News

വയനാട് കോഫി ബ്രാന്‍ഡിംഗിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമം ആരംഭിച്ചു: സി.കെ. ശശീന്ദ്രന്‍ എംഎല്‍എ

കല്‍പ്പറ്റ: വയനാട് കാപ്പി ബ്രാന്‍ഡ് ചെയ്യുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ ആരംഭിച്ചതായി സി.കെ. ശശീന്ദ്രന്‍ എംഎല്‍എ. അന്താരാഷ്ട്ര കാപ്പി ദിനാചരണ പരിപാടികള്‍ കല്‍പ്പറ്റ് വൈന്‍ഡ് വാലി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കര്‍ഷകരും കോഫി ബോര്‍ഡും സംസ്ഥാന സര്‍ക്കാരും സംയുക്തമായി കൈകോര്‍ത്തുകൊണ്ടുള്ള നടപടികളാണ് ആരംഭിച്ചിട്ടുള്ളത്. മന്ത്രിതലത്തില്‍ ഇതിനുള്ള ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രയോജനകരമായ നടപടികളാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മീനങ്ങാടി പഞ്ചായത്തില്‍ പൈലറ്റ് പദ്ധതിയായി ആരംഭിച്ച കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതി ജില്ലയാകെ വ്യാപിപ്പിക്കുന്നതോടുകൂടി നിലവിലുള്ള കാപ്പിയുടെ ഗുണമേന്മ വര്‍ധിക്കും. ഗുണമേന്മ വര്‍ധിച്ചാല്‍ വില നിലവാരം ഉയരും ഇതുമൂലം കൂടുതല്‍ കര്‍ഷകര്‍ കാപ്പികൃഷിയിലേക്ക് തിരിയും. ഇതിനായി കോഫി ബോര്‍ഡ് കര്‍ഷകരുമായി കൂടുതല്‍ സൗഹാര്‍ദ പരമായ സമീപനം സ്വീകരിക്കണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. വയനാട്ടില്‍ നിന്നും നൂതനമായ ഒട്ടേറെ ഇന്നവേറ്റീവ് ആശയങ്ങള്‍ കാര്‍ഷിക മേഖലയിലും ഉണ്ടാകുന്നുണ്ടെന്നും ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കൂടുതല്‍ പ്രോത്സാഹന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് ശ്രമമുണ്ടാകുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു. നബാര്‍ഡ്, കോഫി ബോര്‍ഡ്, വേവിന്‍ പ്രൊഡ്യൂസര്‍ കമ്പനി, വയനാട് ചേംബര്‍ ഓഫ് കോമേഴ്‌സ്, കോഫി ഗ്രോവേഴ്‌സ് അസോസിയേഷന്‍, വികാസ് പീഡിയ, ബിസിനസ് ദീപിക, അഗ്രികള്‍ച്ചര്‍ വേള്‍ഡ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് മൂന്നാമത് കാപ്പി ദിനാചരണ പരിപാടികള്‍ നടന്നത്. ചേംബര്‍ ഓഫ് കോമെഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു. മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി. കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കറുത്തമണി, വേവിന്‍ ചെയര്‍മാന്‍ എം.കെ. ദേവസ്യ, ബിസിനസ് ദീപിക ഏരിയ മാനേജര്‍ വി.ജെ. പ്രിന്‍സ്, അഗ്രിക്കള്‍ച്ചര്‍ വേള്‍ഡ് സബ് എഡിറ്റര്‍ കെ. കാര്‍ത്തിക, വേവിന്‍ ഡയറക്ടര്‍ കെ. രാജേഷ്, പ്രശാന്ത് രാജേഷ്, റോയി ആന്റണി, കാപ്പി കര്‍ഷക പ്രതിനിധി പ്രമോദ്, കാര്‍ഷിക ഗ്രാമവികസന ബാങ്ക് സെക്രട്ടറി ബി. സച്ചിദാനന്ദന്‍, സി.വി. ഷിബു തുടങ്ങിയവര്‍ പ്രസംഗിച്ചു. സന്‍മതിരാജ്, സി.ടി. പ്രമോദ്, വി. ശാന്ത, എം.ടി. ധന്യ, വി. ബഹനാന്‍, ജി. ഹരിലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ കമ്പനികളുടെ കാപ്പി ഉത്പന്നങ്ങളുടെ പ്രദര്‍ശനവും കാപ്പി സല്‍ക്കാരവും ഇതോടനുബന്ധിച്ച് നടത്തി.

English Summary: wayand coffee branding

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine