കരിമീന്‍, കക്ക സമ്പത്ത് ഉയര്‍ത്താന്‍ മത്സ്യവകുപ്പ് 'വേമ്പനാട്ട് കായല്‍' പദ്ധതി നടപ്പാക്കുന്നു .വേമ്പനാട്ട് കായല്‍ സംരക്ഷണത്തിന് കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്നതാണ് ഈ പദ്ധതി.മൂന്നരക്കോടിയോളം രൂപയാണ് ഇതിൻ്റെ ചെലവ്. ഇതിനായി വേന്പനാട്ട് കായലില്‍ കോട്ടയം, ആലപ്പുഴ ഭാഗങ്ങളിലായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.കരിമീന്‍ സമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി വേമ്പനാട്ടു കായലില്‍ ആറ് കരിമീന്‍ സങ്കേതങ്ങള്‍ (സാങ്ച്വറികള്‍) നിർമ്മിക്കും.അഞ്ചേക്കര്‍ സ്ഥലത്ത് ഒരു സങ്കേതം എന്ന രീതിയിലാണ് നിര്‍മാണം. കരിമീന്‍കുഞ്ഞുങ്ങളെ നിക്ഷേപിച്ച് മത്സ്യങ്ങള്‍ക്ക് വളരാനും പ്രത്യുത്പാദനം നടത്താനുമുള്ള സാഹചര്യം ഒരുക്കും.അഞ്ചേക്കര്‍വീതം ആറ് സ്ഥലങ്ങളില്‍ ചെറിയ കണ്ടല്‍ച്ചെടികള്‍ വെച്ചു പിടിപ്പിക്കുന്നുണ്ട്. മണ്ണൊലിപ്പ് തടയല്‍, തീരസംരക്ഷണം എന്നിവ ലക്ഷ്യമിട്ടാണ് കണ്ടല്‍ക്കാടുകള്‍ വെച്ചുപിടിപ്പിക്കുന്നത്.
കക്കാസമ്പത്ത് വര്‍ധിപ്പിക്കാന്‍ ആറുയൂണിറ്റുകള്‍ക്ക് രൂപം കൊടുക്കുന്നുണ്ട്.നിലവില്‍ തണ്ണീര്‍മുക്കം ബണ്ടിൻ്റെ വടക്ക് ഭാഗത്താണ് കക്കാക്കുഞ്ഞുങ്ങളായ 'മല്ലി കക്ക'യെ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍, പലപ്പോഴും ഇവയുടെ ശരിയായ വളര്‍ച്ചയ്ക്ക് ഈ ഇടം മതിയാകുന്നില്ലെന്നാണ് കണ്ടെത്തല്‍. ഇവിടെനിന്ന് മല്ലി കക്കകള്‍ ശേഖരിച്ച് വിരിയാന്‍ അനുയോജ്യമായ സ്ഥലത്ത് വിന്യസിപ്പിക്കാനാണ് ശ്രമം.അഞ്ചേക്കര്‍ വീതമുള്ള ആറിടമാണ് ഇതിനായി കണ്ടെത്തുന്നത്. ഡിസംബറോടെ മൂന്നു പദ്ധതികള്‍ക്കും തുടക്കമാകും.
നിലവില്‍ അതത് സ്ഥലത്തെ കക്കാ സൊസൈറ്റി, മത്സ്യത്തൊഴിലാളി സംഘങ്ങള്‍ എന്നിവയുടെ സഹകരണത്തോടെ ആവശ്യത്തിലും ഇരട്ടിസ്ഥലം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ നിന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും മറ്റ് കേന്ദ്ര സാങ്കേതിക വിദഗ്ധരുടെയും സഹകരണത്തോടെ ശാസ്ത്രീയ സാധ്യതകള്‍കൂടി വിലയിരുത്തിയാകും സ്ഥലം തിരഞ്ഞെടുക്കുക.
Share your comments