1. തമിഴ്നാട്ടിലെ കൃഷി പ്രളയത്തിലായതോടെ ഒരാഴ്ചക്കിടെ കേരളത്തിലെ പച്ചക്കറി വില വർധിച്ചത് 2 രൂപ മുതൽ 100 രൂപ വരെ. വെളുത്തുള്ളി കിലോയ്ക്ക് വില 320 രൂപ വരെയാണ്. കഴിഞ്ഞയാഴ്ച 90 രൂപയായിരുന്ന മുരിങ്ങക്ക് ഇപ്പോൾ വില 160 രൂപയാണ്. പച്ചമുളകിൻ്റെ വില ഇപ്പോൾ 66 ആയി. കഴിഞ്ഞയാഴ്ച ഇത് 40 രൂപയായിരുന്നു. എന്നാൽ ഇഞ്ചിയുടെ വില കുറയുകയാണ് ചെയ്തത്. 240 ആയിരുന്ന ഇഞ്ചിയുടെ വില 120 രൂപയായി.
2. കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേലിലേക്ക് കൃഷി പഠിക്കാൻ പോയ 27 അംഗ സംഘത്തിലുണ്ടായിരുന്ന യുവ കർഷകൻ സുജിത്ത് ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിലെ അർത്തുങ്കലിലെ കൃഷിയിടത്തിൽ ഇസ്രായേലിലെ നൂതന കൃഷിരീതികൾ അവലംബിച്ച് കൃഷിയിറക്കിയതിന്റെ വിളവെടുപ്പ് ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിച്ചു. ഒരേക്കർ വരുന്ന കൃഷിയിടത്തിൽ വിവിധയിനങ്ങളിലായി 1000 ടിഷ്യുകൾച്ചർ വാഴകളാണ് സുജിത്ത് കൃഷി ചെയ്തത്. റോബസ്റ്റ, ഞാലിപ്പൂവൻ, ചെമ്പുവൻ, തുടങ്ങിയ വ്യത്യസ്തങ്ങളായ വാഴകളാണ് ഇവിടെ കൃഷി ചെയ്തത്.ഇസ്രായേലിൽ ഒരു കുഴിയിൽ തന്നെ മൂന്നു വാഴവെക്കുന്ന അതെ രീതിയാണ് ഇവിടെയും പരീക്ഷിച്ചത്. ഇടവിളയായി വെള്ളരി കുമ്പളം മത്തൻ തുടങ്ങിയ വ്യത്യസ്തങ്ങളായ ഇനങ്ങളും കൃഷി ചെയ്തിട്ടുണ്ട്.
3. പാലിൽ ഒരു വർഷത്തിനുള്ളിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ക്ഷീര വികസന, മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. തൃക്കാക്കര മണ്ഡല തല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. 90% പാലും കേരളത്തിൽ തന്നെ ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് കേരളം അടുക്കുകയാണ്. ക്ഷീര കർഷകർക്ക് ശക്തമായ പിന്തുണ നൽകി കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. തീറ്റ സബ്സിഡി കുറഞ്ഞ ചിലവിൽ ബാങ്കുകൾ വഴി വായ്പ്പ എന്നിവ നൽകി വരുന്നു. മലപ്പുറത്ത് പാൽ പൊടി ഫാക്ടറിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്. സമഗ്ര മേഖലയിലും വൻ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ ഏഴര വർഷ കാലമായി നടന്ന് വരുന്നത്. അധികാരമേറ്റ സമയത്ത് പ്രകടന പത്രികയിൽ പറഞ്ഞ ഓരോ വാഗ്ദാനങ്ങളും നടപ്പിലാക്കിയാണ് സർക്കാർ മുന്നോട്ട് പോകുന്നത് എന്നും മന്ത്രി വ്യക്തമാക്കി.
4. അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിൻ്റേയും കിഴക്കൻ കാറ്റിൻ്റേയും സ്വാധീനഫലത്താൽ ജനുവരി 5 വരെ കേരളത്തിൽ മിതമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ എറണാകുളം ജില്ലയിലും 5ാം തീയതി കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത, അപകട മേഖലകളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
Share your comments