പത്തനംതിട്ട ജില്ലയിലെ ഐക്കാട് ചേന്നങ്കര പാടശേഖരത്ത് സുഗന്ധം പരത്തി ഗന്ധകശാല നെല്ല്. വയനാട്ടിലെ തനതു നെല്ലായ ഗന്ധകശാല നെല്ല് കതിരണിഞ്ഞ് നില്‍ക്കുന്ന സുഗന്ധമാണ് പ്രദേശങ്ങളിലാകെ പരക്കുന്നത്.രാവിലെ മാത്രമാണ് നെല്ലിനു സുഗന്ധം. ഗന്ധകശാലയുടെ അരിയ്ക്ക് ചന്ദനത്തിന്റെ മണമാണ്. കതിര്‍ പോളവിരിയുന്ന സമയത്ത് മാത്രമാണ് സുഗന്ധം പരക്കുന്നത്.പിന്നീട് ഇല്ലാതാകും. ബിരിയാണി അരിയുടെ ഉപയോഗത്തിനായാണ് ഗന്ധകശാല നെല്ല് കൂടുതലായും കൃഷി ചെയ്യുന്നത്. ഈ നെല്ലിനത്തിന് കേന്ദ്രസർക്കാറിന്റെ ഭൂപ്രദേശ സൂചിക രജിസ്‌ട്രേഷൻ ലഭിച്ചിട്ടുണ്ട്. ബിരിയാണി, നെയ്‌ച്ചോർ എന്നിവ തയ്യാറാക്കാനാണ് സാധാരണയായി ഈ നെല്ലരി ഉപയോഗിക്കുന്നത്. ഈ നെല്ല് ഒന്നാം വിളയ്ക്കാണ് വിളയിറക്കുന്നത്.
ചേന്നങ്കര പാടശേഖരത്ത് 2 സ്ഥലങ്ങളിലായി ഒരേക്കര്‍ സ്ഥലത്താണ് നെല്ല് കൃഷി ചെയ്തിട്ടുള്ളത്.ഇതിനുള്ള വിത്ത് വയനാട്ടില്‍നിന്ന് എത്തിച്ചു. പത്തനംതിട്ട ജില്ലയില്‍ മറ്റൊരിടത്തും ഇത്തരത്തിലുള്ള നെല്ല് കൃഷി ചെയ്തിട്ടില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു. ഇതിൻ്റെ വളർച്ചാ കാലം 160 ദിവസമാണ്. സാധാരണ നെല്ലിനെ അപേക്ഷിച്ച് ഉയരം കൂടുതൽ തുടങ്ങിയവ ഗന്ധകശാല നെല്ലിന്റെ പ്രത്യേകതകളാണ്. പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇപ്പോഴത്തെ കൃഷി. അടുത്ത തവണ കൂടുതല്‍ സ്ഥലങ്ങളില്‍ കൃഷി ചെയ്ത് ഉപയോഗപ്പെടുത്താനാണ് കര്‍ഷകരുടെ തീരുമാനം. ഇതിനു മുന്‍പ് പഞ്ചായത്തില്‍ ഈ ഇനം കൃഷി ചെയ്തിരുന്നില്ല.
Share your comments