മാലിന്യം ഏതുമാകട്ടെ ചെലവുകുറഞ്ഞ രീതിയില്‍ ഇവ വീട്ടില്‍ തന്നെ സംസ്‌കരിക്കാം. ഹരിത കേരള മിഷ ന്‍റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ശുചിത്വമിഷന്‍റെ നേതൃത്വത്തില്‍ കളക്ട്രേറ്റില്‍ സംഘടിപ്പിച്ച വിവിധ മാലിന്യ സംസ്‌കരണ യൂണിറ്റുകളുടെ പ്രദര്‍ശനം ശ്രദ്ധേയമായി. ചെറിയ കുടംബങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ആയിരം രൂപയില്‍ താഴെ വരുന്ന മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ മുതല്‍ പതിനായിരം രൂപ വരെ വിലയുള്ള യൂണിറ്റുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. ജൈവ സംസ്‌കരണ ഭരണി, പോര്‍ട്ടബിള്‍ ഗാര്‍ഹിക ബയോ ബിന്‍, ബയോഗ്യാസ് പ്ലാന്റ്, ബക്കറ്റ് ബിന്‍, മോസ് പിറ്റ് കമ്പോസ്റ്റ്ിങ്ങ് തുടങ്ങിയ എട്ടിനങ്ങളാണ് വയനാട്ടിലെത്തിയ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയത്. ഒന്നരകിലോയോളം ഖര മാലിന്യവും അത്രതന്നെ ദ്രവ മാലിന്യവും നിക്ഷേപിച്ചാല്‍ ബയോഗ്യാസ് പ്ലാന്റില്‍ നിന്ന് ഒന്നര മണിക്കൂര്‍ ഉപയോഗത്തിനുള്ള ഗ്യാസ് ലഭിക്കും. ത്രിതല പഞ്ചായത്തുകള്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചുരുങ്ങിയ വിലയില്‍ ഇത് ലഭ്യമാക്കാം. ഖരമാലിന്യ സംസ്‌കരണത്തിന് ഫൈബര്‍ ബോഡിയിലുള്ള ബയോഗ്യാസ് പ്ലാന്റിന് 10500 രൂപ മുതലാണ് വില ഈടാക്കുന്നത്. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് ശരാശരി രണ്ടര കിലോഗ്രാം ഗാര്‍ഹിക മാലിന്യം നിക്ഷേപിക്കാന്‍ കഴിയുന്ന 0.5 ഘനമീറ്റര്‍ വ്യാപ്തിയുള്ള ഒരു യൂണിറ്റ് മതിയാകും.
സാധാരണ പി.വി.സി പൈപ്പ് കൊണ്ടാണ് മോസ്പിറ്റ് കമ്പോസ്റ്റിങ്ങ് യൂണിറ്റ് നിര്‍മ്മിച്ചിട്ടുള്ളത്. 40 സെന്റീമീറ്റര്‍ നീളവും 10 സെന്റീമീറ്റര്‍ വ്യാപ്തവുമുള്ള പൈപ്പ് ഘടിപ്പിച്ചതും ഒരു മീറ്റര്‍ ആഴത്തിലും 60 സെന്റീമീറ്റര്‍ വ്യാസത്തിലും മണ്ണില്‍ കുഴിച്ചിട്ടാണ് ഈ പ്ലാന്റ് സ്ഥാപിക്കുന്നത്. ഒരു കുടംബത്തിന് 2 യൂണിറ്റ് ആവശ്യമായി വരും. സ്വന്തമായും ഈ പ്ലാന്റ് നിര്‍മ്മിക്കാം.
കിച്ചന്‍ ബിന്‍ കമ്പോസ്റ്റിങ്ങ് രീതിയും മേളയില്‍ പരിചയപ്പെടുത്തുന്നുണ്ട്. പോര്‍ട്ടബിള്‍ ഗാര്‍ഹിക ബയോബിന്‍ മാലിന്യ സംസ്‌കരണത്തിന് മറ്റൊരു അനുയോജ്യ മാതൃകയാണ്. പോളിത്തീന്‍ ഷീറ്റ് കൊണ്ട് നിര്‍മ്മിച്ച ദീര്‍ഘ ചതുരാകൃതിയിലുള്ള പെട്ടികളില്‍ ജൈവ മാലിന്യം നിക്ഷേപിച്ച് കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതിയാണിത്. മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം എന്ന വിഷയത്തില്‍ വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യ നിര്‍മ്മാര്‍ജ്ജന യൂണിറ്റുകളുടെ പ്രദര്‍ശനവും ബുക്കിങ്ങും നടക്കും. പൊതുജനങ്ങളില്‍ മാലിന്യ സംസ്‌കരണത്തിലുള്ള അവബോധം ഉണ്ടാക്കുകയെന്നതും പ്രദര്‍ശനത്തിന്റെ ലക്ഷ്യമാണ്. എല്ലാ ജില്ലകളിലും മാലിന്യ സംസ്‌കരണ യൂണിറ്റുകള്‍ ലഭ്യമാക്കുന്നതിനായി അംഗീകൃത ഏജന്‍സികളെയും സാങ്കേതിക ശേഷിയുള്ള സ്ഥാപനങ്ങളെയും നിയോഗിച്ചിട്ടുണ്ട്. ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ ഇവയുടെ വിവരങ്ങള്‍ ലഭ്യമാകും.
Share your comments