
ഓരോ കിടപ്പു രോഗിയിലേക്കും വോളണ്ടിയര്‍ സേവനം എത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്ന് ആരോഗ്യ വനിതാ - ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അന്താരാഷ്ട്ര വയോജന ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിര്‍വഹിച്ചു സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സംസ്ഥാനത്തെ കിടപ്പു രോഗികളുടെ എണ്ണം, മുതിര്‍ന്ന പൗരന്മാരില്‍ പാലിയേറ്റീവ് കെയര്‍ പരിചരണം ആവശ്യമുള്ളവരെ കണ്ടെത്തുക എന്നിവയ്ക്കായി നിര്‍മിച്ച ശൈലി ആപ്പ് ഉപയോഗിച്ചുള്ള സര്‍വേ ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും.
പാലിയേറ്റീവ് കെയര്‍ സംവിധാനം മികച്ച രീതിയില്‍ നടത്തുന്ന സംസ്ഥാനമാണ് കേരളം. അറുപതു വയസു കഴിഞ്ഞ ഓരോ വ്യക്തിയുടേയും ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. സംസ്ഥാനത്തെ 227 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ഓരോ ഫിസിയോ തെറാപ്പിസ്റ്റിനേയും ഓരോ നഴ്സിനേയും നിയമിച്ചിട്ടുണ്ട്.
എല്ലാ ജില്ലാ ആശുപത്രികളും ഉള്‍പ്പെടെ 16 ആശുപത്രികളില്‍ ജെറിയാട്രിക് വാര്‍ഡുകള്‍ സാക്ഷാത്കരിച്ചിട്ടുണ്ട്. വയോജന ദിനാചരണത്തോട് അനുബന്ധിച്ച് ആശുപത്രികളില്‍ പ്രത്യേക ജെറിയാട്രിക് ക്ലിനിക്കുകള്‍ പ്രവര്‍ത്തിക്കും. വയോജനങ്ങളുടെ ഇത്തരം ചികിത്സാ സഹായത്തിനായി 13 ജില്ലകളില്‍ രണ്ടു ലക്ഷം രൂപ വീതവും വയനാടിന് നാലു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ജില്ലയില്‍ അടൂര്‍ ജനറല്‍ ആശുപത്രി, കോഴഞ്ചേരി ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ ജെറിയാട്രിക് വാര്‍ഡുകള്‍ തുടങ്ങുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 22 കോടി രൂപ ചിലവില്‍ ഒപി ബ്ലോക്ക് നിര്‍മാണവും 22 കോടി രൂപ ചിലവില്‍ ക്രിട്ടിക്കല്‍ യൂണിറ്റ് നിര്‍മാണവും ആരംഭിക്കും. ഡയബറ്റിക് റെറ്റിനോപ്പതിക്കു വേണ്ടിയുള്ള ലേസര്‍ ട്രീറ്റ്മെന്റ് സംവിധാനവും ഉടന്‍ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ദിനാചരണത്തിന്റെ ഭാഗമായി വയോജനങ്ങളെ ആദരിച്ചു. മെഡിക്കല്‍ ക്യാമ്പ്, സ്‌ക്രീനിംഗ്, ബോധവത്ക്കരണ ക്ലാസ്, നേത്ര പരിശോധന ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചു. ഫെഡറല്‍ ബാങ്ക് ചികിത്സാ ഫണ്ടില്‍ നിന്ന് അനുവദിച്ച അനസ്തേഷ്യ മെഷീന്‍ റീജണല്‍ ബ്രാഞ്ച് മാനേജര്‍ ഫിലിപ്പ് എബ്രഹാം ആരോഗ്യമന്ത്രിക്ക് കൈമാറി.
പത്തനംതിട്ട നഗരസഭ ആരോഗ്യസ്ഥിരം സമിതി അധ്യക്ഷന്‍ ജെറി അലക്സ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ആമിന ഹൈദരാലി, വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു അനില്‍, പ്രതിപക്ഷ നേതാവ് ജാസിംകുട്ടി, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. പി.പി. പ്രീത, അസിസ്റ്റന്റ് ഡയറക്ടറും നോഡല്‍ ഓഫീസറുമായ ഡോ. ബിപിന്‍ കെ ഗോപാല്‍, ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ (പൊതുജനാരോഗ്യം) ഡോ. വി. മീനാക്ഷി,
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍. അനിത കുമാരി, ഡെപ്യൂട്ടി ഡിഎംഒമാരായ ഡോ. രചനാ ചിദംബരം, ഡോ. സി.എസ്.നന്ദിനി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ് ശ്രീകുമാര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. എ. അനിത, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Share your comments