ലോകത്ത് ഏതൊരു പകർച്ചവ്യാധിയും അസുഖങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അതിനെക്കുറിച്ച് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത ഊഹാപോഹങ്ങൾ പ്രചരിക്കും.. കോവിഡ്–19 വ്യാപകമായി നിൽക്കുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളെ അട്ടിമറിക്കുന്ന, തെറ്റായ അറിവുകൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിക്കുന്നു. നിപ്പ വൈറസ് ഭീഷണിയുടെ കാലത്തും ഇത്തരം നുണപ്രചരണങ്ങളെ ചെറുത്തത് ഡോക്ടർമാരുടെ കൂട്ടായ്മയായ ഇൻഫോക്ലിനിക് ആയിരുന്നു. ഇതേ മാതൃകയിൽ വെറ്ററിനറി ഡോക്ടർമാരുടെയും ഗവേഷകരുടെയും കൂട്ടായ്മ വെറ്റ് ഇൻഫോപീഡിയ എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങുകയാണ്. കാരണം ഇതാണ് മനുഷ്യരിൽ ബാക്ടീരിയകളും വൈറസുകളും പ്രോട്ടോസോവകളുമൊക്കെ ഉണ്ടാക്കുന്ന രോഗങ്ങളിൽ (infectious diseases) 61 ശതമാനവും മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗങ്ങളാണ്. പുതിയ രോഗാണു ഭീഷണികളിൽ 75 ശതമാനം ജന്തുജന്യരോഗങ്ങളാണ്. മൃഗങ്ങളിൽനിന്ന് മനുഷ്യരിലെത്തുകയും പിന്നീട് മനുഷ്യരിലൊതുങ്ങുന്ന രോഗാണുക്കളായി പരിണമിച്ചവയും ഒട്ടേറെ.
ജന്തുജന്യരോഗങ്ങളെ സംബന്ധിച്ച് ശരിയായ അറിവുകൾ ജനങ്ങളിലെത്തിക്കാൻ വെറ്റ് ഇൻഫോപീഡിയ വേദിയാകും. വെറ്ററിനറി മെഡിസിൻ പ്രാക്ടീസിനൊപ്പം മൃഗാരോഗ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ പങ്കുവയ്ക്കുന്നതിനും, ഇത്തരം വിഷയങ്ങളിലെ ശാസ്ത്രീയമായ വിവരങ്ങൾ പങ്കുവയ്ക്കുന്നതിന് നിലവിൽ വെറ്റ് ഇൻഫോപീഡിയ എന്ന പേരിൽ ഫെയ്‌സ്‌ബുക്ക് പേജ് തുടങ്ങിയിട്ടുണ്ട്. മാത്രമല്ല, ലോക വെറ്ററിനറി ദിനമായ ഏപ്രിൽ 25ന് വെറ്റ് ഇൻഫോപീഡിയയുടെ വെബ്‌സൈറ്റും പൊതുജനങ്ങളിലേക്കെത്തും.
പൂക്കോട് വെറ്ററിനറി കോളേജ് അലൂമ്നി അസോസിയേഷൻ ROOFന്റെ നേതൃത്വത്തിലാണ് വെറ്റ് ഇൻഫോപീഡിയയുടെ പ്രവർത്തനം. കേരളത്തിൽ ക്ലിനിക്കൽ പ്രാക്റ്റീസിൽ പ്രാഗത്ഭ്യം തെളിയിച്ച ഡോക്ടർമാർ മുതൽ വിദേശ സർവകലാശാലകളിലെ ഗവേഷകർ വരെയുള്ള, യുവ ഡോക്ടർമാർ മുതൽ സർവീസിൽനിന്നു വിരമിക്കുകയും സാമൂഹ്യ ഇടപെടലുകൾ തുടരുകയും ചെയ്യുന്ന പ്രഗത്ഭർ വരെയുൾപ്പെടുന്ന കൂട്ടായ്മയാണ് റൂഫ്. കൂട്ടായ്മയിലുള്ള വിദഗ്ധ എഴുത്തുകാരുൾപ്പെടെയുള്ള സംഘമാണ് ലേഖനങ്ങൾ തയാറാക്കുക. രണ്ട് വിദഗ്‌ധർ പരിശോധിച്ചതിനുശേഷം മാത്രമായിരിക്കും ഓരോ ലേഖനവും പ്രസിദ്ധീകരിക്കുക. ശാസ്ത്ര ജേർണലിന്റെ രീതി പിന്തുടരുമെങ്കിലും സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വിധത്തിൽ പരമാവധി ലളിതമായ രീതിയിലായിരിക്കും ഓരോ ലേഖനവും.
കടപ്പാട് : മനോരമ
Share your comments