<
  1. News

വിമുക്തി: ആശ്വാസമേകിയത് ഏഴായിരത്തിലധികം പേര്‍ക്ക്

ലഹരിയുടെ ദൂഷ്യവശങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണവും ലഹരിക്കടിപ്പെട്ടവരെ വിമുക്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിരിക്കുകയാണ് വകുപ്പിനു കീഴിലുള്ള വിമുക്തി എന്ന മിഷന്‍.

Saranya Sasidharan
Vimukthi: More than seven thousand people were relieved
Vimukthi: More than seven thousand people were relieved

ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തീവ്രയജ്ഞ കര്‍മ്മ പരിപാടികള്‍ നടപ്പിലാക്കുകയാണ് എറണാകുളം ജില്ലയിലെ എക്സൈസ് വകുപ്പ്. ലഹരിയുടെ ദൂഷ്യവശങ്ങള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവത്കരണവും ലഹരിക്കടിപ്പെട്ടവരെ വിമുക്തരാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിരിക്കുകയാണ് വകുപ്പിനു കീഴിലുള്ള വിമുക്തി എന്ന മിഷന്‍.

സെപ്റ്റംബര്‍ 16 മുതല്‍ നടന്നുവരുന്ന ലഹരിവിരുദ്ധ തീവ്ര സന്നാഹ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 35 കേസുകളിലായി 35 പേരാണ് ഇത് വരെ അറസ്റ്റിലായത്. സെപ്റ്റംബര്‍ 28 വരെയുള്ള കണക്ക് ആണിത്. ആറു കിലോയോളം കഞ്ചാവ്, 7.037 ഗ്രാം എംഡിഎംഎ, 1360 മില്ലിഗ്രാം ഹെറോയിന്‍, ഒരു കഞ്ചാവ് ചെടി മുതലായവ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

സ്പെഷ്യല്‍ എന്‍ഫോഴ്സിന്റെ ഭാഗമായി ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണു നടപടി. ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സ് യൂണിറ്റുകളും ദേശീയ, സംസ്ഥാന പാതകളിലൂടെയുള്ള മയക്കുമരുന്ന് കടത്ത് തടയുന്നതിനായി ഹൈവേ പട്രോളിംഗ് ടീമിനെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ മാരക ലഹരി മരുന്ന് ഉപയോഗവും വില്‍പ്പനയും തടയുന്നതിനായി എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.

സംസ്ഥാനത്തൊട്ടാകെ ലഹരിവസ്തുക്കളുടെ ഉപയോഗം തടയുന്നതിനായി നവംബര്‍ ഒന്നു വരെ സംഘടിപ്പിക്കുന്ന തീവ്ര പ്രചാരണ പരിപാടികളുടെ ഭാഗമായി ലഹരിപദാര്‍ത്ഥങ്ങള്‍ വില്‍ക്കുന്നതോ ഉപയോഗിക്കുന്നതോ ആയ ജില്ലയിലെ ഹോട്ട്സ്പോട്ടുകള്‍ കണ്ടെത്തി അവ നിര്‍മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരികയാണ് എക്സൈസ് വകുപ്പ്.

കൂടാതെ വകുപ്പിന് കീഴില്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന വിമുക്തി ലഹരി വിമോചന കേന്ദ്രം ആശ്വാസമേകിയത് 7423 പേര്‍ക്കാണ്. 2018 നവംബര്‍ മുതല്‍ 2022 സെപ്റ്റംബര്‍ വരെയുള്ള കണക്കാണിത്.

വിവിധ പ്രായത്തില്‍ ലഹരിക്കടിപ്പെട്ടവര്‍ക്കും ഇതില്‍നിന്ന് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി എറണാകുളം എക്സൈസ് ഡിവിഷണല്‍ ഓഫീസില്‍ കൗണ്‍സിലിംഗ് സേവനവും നല്‍കിവരുന്നുണ്ട്. സെപ്റ്റംബര്‍ 28 വരെയുള്ള കണക്ക് പ്രകാരം കൗമാരക്കാരായ 890 കുട്ടികളാണ് 24 മണിക്കൂറും സുസജ്ജമായ ഈ സേവനം പ്രയോജനപ്പെടുത്തിയത്.

21 വയസും അതില്‍ താഴെ പ്രായമുള്ളവരെയും പ്രത്യേക പരിഗണന നല്‍കി എറണാകുളം എക്സൈസ് സോണല്‍ കോംപ്ലക്സിലെ കൗണ്‍സിലിംഗ് സെന്ററില്‍ കൗണ്‍സിലിംഗും ലഹരി വിമോചന ചികിത്സ ആവശ്യമുള്ളവരെ മൂവാറ്റുപുഴയിലെ ലഹരി മോചന ചികിത്സാ കേന്ദ്രത്തില്‍ ചികിത്സിക്കുള്ള സൗകര്യമൊരുക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്.

മിഷന് കീഴില്‍ ജില്ലയിലെ സ്‌കൂളുകളിലും കോളജുകളിലും വിമുക്തി ക്ലബ്ബുകള്‍ രൂപീകരിച്ച് വിദ്യാര്‍ത്ഥികളെ ലഹരി വിരുദ്ധ പോരാട്ടത്തില്‍ മുന്നണി പോരാളികളാക്കി മാറ്റുന്നു. ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2028 വാര്‍ഡുകളിലും വാര്‍ഡ് കമ്മിറ്റികള്‍ രൂപീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജനകീയമാക്കുന്നു.

സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍, നാഷണല്‍ സര്‍വീസ് സ്‌കീമുകള്‍, കുടുംബശ്രീ, റസിഡന്റ്സ് അസോസിയേഷനുകള്‍, ലൈബ്രറി കൗണ്‍സില്‍, ലഹരി വിമുക്ത ഓര്‍ഗനൈസേഷനുകള്‍, വാര്‍ഡ്, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീ-പുരുഷ കൂട്ടായ്മകള്‍ എന്നിവയിലൂടെ 303 പരിപാടികളാണ് സെപ്റ്റംബറില്‍ വിമുക്തി മിഷന്‍ നടപ്പിലാക്കിയത്.

ജില്ലയിലെ മലയോര പ്രദേശങ്ങളിലെ ആദിവാസി ഊരുകളിലും തീരദേശ മേഖലയിലും നഗരപ്രദേശങ്ങളിലും ഒരുപോലെ വിമുക്തി സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ വിവിധ എക്സൈസ് റേഞ്ച് ഓഫീസുകള്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കി വരുന്നുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: രാജാക്കാട് പഞ്ചായത്തില്‍ ഹരിതമിത്രം പദ്ധതിയ്ക്ക് തുടക്കം

English Summary: Vimukthi: More than seven thousand people were relieved

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds