1. കേരളത്തിലെ കര്‍ഷകര്‍ക്ക് സഹായവുമായി ലോകബാങ്ക്. കർഷകരെ കാലാവസ്ഥാവ്യതിയാനത്തോട് പൊരുത്തപ്പെടുത്തുന്നതിന് സഹായിക്കുന്നതിനും കാർഷിക സംരംഭകരെ മൂല്യവർധിത ഉത്പന്നങ്ങൾ വിപണനം ചെയ്യുന്നതിന് പ്രോത്സാഹിപ്പിക്കുന്നതിനുമുളള പദ്ധതിക്കാണ് ലോകബാങ്കിൻ്റെ അംഗീകാരം. അഗ്രി-ഫുഡ് ചെറുകിട ഇടത്തരം സംരംഭങ്ങൾക്ക് 75.72 കോടി രൂപ (9 മില്യൺ ഡോളർ) ധനസഹായം ഉറപ്പാക്കുന്നതാണ് പദ്ധതി. കാലാവസ്ഥാവ്യതിയാനത്തെ നേരിടുക എന്ന ലക്ഷ്യത്തോടെ രൂപം നല്‍കിയ കേര പദ്ധതിയുടെ ആദ്യ ഗഡുവായി 1655 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. കേരളാ ക്ലൈമറ്റ് റെസിലിയന്റ്റ് അഗ്രി-വാല്യൂ ചെയിൻ എന്നതാണ് 'കേര' പദ്ധതിയുടെ പൂർണരൂപം. 4 ലക്ഷം കർഷകർക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. കാപ്പി, ഏലം, റബ്ബർ എന്നിവയുടെ കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തിലെ “ഫുഡ് പാർക്കുകൾ” ഗ്രാമീണ മേഖലകളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങള്‍. കർഷകരും കാർഷിക ബിസിനസുകളും തമ്മിൽ കൂടുതല്‍ ഉത്പാദനപരമായ കൂട്ടുകെട്ടുകള്‍ രൂപീകരിക്കാനും അഗ്രി-ടെക് സ്റ്റാർട്ടപ്പുകളെ പരിപോഷിപ്പിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.
2. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തിയിലെ കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ വച്ച് ‘വീട്ടുവളപ്പിലെ പച്ചക്കറികൃഷിയും ജൈവമാലിന്യ സംസ്ക്കരണവും – ആദായത്തിനും ആരോഗ്യത്തിനും’ എന്ന വിഷയത്തില്‍ നവംബർ 26 ആം തീയതി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. 550/- രൂപയാണ് ഫീസ്. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പ്രവൃത്തി സമയങ്ങളില്‍ 0487 2370773 എന്ന ഫോണ്‍ നമ്പറില്‍ നവംബർ 25 ന് മുമ്പായി ബന്ധപ്പെടേണ്ടതാണ്.
3. സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് നേരിയ ശമനം. ഇന്ന് മുതൽ അടുത്ത മൂന്ന് ദിവസത്തേക്ക് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് നൽകിയിട്ടില്ല. അതേസമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്. കേരള - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രതാ നിർദേശം പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പിലും പറയുന്നുണ്ട്.
Share your comments