വയനാട്: ശുദ്ധജല മത്സ്യകൃഷിയിൽ വയനാടിന് വൻ സാധ്യതയാണുള്ളതെന്ന് എന്റെ കേരളം സെമിനാറിൽ വിലയിരുത്തൽ. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പന്നങ്ങള്‍, മത്സ്യ സംസ്‌ക്കരണം എന്ന വിഷയത്തിലാണ് സെമിനാർ നടന്നത്. മത്സ്യകൃഷിയുടെ സാധ്യതകൾ, മുന്നേറ്റങ്ങൾ, മത്സ്യ വ്യാപാരം, മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പാദനം എന്നീ വിഷയങ്ങൾ സെമിനാറിൽ ചർച്ചയായി.
മത്സ്യോൽപന്നങ്ങളുടെ വിപണി മൂല്യം ഇടിയുന്നതാണ് വയനാട് ജില്ലയിലെ മത്സ്യ കര്‍ഷകര്‍ നേരിടുന്ന പ്രധാന പ്രശ്നം. ഇവ പരിഹരിക്കുന്നതിനായി മൂല്യവര്‍ദ്ധിത മത്സ്യ ഉല്‍പന്നങ്ങൾ വിപണിയിലെത്തിക്കേണ്ടത് അത്യാവശ്യമാണ്. മത്സ്യ സംസ്‌കരണ മേഖലയില്‍ നൂതന സംരംഭങ്ങള്‍ ഒരുക്കുന്നത് വഴി നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകും.
കൂടുതൽ വാർത്തകൾ: 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്; മഴ ശക്തമാകും
വിവിധ മത്സ്യ കൃഷികള്‍, മത്സ്യ വിപണനം, മത്സ്യ തീറ്റ ഉല്‍പാദനം, അലങ്കാര മത്സ്യ കൃഷി, മത്സ്യ വിത്തുല്‍പാദനം തുടങ്ങവയെക്കുറിച്ച് സെമിനാറിൽ വിശദീകരിച്ചു. മത്സ്യത്തില്‍ നിന്നും ഉൽപാദിപ്പിക്കുന്ന വിവിധ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെ സെമിനാറില്‍ പരിചയപ്പെടുത്തുകയും ചെയ്തു. ഫിഷ് കട്ലറ്റ്, ഫിംഗര്‍ ഫിഷ്, മീന്‍ അച്ചാര്‍, ഫിഷ് കൊണ്ടാട്ടം തുടങ്ങി ഇന്ത്യയിലും വിദേശത്തും ഒരുപോലെ വിപണി സാധ്യതയുള്ള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളെക്കുറിച്ചും ചര്‍ച്ച ചെയ്തു. ഉണക്കിയ മത്സ്യങ്ങളുടെ ഗുണമേന്മ നഷ്ടപ്പെടാതെ സൂക്ഷിക്കാനുള്ള ആധുനിക സാങ്കേതിക വിദ്യകളും സെമിനാറില്‍ അവതരിപ്പിച്ചു.
മത്സ്യ സംസ്‌കരണ രംഗത്ത് വനിതകളെ ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ഫിഷ് കിയോസ്‌ക് അഥവാ മത്സ്യ വില്‍പന കേന്ദ്രം പദ്ധതിയെ സെമിനാറിൽ പരിചയപ്പെടുത്തി. പദ്ധതി വഴി 6 ലക്ഷം വരെ സബ്സിഡി ലഭിക്കും. സംരംഭ മേഖലയിലേക്ക് വരാന്‍ താല്‍പര്യമുള്ള വനിതകള്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. ഫിഷറീസ് മേഖല വികസിപ്പിക്കുന്നതിനായി കൊണ്ടുവന്ന പി.എം.എം.എസ്.വൈ പദ്ധതിയുടെ വിവിധ തലങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു.
മത്സ്യ കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാന്‍ വാടക ഇല്ലാത്ത സംവിധാനം ഒരുക്കി കൊടുക്കുകയാണ് കേന്ദ്ര സംസ്ഥാന പദ്ധതികളുടെ പ്രധാന ലക്ഷ്യം. പി.എം.എം.എസ്.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ എസ്.എസ് നവീന്‍ നിഷാല്‍ വിഷയാവതരണം നടത്തി. ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസര്‍ ആഷിഖ് ബാബു, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ അനാമിക തുടങ്ങിയവര്‍ സംസാരിച്ചു.
Share your comments