വിലയിലെ ഏറ്റക്കുറച്ചിലുകള്‍ക്കൊപ്പം കാലവര്‍ഷവും വില്ലനായതോടെ വാഴക്കുളം കൈതച്ചക്ക വിപണിയിലെ പ്രതിസന്ധി രൂക്ഷമാകുകയാണ്. കര്‍ഷകരും കച്ചവടക്കാരും ഒരുപോലെ കുഴങ്ങുകയാണ് ഇത്തവണത്തെ വിപണിത്തകര്‍ച്ചയില്‍. ഈ സീസണില്‍ ഇതുവരെ രണ്ടായിരത്തിലധികം ടണ്‍ കൈതച്ചക്കയാണ് കേടുവന്ന് കുഴിച്ചുമൂടിയത്. ഏഷ്യയില്‍ത്തന്നെ കൈതച്ചക്കയുടെ ഏറ്റവും വലിയ മാര്‍ക്കറ്റാണ് വാഴക്കുളം. ഇടവിട്ടുപെയ്യുന്ന മഴയില്‍ കൈതച്ചക്കയുടെ തനതായ രുചി നഷ്ടമാകുന്നതും വിപണിയിലെ തിരിച്ചടിയ്ക്ക് കാരണമാണ്. നിപവൈറസ് ബാധയും വിപണിയെ ബാധിച്ചിരുന്നു.
അതേസമയം, വാഴക്കുളം പൈനാപ്പിള്‍ കൃഷിക്ക് നേരെ നടക്കുന്ന
വിപരീതമായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് പൈനാപ്പിള്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.
കൃഷിരീതികളില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ശുപാര്‍ശകളും നിര്‍ദേശങ്ങളുമാണ് വാഴക്കുളം പൈനാപ്പിള്‍ കൃഷിക്കാര്‍ പിന്തുടരുന്നതെന്ന് അസോസിയേഷന്‍ സെക്രട്ടറി ജോജോ ജോസഫ് പത്രസമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ വാഴക്കുളം പൈനാപ്പിള്‍ റിസര്‍ച്ച് സ്റ്റേഷന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് കാര്‍ഷിക രീതികള്‍ യഥാസമയം പരിഷ്‌കരിക്കാറുമുണ്ട്.
വാഴക്കുളം, മൂവാറ്റുപുഴ താലൂക്കിലെ ആയിരക്കണക്കിന് കര്‍ഷകര്‍ പൈനാപ്പിള്‍ കൃഷിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. 15,000 ഹെക്ടര്‍ സ്ഥലത്താണ് പൈനാപ്പിള്‍ കൃഷി വ്യാപകമായിട്ടുള്ളത്. പ്രതിവര്‍ഷം 800 കോടി വിലവരുന്ന നാലു ലക്ഷം ടണ്‍ പൈനാപ്പിളാണ് വിപണിയില്‍ വിറ്റഴിക്കുന്നത്. ഇതരസംസ്ഥാനത്തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നുണ്ട് ഈ മേഖല. വലിയ കൃഷിയിടങ്ങളില്‍ ഗ്രൂപ്പായിട്ടുള്ള കൃഷിയും നടന്നുവരുന്നുണ്ട്. പൈനാപ്പിള്‍ കൃഷിക്കായി ഒരു ഹെക്ടറില്‍ ഏകദേശം 5.50 ലക്ഷം രൂപയാണ് നിക്ഷേപം.
Share your comments