആസൂത്രണത്തിൻെറ ഫലമായി നമ്മുടെ കുടിവെള്ളവും അന്തരീക്ഷവും മലിനമാക്കുകയും അതുവഴി ശുദ്ധജലവും ശുദ്ധവായുവുംവിൽപ്പനച്ചരക്കാക്കി ജനങ്ങളെ കൊള്ളയടിക്കുവാൻ സാമ്റാജ്യത്വശക്തികൾക്ക് അവസരം കൈവന്നിരിക്കുകയാണ്.

ഓരോ കുടുംബത്തിലൂടെ ഗ്രാമത്തിലൂടെ നേടുന്ന സ്വാശ്രയമാണ് സ്വാതന്ത്ര്യത്തിൻെറ ജനാധിപത്യവൽക്കരണം എന്ന ഗാന്ധിയുടെ തത്വശാസ്ത്രത്തെ അവഗണിച്ചുകൊണ്ട് ഉപഭോക്തൃ സംസ്കാരത്തിനായുള്ള പരിഷ്കരണത്തിലൂടെ ഭ്രാന്തമായതും വികലമായതുമായ വികസനപാതയിലേക്ക് ഇന്ത്യൻ ജനതയെ തിരിച്ചുവിടാൻ ബഹുരാഷ്ട്ര കുത്തകകൾക്കും സാമ്രാജ്യത്വ ശക്തികൾക്കും സാധ്യമായിരിക്കുകയാണ്.

മേൽവിവരിച്ചിട്ടുള്ള സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ഒരു ചെറിയ കാൽവെപ്പ് എന്ന ലക്ഷ്യത്തോടെയാണ് വടകര നഗരസഭ ജനകീയ ആസൂത്രണ പദ്ധതിയിൽ കാർഷിക സഹായ തൊഴിൽ ദായക സംഘം എന്ന പ്രസ്ഥാനത്തിന് രൂപം നൽകിയത്.

തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുക,വിദ്യാലയങ്ങളിൽ കാർഷിക ക്ളബ്ബ്, നെൽകൃഷി വർഷം,കാർഷിക രംഗത്ത് കലാസാംസ്‌കാരിക കൂട്ടായ്മ, പച്ചക്കറി സംഭരണ വിതരണ കേന്ദ്രം, കാർഷിക നേഴ്സറി, വീട്ടുവളപ്പിൽ പച്ചക്കറി, സെമിനാറുകൾ.. തുടങ്ങി ഒട്ടനവധി പദ്ധതികൾ ജനങ്ങൾക്ക് കാർഷിക മേഖലയോട് അഭിനിവേശം ഉണ്ടാക്കുന്നതിനായി ആവിഷ്കരിച്ചു നടപ്പിലാക്കുകയുണ്ടായി. ഇതിന്റെ ഭാഗമായി തന്നെയുള്ള പഴയകാല നാട്ടറിവുകൾ സമാഹരിച്ച് വരുന്ന തലമുറയ്ക്ക് സംഭാവന ചെയ്യുന്നതിനായി അച്ചടിച്ചു പ്രസിദ്ധീകരിക്കുക എന്ന സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുകയാണ്. ഈ ഉദ്യമം സാധ്യമാക്കുന്നതിന് വേണ്ടി ഒട്ടനവധി വ്യക്തികളുടെയും പ്രസ്ഥാനങ്ങളുടെയും അശ്രാന്ത പരിശ്രമങ്ങൾ ലഭ്യമായിട്ടുണ്ട്.എല്ലാവരുടെയും പേരെടുത്ത് ഈ ആമുഖത്തിൽ. ചേർക്കാൻ സാധിക്കാത്തതിൽ ക്ഷമ ചോദിക്കുകയാണ്.

ശ്രീ. കെ.ശങ്കരകുറുപ്പിന്റെ നേതൃത്വത്തിലുള്ള കൗൺസിലർമാരും നഗരസഭാ സെക്രട്ടറി പി.വേണുഗോപാൽ, കോർഡിനേറ്റർ മണലിൽ മോഹനൻ,വ്യവസായ വികസന ഓഫീസർ കെ.വി.ശ്രീനിവാസൻ അടക്കമുള്ള ജീവനക്കാരും,കൃഷിഭവനിലെ ജീവനക്കാരും, നഗരസഭ അതിർത്തിക്കുള്ളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർ, പി.ടി.എ കമ്മറ്റികൾ ,വിദ്യാർത്ഥികൾ, വടകരയിലെ പ്രമുഖ വ്യവസായി ശ്രീ. വി.ആർ.കൃഷ്ണൻ ചെയർമാനും ശ്രീ. ആർ.കെ.നാരായണൻ കൺവീനറുമായുള്ള കലാ സാംസ്കാരിക കോർഡിനേഷൻ കമ്മിറ്റി, നിരഞ്ജന പുതുപ്പണം, ചാലഞ്ജേർസ് പാക്കയിൽ,സഹൃദയ&പുരോഗമന കുറുമ്പയിൽ, നീലിമ നടക്കുതാഴ,ഫാസ്ക് താഴെ അങ്ങാടി,യൂണിവേഴ്സൽ പുത്തൂർ, പുതുപ്പണം ഗ്രന്ഥാലയം തുടങ്ങിയ കലാ സാംസ്കാരിക സംഘടനകൾ, വടകരയിലെ കച്ചവട സ്ഥാപനങ്ങൾ, ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി, വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് തുടങ്ങി നിരവധി സ്ഥാപനങ്ങളും വ്യക്തികളും നൽകിയ സംഭാവനകൾ മഹത്തരമാണ്.

പുതുപ്പണം ഗ്രന്ഥാലയത്തിൻെറ പ്രവർത്തകരുടെ സഹകരണം പ്രത്യേകം എടുത്ത് പറയേണ്ടതാണ്. ഒരു ദിവസം മുഴുവനും നടത്തിയ നാട്ടറിവ് സമാഹരണം ശിൽപ്പശാല ഏറ്റെടുത്തു നടത്തി ഒരു വൻവിജയമാക്കിയത് ഗ്രന്ഥശാല പ്രവർത്തകരാണ്.

തൃശ്ശൂർ നാട്ടറിവ് പഠനകേന്ദ്രം ഡയറക്ടർ ഡോ:സി.ആർ.രാജഗോപാലിൻെറ സേവനം അവിസ്മരണീയമാണ്. നാട്ടറിവ് ശിൽപ്പശാലയിൽ മുഴുവൻ സമയം പങ്കെടുക്കുകയും ഈപുസ്തകത്തിന് ആവശ്യമായ ഒട്ടനവധി ഘടകങ്ങൾ സംഭാവന ചെയ്യുകയും പഠനാർഹമായതും ചിന്തോദ്ദീപമായതുമായ അവതാരിക നൽകുകയും ചെയ്ത അദ്ദേഹത്തിന് അകൈതവമായ കൃതജ്ഞത ഇവിടെ രേഖപെടുത്തുകയാണ്.

ഹരിതാഭമായ കേരളം,സ്വാശ്രയമായ സമൂഹം, അരോഗദൃഢഗാത്രരായ വ്യക്തികൾ എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനായുള്ള ഈ ഏളിയ തുടക്കം , കൂടുതൽ പഠനവും ചർച്ചകളും കാംക്ഷിച്ചു കൊണ്ട് ബഹുജന സമക്ഷം സമർപ്പിക്കുന്നു.

യുഗാന്തരങ്ങളായി ചുണ്ടുകളിൽ നിന്നും ചുണ്ടുകളിലേക്ക് വാമൊഴിയായി ഒഴുകിയെത്തിയ "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരുമൊന്നു പോലെ" എന്ന ഗാനത്തിൽ അടങ്ങിയിരിക്കുന്ന മഹത്തായ സോഷ്യലിസ്റ്റ് സങ്കല്പം പുന:സ്ഥാപിക്കുന്നതിനായുള്ള ഭഗീരഥപ്രയത്നത്തിൽ നമുക്കും പങ്കാളികളാകാം.(ആമുഖത്തിൽ നിന്നും)

സ്മരണാഞ്ജലി,........

ജനകീയാസൂത്രണ കാലയളവിൽ വടകര നഗരസഭയുടെ ചെയർമാൻ ആയിരുന്ന ദിവംഗതനായ ബഹുമാനപ്പെട്ട കെ. ശങ്കരക്കുറുപ്പിൻെറ അകൈതവമായ പിന്തുണയാണ് ഇത്തരമൊരു പുസ്തകത്തിൻെറ പിറവിയിലേക്ക് നയിച്ചത്

എന്ന കാര്യം എടുത്തു പറയേണ്ടതുണ്ട്.

കാർഷിക മേഖലയിൽ സാമൂഹ്യ ഇടപെടൽ ലക്ഷ്യം വെച്ച് കൊണ്ട് ആവിഷ്കരിച്ച കാർഷിക സഹായതൊഴിൽ ദായക സംഘം എന്ന പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചതിന് വളരെയധികം പ്രയാസങ്ങൾ അദ്ദേഹത്തിന് അനുഭവിക്കേണ്ടതായി വന്നിട്ടുണ്ട്. പ്ളാനിംഗ് ബോർഡ് യോഗത്തിൽ "മുനിസിപ്പാലിറ്റിയിലുംകൃഷിയോ?" എന്ന് ചോദിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തിനെ പരസ്യമായി അധിക്ഷേപിക്കുന്ന അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് നാം തിരിഞ്ഞു നോക്കുമ്പോൾ വടകര നഗരസഭയിൽ തുടക്കം കുറിച്ച കാർഷിക പദ്ധതികൾ എല്ലാം തന്നെ കേരളത്തിലെ സമസ്ത മേഖലകളിലും നിറഞ്ഞു നിൽക്കുകയാണ് എന്നത് അഭിമാനാർഹമായ കാര്യമാണ്.

ഇത്തരമൊരു പദ്ധതിക്ക് ഏറ്റവുമധികം പ്രോൽസാഹനം നൽകിയ വ്യക്തിയാണ് വടകര നഗരസഭയുടെ വ്യവസായ വികസന ഓഫീസറായിരുന്ന അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞുപോയ കെ.വി.ശ്രീനിവാസൻ. പദ്ധതിയുടെ നടത്തിപ്പിന് ഉണ്ടാകുന്ന തടസ്സങ്ങൾ നീക്കിയെടുക്കുന്നതിനും ,ബഹുജനങ്ങളുടെയും പ്രസ്ഥാനങ്ങളുടെയും പിന്തുണ ഉണ്ടാക്കി എടുക്കുന്നതിനും സർവ്വോപരി ഞങ്ങളെ മാനസികമായി ഉത്തേജിപ്പിക്കുന്നതിനും  അദ്ദേഹം നടത്തിയ ശ്രമങ്ങളെ മറക്കാൻ കഴിയില്ല. ജനകീയ ആസൂത്രണവുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിപ്പിക്കുന്നതിന് അദ്ദേഹം നടത്തിയ സമർപ്പിതമായ പ്രവർത്തനങ്ങൾ വിശേഷിച്ച് ഓണംവിപണനമേള പോലെയുള്ള പരിപാടികൾ സഹകരണമേഖലയിലെയും ചെറുകിട മേഖലയിലെയും സ്ഥാപനങ്ങൾക്കും വ്യവസായികൾക്കും ഏറെ പ്രോൽസാഹനജനകവും മുഖ്യധാരയിൽ ലഭിച്ച വലിയ അംഗീകാരവുമായിരുന്നു ഓണം വിപണനമേളകൾ.

അതേ പോലെ തന്നെ എടുത്തു പറയേണ്ടത് മറ്റൊരു വ്യക്തിത്വമാണ് വടകരയിലെ കർഷക തൊഴിലാളി പ്രസ്ഥാനത്തിൻെറ അജയ്യനായ നേതാവ് കുഴിച്ചാലിൽ ചാത്തു. കാർഷിക പദ്ധതികളുമായി ബന്ധപ്പെട്ട എല്ലാവിധ പരിപാടികൾക്കും പ്രായത്തിൻെറയും ശാരീരികമായ ബുദ്ധിമുട്ടുകളും വകവെക്കാതെ എല്ലായിടത്തും ഓടിയെത്തി തൻെറ അനുഭവങ്ങളും അറിവുകളും പങ്കുവെക്കാൻ അദ്ദേഹം കാണിച്ച ഉൽസാഹമാണ്

വയൽക്കഥയുടെ വിജയത്തിൻെറ മുഖ്യഘടകം.ഞാൻ ഇപ്പോഴും ഓർക്കുകയാണ് അർച്ചന കുന്നുമ്മക്കരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഭക്ഷ്യകൃഷി സമ്മേളനത്തിലടക്കം ചാത്തുവേട്ടൻെറ പ്രസംഗം. അദ്ദേഹത്തിന്റെ സാന്നിധ്യം ശരിക്കും തറവാട് കാരണവരുടെ പ്രതീതിയാണ് ഏവർക്കും അനുഭവപ്പെട്ടത്.

വയൽക്കഥയും ഹരിതാമൃതവും വൈദ്യമഹാസഭയും ,ഇന്ന് കേരളക്കരയാകെ കൃഷിയെപറ്റി ചർച്ച ചെയ്യുമ്പോൾ ഈയൊരു പ്രവർത്തനത്തിന് വിത്ത് പാകാൻ അശ്രാന്ത പരിശ്രമം നടത്തിയ നമ്മെ വിട്ടു പിരിഞ്ഞ സുമനസുകളുടെ സ്മരണകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.,💐

"വയൽക്കഥ"

കൃഷിയുടെ നാട്ടറിവുകൾ

എഡിറ്റർ: ടി.ശ്രീനിവാസൻ

പ്രസാധകർ:

പൂർണ പബ്ളിക്കേഷൻസ്,കോഴിക്കോട്

 

ടി.ശ്രീനിവാസൻ,

വടകര.

9539157337

English Summary: Vayalkkatha - The Natural Resources of Agriculture has been released

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds