പ്രളയത്തെ തുടർന്ന് പാടശേഖരങ്ങളിൽ നിറഞ്ഞിരിക്കുന്ന മാലിന്യങ്ങളും പായലുകളും നീക്കം ചെയ്യാൻ മണ്ണ് സംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കും. തോടുകളുടെ വശങ്ങൾ കയ്യേറിയത് റവന്യൂ അധികാരികളുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കുകയും അവയുടെ വീതിയും ആഴവും സംരക്ഷിക്കുകയും ചെയ്യും. കൂടാതെ മറ്റ് മണ്ണുജല സംരക്ഷണ പ്രവർത്തനങ്ങളായ പാർശ്വഭിത്തി സംരക്ഷണം, സ്ലൂയീസ്, ട്രാക്ടർ പാസേജ്, ഫുട് സ്ലാബ്, റാമ്പ് തുടങ്ങിയവ നടപ്പാക്കി കൃഷി പുന:സ്ഥാപിക്കുകയുമാണ് ചെയ്യേണ്ടത്. ഈ പ്രവർത്തനങ്ങൾക്കായി 35 കോടി രൂപയാണ് വകുപ്പ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രളയ ബാധിത പഞ്ചായത്തുകൾ സന്ദർശിച്ച് പാടശേഖരണ സംരക്ഷണവുമായി ബന്ധപ്പെട്ട് പദ്ധതികൾ ആരംഭിക്കാനാണ് വകുപ്പിന്റെ തീരുമാനം.മണ്ണ് സംരക്ഷണ ഓഫീസർമാരുടെ നേതൃത്വത്തിൽ ഒരു സർവേയർ, രണ്ട് വർക്ക് സൂപ്രണ്ടുമാർ, ലസ്കേഴ്സ് എന്നിവരടങ്ങിയ ഓവർസിയർ യൂണിറ്റ് പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിച്ച് നഷ്ടങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണ്.
വേങ്ങൂർ പഞ്ചായത്തിലെ കടവുങ്കൽ പദ്ധതിക്ക് പ്രളയത്തെ തുടർന്ന് കേടുപാടുകൾ സംഭവിച്ചു. വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനും ഡ്രെയിനേജ് മാനേജ്മെന്റിനുമായി തയ്യാറാക്കിയ രണ്ട് കോടിയുടെ പദ്ധതിയാണ് കടവുങ്കൽ. മൂന്ന്ലക്ഷം രൂപയുടെ നഷ്ടം മഴക്കെടുതിയിൽ ഈ പദ്ധതിക്ക് ഉണ്ടായി. കൂടാതെ അയ്യമ്പുഴ പഞ്ചായത്തിലെ മുന്നൂറ് മീറ്ററോളം വരുന്ന വിവിധ തോടുകളുടെ വശങ്ങൾ ബലപ്പെടുത്തുന്നതിനായി ഒരു കോടി മുപ്പത്തിയഞ്ച് ലക്ഷം രൂപയുടെ പദ്ധതിയിൽ ഒന്നര ലക്ഷം രൂപയുടെ നഷ്ടവും വകുപ്പിനുണ്ടായെന്ന് ജില്ലാ സോയിൽ കൺസർവേഷൻ ഓഫീസർ ബി.എസ് അനുരാധ അറിയിച്ചു.
കാർഷിക ഉന്നമനം ലക്ഷ്യം വച്ചുള്ള മണ്ണ് സംരക്ഷണമാണ് ഇപ്പോൾ വകുപ്പ് നടത്തി വരുന്നത്. ദേശീയ കാർഷിക ഗ്രാമ വികസന ബാങ്കിന്റെ അടിസ്ഥാന സൗകര്യ വികസന നിധിയിൽ നിന്ന് വാട്ടർഷെഡ് വികസനത്തിനായി സംസ്ഥാന സർക്കാരിന് നൽകുന്ന തുകയിൽ നിന്ന് നടപ്പാക്കുന്നവയാണ് മണ്ണ് ജല സംരക്ഷണ പദ്ധതികൾ (ആർ.ഐ.ഡി.എഫ്). കാർഷികോത്പാദന വർധനവിന് ഉതകുന്ന തൽസ്ഥല ജലസംരക്ഷണ പ്രവർത്തികൾ നടപ്പിലാക്കി മണ്ണൊലിപ്പ് തടഞ്ഞ് മണ്ണിനെ പരിപോഷിപ്പിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. പ്രളയ ബാധിത മേഖലകളിൽ ഈ പദ്ധതി നടപ്പാക്കി പാടശേഖരങ്ങളെ സംരക്ഷിക്കാനാണ് വകുപ്പ് ഉദ്ദേശിക്കുന്നത്. തീരദേശ മേഖലകളിൽ നീർവാർച്ച സൗകര്യങ്ങൾ ഒരുക്കി വെള്ളപ്പൊക്ക നിവാരണത്തിനുള്ള പദ്ധതികൾ നടപ്പിലാക്കുകയും മണ്ണിന്റെ പരിമിതികളെ തരണം ചെയ്ത് കാർഷികോത്പാദനത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനും ഈ പദ്ധതി ലക്ഷ്യമിടുന്നുണ്ട്. വാട്ടർഷെഡ് അടിസ്ഥാനമാക്കി നടപ്പിലാക്കുന്ന ഈ പദ്ധതികളിൽ പ്രദേശത്ത് കൈവശ ഭൂമിയുള്ള എല്ലാവർക്കും മണ്ണ് ജല സംരക്ഷണ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് 90 ശതമാനം സബ്സിഡിയോടെ ധനസഹായം അനുവദിക്കും. കൂടാതെ പ്രദേശത്തിന് പൊതുവായി ഗുണം ലഭിക്കുന്ന പാർശ്വ ഭിത്തികളുടെ നിർമ്മാണം, ജലസേചന കുളം നിർമ്മിക്കൽ എന്നിവയ്ക്ക് 95 ശതമാനം സബ്സിഡിയോടെയുള്ള ധനസഹായവും വകുപ്പിൽ നിന്ന് ലഭിക്കുന്നു. കരാറുകാരെ ഒഴിവാക്കി ഗുണഭോക്താക്കൾ നേരിട്ടോ ഗുണഭോക്തൃ സമിതികൾ മുഖേനയോ മാത്രമാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
പാടശേഖരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്യും
പ്രളയത്തെ തുടർന്ന് പാടശേഖരങ്ങളിൽ നിറഞ്ഞിരിക്കുന്ന മാലിന്യങ്ങളും പായലുകളും നീക്കം ചെയ്യാൻ മണ്ണ് സംരക്ഷണ വകുപ്പ് നടപടി സ്വീകരിക്കും.
Share your comments