കാട്ടാക്കട മണ്ഡലത്തിലെ ജലസ്വയംപര്യാപ്തത ലക്ഷ്യമിട്ട് നടപ്പാക്കുന്ന വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതി സംസ്ഥാനത്തിനാകെ മാതൃകയാണന്ന് ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ഐ.ബി. സതീഷ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടക്കുന്ന ജലസംരക്ഷണ ശ്രമങ്ങള്‍ കേരളത്തിന്റെ മിഴി തുറപ്പിക്കുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലസമൃദ്ധിയുടെ ഭാഗമായി നടപ്പാക്കുന്ന മഴവെള്ളക്കിണര്‍ സംപോഷണപദ്ധതി കാട്ടാക്കട കുളത്തുമ്മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
വര്‍ഷങ്ങളായി നീരൊഴുക്ക് നിലച്ചതും മൃതപ്രായമായതുമായ നദികളുടെ പുനരുജ്ജീവനത്തിനായി നാടെങ്ങും വന്‍ ജനപങ്കാളിത്തമാണ് നടക്കുന്നത്. ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതുമാണ്. ജലസുരക്ഷ ഒരു മഹാമുന്നേറ്റത്തിലൂടെ മാത്രമേ സാധ്യമാകൂ. ജീവന്‍ നിലനിര്‍ത്താനുള്ള ദൗത്യമായി ജലസംരക്ഷണ യജ്ഞങ്ങളെ ജനങ്ങള്‍ കാണണമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍മാരായി മാറണം. അവര്‍ക്ക് സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജലസ്രോതസ്സുകള്‍ മലിനമാക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതേ്യക ഭൂഗര്‍ഭ അറകള്‍ സ്ഥാപിച്ച് മഴവെള്ളം ശേഖരിച്ച് ഭൂഗര്‍ഭ ജലനിരപ്പ് ഉയര്‍ത്തുന്ന സംപോഷണ പദ്ധതി മണ്ഡലത്തിലെ ആറ് സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഐ.ബി. സതീഷ് എം.എല്‍.എ അറിയിച്ചു. തുടര്‍ന്ന് പത്ത് സ്‌കൂളുകളില്‍ക്കൂടി ഭൂജലവകുപ്പിന്റെ സഹായത്തോടെ നടപ്പാക്കുന്ന പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളിലെ ജലക്ലബ്ബുകളുടെ സഹായത്തോടെ കിണറുകള്‍ പരിശോധിച്ച് തയ്യാറാക്കിയ ജലശുദ്ധി റിപ്പോര്‍ട്ട് ചടങ്ങില്‍ ഐ.ബി. സതീഷ് എം.എല്‍.എയ്ക്ക് നല്‍കി മന്ത്രി പ്രകാശനം ചെയ്തു. സര്‍ട്ടിഫിക്കറ്റ് വിതരണം ജില്ലാ പഞ്ചായത്തംഗം അന്‍സജിതാ റസല്‍ നിര്‍വഹിച്ചു.
യോഗത്തില്‍ കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. അജിത, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമ. എസ്, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം ജി. സ്റ്റീഫന്‍, കേരള ലാന്റ്‌യൂത്ത്‌ബോര്‍ഡ് കമ്മീഷണര്‍ എ. നിസാമുദീന്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ പി.വി. വില്‍സണ്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Share your comments