സംസ്ഥാനത്തെ നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്ത് ജലവിതരണത്തിനായി ജലസേചന വകുപ്പിൻ്റെ വാഹനങ്ങള്‍ ജല അതോറിട്ടിക്ക് കൈമാറും.ആവശ്യമായ തോതില്‍ ജലം എല്ലായിടത്തും എത്തിക്കുന്നതിന് വാഹനങ്ങളുടെ കുറവ് തടസമാകാതിരിക്കാനായാണ് ജലസേചന വകുപ്പിൻ്റെ വാഹനങ്ങള്‍ കൂടി വിട്ടു നൽകുന്നത് കുടിവെളളം ആവശ്യമായ എല്ലായിടത്തും സേവനം ലഭ്യമാക്കും. നിലവിലുള്ളതിന് പുറമേ ജല അതോറിട്ടിയുടേയും ജലസേചന വകുപ്പിന്റെയും കീഴിലുള്ള 120 വാഹനങ്ങൾ കൂടി ഇതിനായി ഉപയോഗിക്കും.
കുടിവെള്ളം ലഭ്യമല്ലാത്ത വീടുകൾ, ഫ്ലാറ്റുകൾ എന്നിവിടങ്ങളിൽ 15 കിലോ കാനുകളിൽ കുടിവെള്ളം സൗജന്യമായി എത്തിക്കാൻ ജലവിഭവ വകുപ്പ് തീരുമാനിച്ചു. ജലസേചന വകുപ്പ്, ജല അതോറിട്ടി എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. രണ്ടാഴ്ചത്തേക്കുള്ള ക്രമീകരണങ്ങളാണ് ഇപ്പോൾ തീരുമാനിച്ചിട്ടുളളത്.
കുടിവെള്ളത്തിന് ഒപ്പം വീട്ടുകാർ ആവശ്യപ്പെടുന്ന അവശ്യസാധനങ്ങളും വാങ്ങി നൽകും. ഇതിനുള്ള തുക വീട്ടുകാർ നൽകേണ്ടിവരും. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ എല്ലാ ജില്ലകളിലും ജല അതോറിട്ടി നോഡൽ ഓഫീസർമാരെ നിയോഗിക്കും. ജലസേചനത്തിനായുള്ള കനാലുകളിലൂടെ കൃഷിക്കായുള്ള ജലവിതരണം തുടരും. ജല അതോറിട്ടിയുടെ കീഴിൽ നടന്നുവരുന്ന ജലവിതരണ സംവിധാനത്തിന്റെ അറ്റകുറ്റ പ്രവൃത്തികൾ, പൈപ്പ് പൊട്ടൽ പരിഹരിക്കൽ, ടാങ്കർ ലോറികളിലൂടെയുള്ള ജലവിതരണം എന്നിവ തടസമില്ലാതെ തുടരും. പമ്പ് ഹൗസുകൾ, വാട്ടർ ട്രീറ്റ്മെൻറ് പ്ലാൻറുകൾ, ഇൻടേക്കുകൾ എന്നിവയ്ക്കും തടസമുണ്ടാകില്ല.
Share your comments