-
-
News
വയനാടിനെ പ്രത്യേക പുഷ്പവിള മേഖലയായി 16നു പ്രഖ്യാപിക്കും
വയനാടിനെ പുഷ്പവിളകളുടെയും സുഗന്ധ നെല്ലിനങ്ങളുടെയും സവിശേഷ കാര്‍ഷിക മേഖലയായി 16നു രാവിലെ 10നു അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ത്രിദിന ഓര്‍ക്കിഡ് മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിക്കും.
വയനാടിനെ പുഷ്പവിളകളുടെയും സുഗന്ധ നെല്ലിനങ്ങളുടെയും സവിശേഷ കാര്‍ഷിക മേഖലയായി 16നു രാവിലെ 10നു അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ ത്രിദിന ഓര്‍ക്കിഡ് മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ പ്രഖ്യാപിക്കും. ഇതിനുള്ള മുന്നൊരുക്കം അന്തിമദശയിലാണെന്ന് അമ്പവലയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ. പി. രാജേന്ദ്രന്‍, സവിശേഷ പുഷ്പവിള മേഖലയുടെ ചുമതലയുള്ള കൃഷി ഡപ്യൂട്ടി ഡയറക്ടര്‍ ഷാജി അലക്‌സാണ്ടര്‍ എന്നിവര്‍ പറഞ്ഞു.
പനമരം ബ്ലോക്കിലെ പുല്‍പള്ളി, മുളളന്‍കൊല്ലി പഞ്ചായത്തുകളും ബത്തേരി ബ്ലോക്കിലെ ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെ•േനി, മീനങ്ങാടി, അമ്പലവയല്‍ പഞ്ചായത്തുകളുമാണ് തുടക്കത്തില്‍ സവിശേഷ പുഷ്പവിള മേഖലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അമ്പലവയല്‍ മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പത്തും മാനന്തവാടി പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലെ 20ഉംഏക്കര്‍ ഭൂമിയും പുഷ്പവിള മേഖലയുടെ ഭാഗമാണ്. പ്രഥമഘട്ടത്തില്‍ 70 ഏക്കറിലാണ് പുഷ്പവിളകള്‍ കൃഷി ചെയ്യുക. ഇതില്‍ അഞ്ചു വീതം ഏക്കര്‍ അമ്പലവയല്‍ കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലും പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലുമായിരിക്കും.
പുഷ്പവിള മേഖലയില്‍ ഓര്‍ക്കിഡ്, ആന്തൂറിയം, റോസ് ഇനങ്ങളും ജെര്‍ബറ, ചെണ്ടുമല്ലി, കുറ്റിമുല്ല, വാടാമുല്ല, ഹെലിക്കോണിയ, ഗ്ലാഡിയോലസ് എന്നിവയുമാണ് കൃഷി ചെയ്യുക. പദ്ധതി നടത്തിപ്പിനു ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സ്‌കീമില്‍ 13.4 ലക്ഷം രൂപ കൃഷി വകുപ്പ് ലഭ്യമാക്കിയിട്ടുണ്ട്. ഇതേ സ്‌കീമില്‍ 34.5 ലക്ഷം രൂപ മാര്‍ച്ച് 31നകം അനുവദിക്കും. സ്‌പെഷല്‍ അഗ്രികള്‍ച്ചര്‍ സോണില്‍ ഉള്‍പ്പെടുത്തി ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റി രൂപീകരിക്കുന്നതിനു 20 ലക്ഷം രൂപ സമീപ ദിവസം ലഭിക്കും. സ്റ്റേറ്റ് ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ 8.4 രൂപ പദ്ധതിയില്‍ ഉപയോഗപ്പെടുത്തും. പോളി ഹൗസ് നിര്‍മാണത്തിനു 20ഉം നെറ്റ് ഹൗസ് നിര്‍മാണത്തിനു 40 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഈ ഫണ്ട് ആവശ്യാനുസരണം ചെലവഴിക്കും. കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്നതടക്കം പൂക്കളുടെ സംഭരണത്തിനും വിപണനത്തിനും ജില്ലയിലെ നാല് ബ്ലോക്ക് ആസ്ഥാനങ്ങളിലും ഫ്‌ളോറി കള്‍ച്ചര്‍ ഡവലപ്പ്‌മെന്റ് സൊസൈറ്റിക്കു കീഴില്‍ സംവിധാനം ഒരുക്കും.
പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലും ബത്തേരി ബ്ലോക്കിലുമായി ഇതിനകം നൂറില്‍പരം കര്‍ഷകര്‍ പുഷ്പവിള കൃഷിയില്‍ താത്പര്യം അറിയിച്ചതായി ഷാജി അലക്‌സാണ്ടര്‍ പറഞ്ഞു. ഇവര്‍ക്കുള്ള നടീല്‍ വസ്തുക്കളും സാങ്കേതിക സഹായവും സൗജന്യമായി ലഭ്യമാക്കും.
English Summary: Wayanad - special Agriculture Zone for floriculture
Share your comments