<
  1. News

തണ്ണീര്‍തട നിയമങ്ങള്‍ കാറ്റില്‍ പറത്തി വേളൂക്കര പഞ്ചായത്ത്

നെല്‍കൃഷി പ്രോത്ത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ മന്ത്രിയുടെ നാട്ടില്‍ കൃഷിക്ക് തുരങ്കം വച്ച് പഞ്ചായത്ത് സമിതി. തൃശൂര്‍ ജില്ലയിലെ വേളൂക്കര പഞ്ചായത്താണ് നെല്‍കര്‍ഷകരെ ദ്രോഹിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്.

KJ Staff
velookara

നെല്‍കൃഷിപ്രോത്സാഹിപ്പിക്കാൻ സര്‍ക്കാര്‍ വന്‍ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ മന്ത്രിയുടെ നാട്ടില്‍ കൃഷിക്ക് തുരങ്കം വച്ച് പഞ്ചായത്ത് സമിതി.തൃശൂര്‍ ജില്ലയിലെ വേളൂക്കര പഞ്ചായത്താണ് നെല്‍കര്‍ഷകരെ ദ്രോഹിക്കാന്‍ കച്ച കെട്ടി ഇറങ്ങിയിരിക്കുന്നത്. കണ്ണുകെട്ടിച്ചിറ -വഴിക്കിലിച്ചിറ ഇരുപ്പൂ പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ നടത്തുന്ന 100 ഏക്കറിലെ കൃഷിയിടത്തിലേക്ക് ജലം എത്തിക്കുന്ന ബണ്ട് അടച്ച് കുടിവെളള പദ്ധതി നടപ്പിലാക്കാനാണ് പഞ്ചായത്ത് നീക്കം. നെല്‍കൃഷി നശിപ്പിച്ചുകൊണ്ട് അശാസ്ത്രീയമായി നടപ്പാക്കാനുദ്ദേശിക്കുന്ന കുടിവെളള പദ്ധതിയെകുറിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്ന് ലോക് താന്ത്രിക് യുവ ജനതാ ദള്‍ ജില്ല പ്രസിഡന്റ് വാക്‌സറിന്‍ പെരപ്പാടന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.പഞ്ചായത്തിന്റെ നീക്കം തണ്ണീര്‍ത്തട നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്നും അതില്‍ നിന്നും അധികൃതര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൃഷി നശിപ്പിക്കാനുളള നീക്കത്തിനെതിരെ പാടശേഖര സമിതി മുഖ്യമന്ത്രിക്കും വകുപ്പു മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. കൃഷി നശിപ്പിച്ചുകൊണ്ട് കുടിവെളള പദ്ധതി എന്നത് ദുരൂഹമായ ഒരാശയമാണെന്ന് വാക്‌സറിന്‍ പറഞ്ഞു.ഇതിന് പിന്നില്‍ ഭൂമാഫിയയുടെ അജണ്ടയാണെന്നും സംശയിക്കുന്നു. കൃഷിക്കായി ജലം ഉപയോഗിക്കുന്നതിനുളള ബണ്ട് അടച്ച് കുടിവെളള പദ്ധതി നടപ്പിലാക്കി ജലക്ഷാമം പരിഹരിക്കുമെന്നാണ് പഞ്ചായത്ത് അവകാശപ്പെടുന്നത്.

ബണ്ട് അടയ്ക്കുന്നതോടെ കൃഷിയിറക്കിയിരിക്കുന്ന നൂറേക്കറിലെ നെല്ലും മുങ്ങിപ്പോകും. ഡിസംബറിലാണ് കൊയ്ത്ത് നടക്കേണ്ടത്. 15 ഏക്കറില്‍ സുഭാഷ് പലേക്കറുടെ പ്രകൃതി കൃഷി അടിസ്ഥാനമാക്കിയുള്ള നാടന്‍ നെല്ലിനമായ കുറുവയും ബാക്കി 85 ഏക്കറില്‍ സങ്കരയിനങ്ങളായ ഉമ, ജ്യോതി എന്നിവയുമാണ് കൃഷി ചെയ്തിട്ടുള്ളത്. ആഗസ്റ്റില്‍ വിതച്ച് ഡിസംബറില്‍ കൊയ്യുന്ന മുണ്ടകന്‍ രീതിയിലാണ് കൃഷി.

കൊയ്ത്തിനു ശേഷം ഇടമലയാര്‍ വലതുകര കൊറ്റനല്ലൂര്‍ ബ്രാഞ്ച് കനാല്‍ വഴി ജലം കനാലിന്റെ അവസാന ഭാഗമായ വഴിക്കിലി ചിറയില്‍ എത്തിക്കണമെന്നാണ് നെല്‍കര്‍ഷകരുടെ ആവശ്യം. കൃഷി നശിപ്പിക്കാതെ മേഖലയിലെ ജല ലഭ്യത വര്‍ദ്ധിപ്പിക്കാനും തൊട്ടടുത്ത് തരിശായി കിടക്കുന്ന അനേകമേക്കര്‍ പുഞ്ചപ്പാടം കൃഷിക്കുപയുക്തമാക്കാനും ഇതുവഴി കഴിയുമെന്നും കര്‍ഷകര്‍ പറയുന്നു.

2015 മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം തരിശുരഹിത തൃശൂര്‍ പദ്ധതിയുടെ ഭാഗമായി കൃഷി നടത്തിവരുന്ന കര്‍ഷകരാണ് ഇപ്പോള്‍ വിഷമത്തിലായിരിക്കുന്നത്. ആളൂര്‍ അയ്യന്‍ പട്കയില്‍ സമാനമായ രീതിയില്‍ തടയണ കെട്ടിയതുമൂലം കൃഷിനാശം സംഭവിച്ചത് ഇവിടെയും ആവര്‍ത്തിക്കപ്പെടും എന്നതിനാല്‍ അടിയന്തിര ഇടപെടലുണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കൃഷിക്കു വേണ്ടി രാപകല്‍ പ്രസംഗിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെല്ലാം ഇക്കാര്യത്തില്‍ ദുരൂഹമായ മൗനം പാലിക്കുന്നത് കര്‍ഷകരെ ഭയപ്പെടുത്തുന്നുണ്ട്.കുടിവെള്ളത്തിന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കൂടെ നിര്‍ത്താനാണ് പഞ്ചായത്ത് സമിതിയുടെ നീക്കം. ഇത് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.

English Summary: Velookkara panchayat floating wetland laws

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds