<
  1. News

കേരളത്തിൽ പച്ചക്കറിവില കുതിച്ചുയരുന്നു..കൂടുതൽ കൃഷിവാർത്തകൾ

സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ കാരറ്റിനും ബീൻസിനും തക്കാളിയ്ക്കും ഉൾപ്പെടെ കൂടിയത് 10 മുതൽ 25 രൂപ വരെ.

Darsana J

1. സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. മൂന്നാഴ്ചയ്ക്കുള്ളിൽ കാരറ്റിനും ബീൻസിനും തക്കാളിയ്ക്കും ഉൾപ്പെടെ കൂടിയത് 10 മുതൽ 25 രൂപ വരെ. കർണാടകയിലും തമിഴ്നാട്ടിലും സംഭവിച്ച കൃഷിനാശമാണ് കേരളത്തിലെ വിലക്കയറ്റത്തിന് കാരണം. ഇതുമൂലം വരുന്ന രണ്ടാഴ്ച വിലക്കയറ്റം തുടരുമെന്ന് വ്യാപാരികൾ പറയുന്നു. ചില്ലറ വിപണിയിലെത്തുമ്പോൾ കോഴിക്കോട് പാളയം മാർക്കറ്റിൽ കാരറ്റിന് കിലോയ്ക്ക് 115ന് മുകളിലാണ് വില. മൊത്ത വിപണിയിൽ തക്കാളിയ്ക്ക് 35 രൂപയും ബീൻസിന് 70 രൂപയും ഉയർന്നു.

ബന്ധപ്പെട്ട വാർത്തകൾ: 'കൃഷിക്കൊപ്പം കളമശ്ശേരി'യ്ക്ക് തുടക്കം...കൂടുതൽ കൃഷി വാർത്തകൾ

2. അമ്പലവയല്‍ കാര്‍ഷിക കോളജില്‍ എം.എസ്.സി അഗ്രിക്കള്‍ച്ചര്‍ കോഴ്‌സ് ആരംഭിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, കാര്‍ഷിക കോളേജ്, കൃഷി വിജ്ഞാന കേന്ദ്രം എന്നിവയുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചടങ്ങില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷനായി. വയനാട് ജില്ലയിലെ കാര്‍ഷിക, വിദ്യാഭ്യാസ മേഖലകളുടെ ഉന്നമനത്തിന് ബിരുദാനന്തര കോഴ്‌സ് തുടങ്ങേണ്ടത് ആവശ്യമാണെന്നും വിളയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷി രീതിയിലേക്ക് കേരളം മാറാന്‍ പോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

3. കൊച്ചിയിൽ നടക്കുന്ന കേരള സ്പൈസ് കോൺഫൻസ് രണ്ടാം എഡിഷന് ഇന്ന് സമാപനം. 'സുഗന്ധവ്യഞ്ജനങ്ങളിൽ മൂല്യ സൃഷ്ടി - ആഗോള വിപണി' എന്ന വിഷയത്തിൽ സ്‌പൈസസ് ബോർഡ്, സിഐഐ കേരള, സിഐഐ ഫുഡ് ആൻഡ് അഗ്രികൾച്ചർ സെന്റർ ഓഫ് എക്‌സലൻസ് എന്നിവ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. കേരളത്തെ സുഗന്ധവ്യഞ്ജന കേന്ദ്രമായി ഉയർത്തുക, നിലവാരമുള്ള ഉൽപന്നങ്ങളെ ആഗോള വിപണിയിൽ എത്തിക്കുക എന്നീ വിഷങ്ങളാണ് പരിപാടിയിൽ ചർച്ച ചെയ്യുന്നത്. ഭക്ഷ്യ സംസ്‌കരണ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായി കേരളം മാറിയതായും വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിൽ പ്ലാന്റേഷൻ ഡയറക്ടറേറ്റ് രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമെന്ന നിലയിൽ കേരളം അഭിമാനിക്കണമെന്നും വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.

4. വയനാട് സുല്‍ത്താന്‍ ബത്തേരി ബ്ലോക്കില്‍ കാർഷിക സെമിനാർ സംഘടിപ്പിച്ചു. കര്‍ഷകര്‍ക്ക് സബ്സിഡിയോടെ കാര്‍ഷികയന്ത്രങ്ങള്‍ വാങ്ങുന്നതിനും സൂക്ഷ്മ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുന്നതിനും കൃഷി വകുപ്പിന്റെ നേതൃത്വത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിജുമോന്‍ സക്കറിയ സെമിനാർ ഉദ്ഘാടനം ചെയ്തു. നൂറോളം കർഷകർ പരിപാടിയിൽ പങ്കെടുത്തു. കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതി, സൂക്ഷ്മ ജലസേചന പദ്ധതി, കാര്‍ഷിക വികസന ഫണ്ട് എന്നീ പദ്ധതികളെക്കുറിച്ച് ക്ലാസുകളും ഡീലര്‍ മാനുഫാക്ചേര്‍സ് മീറ്റും നടന്നു.

5. എറണാകുളം ജില്ലയിൽ ജലസേചന സംവിധാനങ്ങളൊരുക്കാൻ സബ്സിഡി നൽകുന്നു. ആധുനിക ജലസേചന രീതികളായ ഡിപ്പ്, സിംഗ്ലര്‍ എന്നിവയുടെ ഗുണഭോക്താക്കളാകാന്‍ പിഎം കൃഷി സിഞ്ചായി യോജന പദ്ധതിയിലൂടെ കർഷകർക്ക് അവസരം. പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 55% വരെയും, മറ്റ് കര്‍ഷകര്‍ക്ക് 45% വരെയും ധനസഹായം ലഭിക്കും. നൂതന ജലസേചന രീതികള്‍ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർധിപ്പിക്കുക, ജലസേചനത്തോടൊപ്പമുള്ള വളപ്രയോഗം, ഉയര്‍ന്ന ഉല്‍പാദനം, കര്‍ഷകരുടെ വരുമാനം ഉയര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങൾ. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടാം.

6. കേര രക്ഷാ വാരാചരണത്തിന്റെ ഭാഗമായി എറണാകുളം പാലക്കുഴ ഗ്രാമപഞ്ചായത്തില്‍ തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ ജയ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ, ഇരിങ്ങാലക്കുട ഫാമില്‍ നിന്നെത്തിച്ച 195 തെങ്ങിന്‍ തൈകൾ 50 രൂപ നിരക്കിലാണ് വിതരണം ചെയ്തത്. രണ്ടാം ഘട്ടത്തില്‍ 900 തൈകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യം. നേര്യമംഗലം ഫാമില്‍ നിന്നും വിതരണത്തിനുള്ള തൈകള്‍ എത്തിക്കും. നാളെ അവസാനിക്കുന്ന കേര രക്ഷാ പരിപാടികളുടെ ഭാഗമായി കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിക്കുന്നുണ്ട്.

7. എറണാകുളം ജില്ലയിലെ കർഷകർക്ക് കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയിലേക്ക് അപേക്ഷിക്കാം. പദ്ധതി വഴി കർഷകർക്ക് എട്ട് ലക്ഷം രൂപ വരെ ധനസഹായം ലഭിക്കും. കാര്‍ഷിക മേഖലയില്‍ ചെലവ് കുറഞ്ഞ യന്ത്രവല്‍ക്കരണം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വ്യക്തിഗത ഗുണഭോക്താക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷക കൂട്ടായ്മകള്‍, എഫ്.പികള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനവും സഹായം ലഭിക്കും. അപേക്ഷകള്‍ ഈ മാസം 30 മുതല്‍ ഓണ്‍ലൈനായി നല്‍കണം. കൂടുതൽ വിവരങ്ങൾക്ക് കൃഷി എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസുമായി ബന്ധപ്പെടാം.

8. ഒല്ലൂർ ബ്രാൻഡ് ഉൽപ്പന്നം പുറത്തിറക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ അടുത്ത ഒരു വർഷത്തിനുള്ളിൽ ഉൽപ്പന്നം വിപണിയിൽ എത്തുക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. കൃഷി സമൃദ്ധി ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കർഷകർക്ക് വരുമാനം ലഭ്യമാക്കുന്ന നിരവധി പ്രവർത്തനങ്ങൾ ഒല്ലൂർ കൃഷി സമൃദ്ധി നടത്തുന്നുണ്ടെന്നും ഇടനിലക്കാരില്ലാതെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറികൾ ശേഖരിച്ച് വിപണിലെത്തിക്കുന്നതിൽ വിജയം കൈവരിക്കാൻ കമ്പനിയ്ക്ക് സാധിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

9. ക്രോപ് ലൈഫ് ഇന്ത്യയുടെ 42-ാംമത് വാർഷിക സമ്മേളനവും ദേശീയ സമ്മേളനവും ഇന്ന് സമാപിക്കും. സ്വാശ്രയ ഇന്ത്യക്ക് വേണ്ടി കാർഷിക സുസ്ഥിര വളർച്ച എന്ന വിഷയത്തിലാണ് ദേശീയ സമ്മേളനം നടക്കുന്നത്. ന്യൂഡൽഹിയിലെ ഹയാത്ത് റീജൻസിയിൽ വച്ചാണ് പരിപാടി നടക്കുന്നത്. കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രി കൈലാഷ് ചൗധരി സമാപന സമ്മേളനത്തിൽ പങ്കെടുത്തു. പരിപാടിയിൽ കൃഷി ജാഗരൺ മീഡിയ പാർട്ണറാണ്.

10. ഒമാൻ ബൊട്ടാണിക് ഗാർഡൻ നടത്തിപ്പിന് പൈതൃക-വിനോദ സഞ്ചാര മന്ത്രാലയം ടെൻഡർ ക്ഷണിച്ചു. ഒമാനിന്‍റെ സസ്യവൈവിധ്യങ്ങളെയും ജൈവ പാരമ്പര്യത്തെയും കാത്തുസൂക്ഷിക്കാനും വിനോദസഞ്ചാരികൾക്ക് ആസ്വദിക്കാനും വേണ്ടിയാണ് ഒമാൻ ബൊട്ടാണിക് ഗാർഡൻ നിർമിയ്ക്കുന്നത്. സീബ് വിലയത്തിലെ അൽ ഖൂദിലുള്ള ബൊട്ടാണിക് ഗാർഡന്‍റെ നിർമാണം 2023ൽ പൂർത്തിയാക്കാനാണ് ലക്ഷ്യം. പരിസ്ഥിതിക്ക് അനുയോജ്യമായ വസ്തുക്കൾ മാത്രം ഉപയോഗിച്ചാണ് ബൊട്ടാണിക് ഗാർഡൻ നിർമിക്കുന്നത്.

11. കേരളത്തിൽ തെക്കു പടിഞ്ഞാറൻ കാലവർഷം അവസാനിച്ചു. വരും ദിവസങ്ങളിൽ തെളിഞ്ഞ കാലാവസ്ഥ തുടരും. ഒറീസ തീരത്ത് ന്യുനമർദം നിലനിൽക്കുന്നുണ്ടെങ്കിലും ഇത് കേരളത്തെ ബാധിക്കില്ല. തുലാവർഷം നേരത്തെ എത്തുമെന്നും സൂചനയുണ്ട്.

English Summary: Vegetable prices are soaring in Kerala more agriculture news

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds