രാജ്യത്താദ്യമായി എല്ലാ തദ്ദേശ സ്ഥാപന പരിധിയിലും ജല ബജറ്റ് തയ്യാറാക്കാനുള്ള പദ്ധതിക്ക് സംസ്ഥാന സര്‍ക്കാർ തുടക്കമിടുന്നു. ജലത്തിന്റെ ലഭ്യതയും വിനിയോഗവും വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബജറ്റ്.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ജലവിഭവ വികസന വിനിയോഗ കേന്ദ്രവുമായി (സിഡബ്ല്യുആർഡിഎം) ചേര്‍ന്ന് ജലബജറ്റ് തയ്യാറാക്കുന്നതില്‍ ശില്‍പശാല സംഘടിപ്പിച്ചു. ഒരു പ്രദേശത്തെ ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കി തയ്യാറാക്കുന്ന രേഖയാണ് ജലബജറ്റ്. സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രദേശങ്ങളെയും അടിസ്ഥാനമാക്കി ജലബജറ്റ് തയ്യാറാക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണ് ശില്‍പശാല സംഘടിപ്പിച്ചത്.
ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു സംസ്ഥാനം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കുന്നത്. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത 87 പഞ്ചായത്തുകളിൽ ജലബജറ്റ് തയ്യാറാക്കും.
എറണാകുളം വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ ഹരിതകേരളം മിഷന്‍ അസി. കോ ഓഡിനേറ്റര്‍ എബ്രഹാം കോശി വിഷയാവതരണം നടത്തി. സിഡബ്ല്യുആർഡിഎം സയന്റിസ്റ്റ് ഡോ. സുശാന്ത് ശില്‍പശാല നയിച്ചു. ഡോ.വിവേക് പ്രായോഗിക പരിശീലനം നല്‍കി.
ജലബജറ്റ് തയ്യാറാക്കുന്നതിനായുള്ള ശാസ്ത്രീയ രീതിശാസ്ത്രം അടിസ്ഥാനമാക്കി നടന്ന ശില്‍പശാലയില്‍ വിവര ശേഖരണം, വിശകലനം, റിപ്പോര്‍ട്ട് തയ്യാറക്കല്‍ എന്നിവയ്ക്ക് പുറമെ ജില്ല തിരിച്ചുള്ള ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളും നടന്നു. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയ്യാറാക്കല്‍ സാങ്കേതിക വിദഗ്ധരെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളില്‍ നിന്നുള്ളവര്‍ക്കാണ് ശില്‍പശാല സംഘടിപ്പിച്ചത്. മറ്റു ജില്ലകളിലുള്ളവര്‍ക്കുള്ള ശില്‍പശാല വെള്ളിയാഴ്ച കോഴിക്കോട് നടക്കും.
കൃഷി വകുപ്പില്‍ നിന്നുള്ള അസി.ഡയറക്ടര്‍മാര്‍, ജലസേചന വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍, ഭൂജല വകുപ്പിലെ ഹൈഡ്രോ ജിയോളജിസ്റ്റുമാര്‍, സോയില്‍ കണ്‍സര്‍വേഷന്‍, സോയില്‍ സര്‍വേ വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലുറപ്പ് പദ്ധതി അസി.എഞ്ചിനീയര്‍മാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍, നവകേരളം കര്‍മപദ്ധതി ജില്ലാ കോ ഓഡിനേറ്റര്‍മാര്‍, യംഗ് പ്രൊഫഷണലുകള്‍, ഇന്റേണ്‍സ് എന്നിവരടങ്ങുന്ന ടെക്‌നിക്കല്‍ ടീമംഗങ്ങളാണ് ശില്‍പശാലയില്‍ പങ്കെടുത്തത്. നവകേരളം കര്‍മപദ്ധതി എറണാകുളം ജില്ലാ കോ ഓഡിനേറ്റര്‍ എസ്. രഞ്ജിനി സ്വാഗതം ആശംസിച്ച ശില്‍പശാലയില്‍ നവകേരളം കര്‍മപദ്ധതി അസി. കോ ഓഡിനേറ്റര്‍ ടി.പി സുധാകരന്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ വിശദമാക്കി.
എന്താണ് ജല ബജറ്റ് ?
ജലത്തിന്റെ ലഭ്യതയും വിനിയോഗവും വിലയിരുത്താന്‍ ഉപയോഗിക്കാവുന്ന ശാസ്ത്രീയ ഉപാധിയാണ് ജലബജറ്റ്. ഒരു പ്രദേശത്തിന്റെ ജലസ്രോതസ്സുകളുടെ പരിപാലനം ഉറപ്പാക്കി വിവിധ ആവശ്യങ്ങള്‍ക്ക് സുസ്ഥിരമായ ജലവിതരണം സാധ്യമാക്കുന്നതിന് ജലബജറ്റ് ഏറെ പ്രയോജനകരമാകുമെന്ന് നവകേരളം കര്‍മപദ്ധതി സംസ്ഥാന കോ ഓഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: Agri-sector: ഭക്ഷ്യ സുരക്ഷാപ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് '3S' ഫോർമുല സ്വീകരിക്കാൻ G20 രാജ്യങ്ങളോട് അഭ്യർത്ഥിച്ച് ഇന്ത്യ
Share your comments