ദുരിതാശ്വാസ ക്യാമ്പില്‍നിന്നും വീട്ടിലേക്ക് മടങ്ങുന്നവരുടെ വീട്ടിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം ജലഅതോറിട്ടി സൗജന്യമായി പരിശോധിച്ച് നല്‍കും. വീടുകളിലെ കിണര്‍ ജലവും മറ്റ് ജലസ്രോതസുകളും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കാന്‍ ജലവിഭവ മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍ദ്ദേശിച്ചു.
സംസ്ഥാനത്തെ 1600 ല്‍ പരം ദുരിതാശ്വാസ ക്യാമ്പുകളില്‍ രണ്ട് ദിവസംകൊണ്ട് 1,75,250 ലിറ്റര്‍ കുടിവെള്ളം ജലഅതോറിട്ടി വിതരണം ചെയ്തുകഴിഞ്ഞു. 13,000 ലിറ്റര്‍ ജലം ടാങ്കറിലും ലഭ്യമാക്കിയിട്ടുണ്ട്. കുടിവെള്ളക്ഷാമം ഉണ്ടാകാതെ നോക്കുന്നതില്‍ ജല അതോറിട്ടി ജീവനക്കാര്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നുണ്ട്.
ഈ പ്രളയകാലത്ത് ജല അതോറിട്ടിയുടെ 236 കുടിവെള്ള വിതരണ പദ്ധതികളാണ് തകരാറിലായത്. 3,64,000 കണക്ഷനുകളാണ് വിച്ഛേദിക്കപ്പെട്ടത്. 21,52,000 ഉപഭോക്താക്കളെ ഇത് പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.ചെളി കയറി പമ്പുകള്‍ കേടായതാണ് പ്രധാന കാരണം. 61 പദ്ധതികള്‍ വൈദ്യുതി ലഭ്യമല്ലാത്തതിനാല്‍ നിര്‍ത്തിവയ്‌ക്കേണ്ടി വന്നവയാണ്. ഇത് പരിഹരിക്കാന്‍ കെ.എസ്.ഇ.ബി ജീവനക്കാര്‍ അശ്രാന്ത പരിശ്രമം നടത്തുന്നുണ്ട്.അതേസമയം കഴിഞ്ഞ വര്‍ഷം ഈ സമയത്തെ അപേക്ഷിച്ച് 26.27 ശതമാനം കുറവ് ജലമേ ജലവിഭവ വകുപ്പിന്റെ ജലസംഭരണികളില്‍ ആകെയുള്ളൂ.
Share your comments